സ്‌നേഹമോടേകീടാം ജീവജലം.

തന്റെ ചായക്കടയിലെ തിരക്കുകള്‍ക്കിടയിലും കവലയില്‍ നടക്കുന്ന പ്രസംഗം ശ്രീധരേട്ടന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സമയം ഉച്ചയോടടുത്തിരിക്കുന്നു. സുവിശേഷ പ്രസംഗമോ മറ്റോ ആണ്. അക്രൈസ്തവനാണെങ്കിലും ബൈബിളും അതുവഴി ഈശോയും ശ്രീധരേട്ടനു പരിചിതമാണ്. ചില ബൈബിള്‍ വാക്യങ്ങള്‍ ഒക്കെ എടുത്ത് പ്രയോഗിച്ച് പ്രാസംഗികന്‍ കത്തിക്കയറുകയാണ്. കേള്‍വിക്കാരായി അയാളുടെ കൂടെ തന്നെ വന്നവരെന്നു തോന്നുന്ന ചെറിയൊരു സംഘം ആളുകള്‍ - സ്ത്രീകളും കുട്ടികളും പ്രായമായവരും ഒക്കെയുണ്ട്. 'ഈ വെയിലത്ത് നിന്ന് പ്രസംഗിക്കുന്ന ഇവനെയൊക്കെ സമ്മതിക്കണം; കടയില്‍ നിന്നൊരാള്‍ കമന്റും പാസ്സാക്കി. ശ്രീധരേട്ടന്‍ പുറത്തിറങ്ങി രംഗം ഒന്നു വീക്ഷിച്ചു. പ്രാസംഗികന്‍ കുടയുടെ തണലിലാണ്. കേള്‍വിക്കാര്‍ പൊരിവെയിലില്‍ ഉരുകിയൊലിച്ച് നില്‍ക്കുകയാണ്. ശ്രീധരേട്ടന്‍ കടക്കുള്ളിലലേയ്ക്ക് കയറി ഫ്രിഡ്ജില്‍ വച്ചിരുന്ന മിനറല്‍ വാട്ടര്‍ കുപ്പികള്‍ രണ്ട് വലിയ കൂടുകളില്‍ നിറച്ച് അവര്‍ക്കരികിലേയ്ക്ക് ചെന്നു. ദാഹിച്ചു പൊരിഞ്ഞു നിന്നിരുന്ന അവര്‍ ആ മനുഷ്യന്റെ ചുറ്റും ഓടിക്കൂടി. തന്റെ കേള്‍വിക്കാര്‍ ചിതറി മാറുന്നതു കണ്ട പ്രാസംഗികന്‍ മൈക്കിലൂടെ പറഞ്ഞു, 'പ്രശ്‌നം ഉണ്ടാക്കാതെ പോണം മിസ്റ്റര്‍' ശ്രീധരേട്ടന്‍ അയാളുടെ അടുത്തേക്ക് ചെന്ന് അയാളുടെ കയ്യില്‍ പിടിച്ചിരിക്കുന്ന ബൈബിളില്‍ തൊട്ട് പറഞ്ഞു, ഈ വിശുദ്ധഗ്രന്ഥത്തില്‍ മുഴുവന്‍ പറഞ്ഞിരിക്കുന്നത് നിന്റെ സഹോദരനെ സ്‌നേഹിക്കാനാണ്. ഞാനും അതേ ചെയ്യുന്നുള്ളൂ....' അയാള്‍ തിരിച്ച് കടയിലേയ്ക്ക് നടന്നു.

പ്രിയപ്പെട്ടവരേ, സുവിശേഷപ്രഘോഷണം ജീവിതലക്ഷ്യമാക്കി ഇറങ്ങിത്തിരിച്ചിരിക്കുന്ന ജീസസ് യൂത്തായ നാമെല്ലാവരും എങ്ങനെയാണ് സുവിശേഷം പ്രഘോഷിക്കുന്നത്? നമ്മുടെയെല്ലാം വാക്കുകളും പ്രവൃത്തികളും തമ്മില്‍ എന്തെങ്കിലും പൊരുത്തമുണ്ടോ?. വാക്കുകളില്‍ വിശുദ്ധരും പ്രവൃത്തിയില്‍ ദുഷ്ടരുമായി നമ്മള്‍ മാറുന്നുണ്ടോ?. 'പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതിനാല്‍ തന്നെ നിര്‍ജ്ജീവമാണ്.' (യാക്കോ.2-17) എന്ന തിരുവചനം മനസ്സില്‍ കുറിച്ചിടാം. ജീവിതം തന്നെ മറ്റുള്ളവര്‍ക്കു വേണ്ടി ബലിയായ് നല്‍കി സ്‌നേഹം കൊണ്ട് സുവിശേഷമായ് മാറിയ നാഥനെ നമുക്ക് മാതൃകയാക്കാം. ഓരോ ജീസസ് യൂത്തും ജീവിക്കുന്ന സുവിശേഷമായ് മാറട്ടെ...

 

സ്‌നേഹപൂര്‍വ്വം

ജോബിന്‍ അഗസ്റ്റിന്‍

എഡിറ്റര്‍ 

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 94201