സമാധാനം ലഭിക്കാനായി ചില നഷ്ടങ്ങള്‍

വായിച്ചപ്പോള്‍ ഒത്തിരിയേറെ സ്പര്‍ശിച്ച ഒരു കഥ നിങ്ങളുമായി പങ്കുവയ്ക്കട്ടെ. ഒരു പര്‍വ്വതാരോഹകന്‍ ആണ് കഥാപാത്രം. മലകയറ്റത്തിനിടയില്‍ ഒരിടത്ത് വച്ച് അയാള്‍ക്ക് കാല്‍ വഴുതി, താഴെ അഗാധമായ കൊക്ക. അതിവേഗം താഴേയ്ക്കു വീണുകൊണ്ടിരിക്കുകയാണ്. സമയം രാത്രിയായിരിക്കുന്നു. എവിടെയോവച്ച് അയാള്‍ക്ക് ഒരു പിടിവള്ളി കിട്ടി ആ ചരടില്‍ പിടിച്ച് ഉറക്കെ നിലവിളിച്ചു, 'ദൈവമേ എന്നെ എങ്ങിനെയങ്കിലും രക്ഷപ്പെടുത്തണമേ'. ദൈവം പ്രത്യക്ഷപ്പെട്ടരുള്‍ച്ചെയ്തു, നീ പിടിച്ചിരിക്കുന്ന ചരടില്‍ നിന്നും പിടിവിടുക. അയാള്‍ പറഞ്ഞു, വേണ്ട എന്നിട്ടു വേണം ഞാനീ അഗാധത്തിലേയ്ക് വീണു മരിക്കാന്‍. ദൈവം നിസ്സഹായനായി. നേരം പുലര്‍ന്നപ്പോള്‍  അദ്ദേഹം താഴേക്ക് നോക്കി. അയാളും ഭൂമിയും തമ്മില്‍ ആറടി വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുളളു. അയാളുടെ ആശങ്കയ്ക്കും  സന്തോഷത്തിനും ഇടയില്‍ കേവലം ആറടി ദൂരം മാത്രം.

പ്രിയപ്പെട്ടവരെ സമാധാനം ആഗ്രഹിക്കാത്തവരായി ആരുമില്ല. എല്ലാവര്‍ക്കും വേണം സമാധാനവും, സന്തോഷവും. എന്നാല്‍, ഈ സമാധാനം നമ്മുടെ ജീവിതത്തില്‍ നമ്മള്‍ അനുഭവിക്കണമെങ്കില്‍ നമ്മളെ നമ്മള്‍ത്തന്നെ ബന്ധിച്ചിരിയ്ക്കുന്ന ചില ചരടുകള്‍, നമ്മുടെ ശരീരത്തിന്റെ ഭാഗമായി മാറിയ തഴക്കശീലങ്ങളുടെ ചരടുകള്‍ നമ്മളുടെ സ്വാര്‍ത്ഥതയുടെ ചരടുകളില്‍ നിന്നും നാം പിടിവിടേണ്ടിയിരിക്കുന്നു. തിരുവചനത്തില്‍ ക്രിസ്തു സമാധാനത്തെപ്പറ്റി വ്യത്യസ്ഥമായ രീതിയില്‍ പറഞ്ഞിട്ടുണ്ട്. ഒരിടത്തു പറയുന്നു. 'ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു... (യോഹ. 14:27). മറ്റൊരിടത്തു പറയുന്നു 'ഭൂമിയല്‍ സമാധാനം നല്‍കാനാണ് ഞാന്‍ വന്നിരിക്കുകന്നതെന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ അല്ല ഭിന്നത എന്നു ഞാന്‍ നിങ്ങളോടു പറയുന്നു... (ലൂക്ക 12:51).

പ്രിയപ്പെട്ടവരെ ക്രിസ്തു ആഗ്രഹിക്കുന്ന ശിഷ്യത്വത്തിനും അതുവഴിലഭിക്കുന്ന സമാധാനത്തിനും നമ്മള്‍ കൊടുക്കേണ്ട വിലയാണ് സ്വന്തം ഭവനത്തിലും സമൂഹത്തിലും നമ്മള്‍ക്ക് ലഭിക്കാവുന്ന വേര്‍തിരിയ്ക്കപ്പെടലിന്റെ ഭിന്നത. ലോകത്തിലുള്ള സകലമനുഷ്യരും ഈയോരു വേര്‍തിരിക്കപ്പെടലിലൂടെ കടന്നു പോകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അപ്പോള്‍ സാവധാനം ഭിന്നത അവസാനിക്കുകയും സമാധാനം ഉടലെടുക്കുകയും ചെയ്യുന്നു. ഈയൊരു  സമയത്താണ് ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയുന്നതും, സിംഹം വൈക്കോല്‍ തിന്നുന്നതും ആ സമയത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട്.  

സ്‌നേഹത്തോടെ 

മാത്യൂ ഈപ്പന്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82589