യേശുവിനേയും പൗലോസിനേയും എനിക്കറിയാം.. എന്നാല്‍ നിങ്ങള്‍ ആരാണ്. ?

ഈ ചോദ്യം ഉയരുന്നത് മനുഷ്യരില്‍ നിന്നല്ല കേട്ടോ, അശുദ്ധാത്മാവില്‍ നിന്നാണ്. അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ ആണ് ഇതിന് ആസ്പദമായ സംഭവം നടക്കുന്നത്. 'പൗലോസിന്റെ കരങ്ങള്‍ വഴി ദൈവം അസാധാരണമാം വിധം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അപ്പോള്‍ രോഗം അവരെ വിട്ടുമാറുകയും അശുദ്ധാത്മാക്കള്‍ അവരില്‍ നിന്നും പുറത്തുവരികയും ചെയ്തിരുന്നു. പിശാചുബാധ ഒഴിപ്പിച്ചിരുന്ന ചില യഹൂദര്‍ പൗലോസ് പ്രസംഗിക്കുന്ന യേശുവിന്റ നാമത്തില്‍ നിന്നോട് ഞാന്‍ കല്‍പിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അശുദ്ധാത്മാക്കളുടെ മേല്‍ യേശുവിന്റെ നാമം പ്രയോഗിച്ചു നോക്കി. യഹൂദരുടെ ഒരു പ്രധാന പുരോഹിതനായ സ്‌കേവായുടെ ഏഴു പുത്രന്മാരും ഇങ്ങനെ ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ അശുദ്ധാത്മാവ് അവരോട് ഇപ്രകാരം മറുപടി പറഞ്ഞു. യേശുവിനെ എനിക്കറിയാം,  പൗലോസിനേയും അറിയാം.. എന്നാല്‍ നിങ്ങള്‍ ആരാണ്. അശുദ്ധാത്മാവ് ആവസിച്ചിരുന്ന ആ മനുഷ്യന്‍ അവരുടെ മേല്‍ ചാടിവീണ് അവരെ ആക്രമിച്ച് കീഴ്‌പ്പെടുത്തി. അവര്‍ മുറിവേറ്റ് നഗ്നരായി ആ വീട്ടില്‍ നിന്നും ഓടിപ്പോയി.' ( അപ്പ. പ്രവര്‍ത്തനങ്ങള്‍ 19 : 11-16 )

പ്രിയപ്പെട്ടവരെ, പന്തക്കുസ്താ തിരുനാളിനായി നാമെല്ലാവരും ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് മേല്‍ പറഞ്ഞ സംഭവം വളരെ കാലിക പ്രസക്തമാണെന്ന് തോന്നുന്നു. ആദ്യ പന്തക്കുസസ്തായില്‍ പരിശുദ്ധാത്മാവ് ശ്ലീഹന്മാരുടെ മേല്‍ ഇറങ്ങി വന്നു. ആ അഭിഷേകം ഇന്നും വിവിധ അപ്പസ്‌തോലിക സഭകളിലൂടെ ഇടമുറിയാത്ത കൈവെപ്പു വഴി നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ, നമ്മില്‍ എത്ര പേരുടെ ഉള്ളില്‍ ഈ ആത്മാവ് ഇന്ന് പ്രവര്‍ത്തനനിരതമാണ്. നമ്മുടെ കുടുംബജീവിതത്തിലും ജോലി മേഘലയിലും ഒക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ യേശുനാമത്തില്‍ പ്രശ്‌നങ്ങളെല്ലാം മാറി, പകരം അനുഗ്രഹം കടന്നു വരട്ടെ എന്നൊക്കെ നാം പ്രാര്‍ത്ഥിക്കാറുണ്ട്. അപ്പോഴൊക്കെ നമ്മുടെ ശത്രു നമ്മെ പരിഹാസ പൂര്‍വ്വം നോക്കിക്കൊണ്ട് ചോദിക്കുന്നുണ്ടോ.. യേശുവിനെ എനിക്കറിയാം... എന്നാല്‍ നീയാരാണെന്ന് ?

ക്രിസ്തുവില്‍ പ്രിയപ്പെട്ടവരെ, ആദ്യം നമുക്ക് ഉള്ളിലുള്ള ആത്മാവിനെ തിരിച്ചറിയാം.വിശുദ്ധീകരിക്കാം. അപ്പോള്‍ അറിയാം യേശുനാമത്തിന്റെ ശക്തി. നമ്മുടെ എല്ലാ ആത്മീയ മുന്നേറ്റങ്ങളുടെയും പരമമായ ലക്ഷ്യം ഇതായിരിക്കട്ടെ. മീറ്റിങ്ങുകളും പ്രവര്‍ത്തനങ്ങളുമായി ഓടിനടക്കുമ്പോഴും അവസാനം ഈ ചോദ്യം കേള്‍ക്കുവാനുള്ള ദയനീയാവസ്ഥ നമുക്കുണ്ടാകാതിരിക്കട്ടെ. 'എനിക്ക് യേശുവിനെ അറിയാം, ജീസസ് യൂത്ത് മുന്നേറ്റത്തെയും അറിയാം, എന്നാല്‍ നീയാരാണ്.?'

 

സ്‌നേഹത്തോടെ,

മാത്യു ഈപ്പന്‍

എഡിറ്റര്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82591