ഈ കുഞ്ഞു ജീവനെ നുള്ളിക്കളയരുതേ......

അത്യാവശ്യം പ്രാര്‍ത്ഥനാ ജീവിതവുമൊക്കെയായി മുന്നോട്ടു പോകുന്ന ഒരു സുഹൃത്തിന്റെ ഫോണ്‍കോള്‍, ഭാര്യയ്ക്ക് വിശേഷമായിട്ട് അഞ്ച് മാസമായി, ആണും പെണ്ണുമായി രണ്ടുമക്കള്‍ അവര്‍ക്കുണ്ട്. അവസാനം ചെയ്ത സ്‌കാനിങ്ങില്‍ പറഞ്ഞത്രേ കുഞ്ഞിന് അംഗവൈകല്യത്തിനുള്ള സാധ്യത ഉണ്ടെന്ന്. സുഹൃത്ത് പറഞ്ഞ മറുപടി ഇന്നും മനസ്സില്‍ പ്രകമ്പനം കൊള്ളുന്നു, കുഞ്ഞിനെ കളഞ്ഞാലോ എന്ന് അലോചിക്കുവാ... വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളോളം മക്കളില്ലാതെ ദിവസവും ഉരുകിയ മനസ്സുമായ് ദൈവത്തിന് സ്വീകാര്യമായ ബലിയര്‍പ്പിക്കുന്ന എന്റെ സുഹൃത്തുക്കളെ ഞാന്‍ ഓര്‍ത്തുപോയി.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഫ്രാന്‍സീസ് മാര്‍പ്പാപ്പ പറഞ്ഞ ഒരു കാര്യം വളരെ ശ്രദ്ധിക്കപ്പെട്ടു. സാത്താനുമായി സംഭാഷണം അരുത് എന്നായിരുന്നു അതിന്റെ കാതല്‍. പാപ്പ പറഞ്ഞു, നുണകളുടെ പിതാവാണ് സാത്താന്‍. മനുഷ്യരെ കബളിപ്പിക്കുന്നതില്‍ വിദഗ്ദനാണെന്ന് അവന്‍ തെളിയിച്ചുകൊണ്ടേയിരിക്കുന്നു. സാത്താന്‍ തന്റെ സംഭാഷണങ്ങളിലൂടെ നമ്മെ പടിപടിയായ് ദുഷിപ്പിക്കുകയും പാപത്തിലേയ്ക്ക് തള്ളി വീഴ്ത്തുകയും ചെയ്യുന്നു.

പ്രിയപ്പെട്ടവരേ, ഗര്‍ഭഛിദ്രം ഒരു മാരക പാപമാണെന്ന് സഭ പഠിപ്പിക്കുന്നുണ്ടെങ്കിലും സഭയുടെ മക്കള്‍ അതിനെ ലഘൂകരിച്ച് കാണാറുണ്ട്. ഇതിന് കാരണം, ഗര്‍ഭഛിദ്രത്തിന് കാരണമായേക്കാവുന്ന സാഹചര്യങ്ങളും ന്യായവാദങ്ങളും ആണ്. ന്യായവാദങ്ങള്‍ പടിപടിയായ് നമ്മില്‍ കുത്തിവെയ്ക്കുന്നത് സാത്താനാണ്. ഇതിനായി അവന്‍ നമ്മുടെ കൂടെ നില്‍ക്കും. പക്ഷേ, ഗര്‍ഭഛിദ്രത്തിന് ശേഷം ആ വ്യക്തികളിലേയ്ക്ക് വരുന്ന ജീവിതദുരന്തങ്ങളില്‍ അവനെ കാണില്ല. ദയവായി ദുരന്തങ്ങളെ ക്ഷണിച്ചുവരുത്താതിരിക്കാം. വിശുദ്ധ ജിയാനയുടെ ജീവിത ശൈലി നമ്മെ പഠിപ്പിക്കട്ടെ. ഗര്‍ഭഛിദ്രത്തിലൂടെ അതിക്രൂരമായി കൊലചെയ്യപ്പെട്ട നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെ വേദനയോടെയും പ്രാര്‍ത്ഥനയോടെയും ഓര്‍ത്തുകൊണ്ട്.

 

മാത്യു ഈപ്പന്‍

എഡിറ്റര്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109957