തിയറിയില്‍ ജയിച്ച് പ്രാക്ടിക്കലില്‍ തോല്‍ക്കുന്നവര്‍

നദിയുടെ നടുവില്‍വച്ചാണ് അതുസംഭവിച്ചത്. മറിഞ്ഞ തോണിയില്‍നിന്നും കടത്തുകാരന്‍ നീന്തി കരയിലേക്ക് കയറി. എന്നാല്‍ കുടുങ്ങിപ്പോയത് കൂടെയുണ്ടായിരുന്ന പണ്ഡിതനാണ്. യാത്രക്കിടയില്‍ കടത്തുവഞ്ചിയില്‍ നദി കടന്നതാണ്; വഞ്ചിയില്‍വച്ചു കിട്ടിയ സമയം പാണ്ഡിത്യമില്ലാത്ത കടത്തുകാരനെ പരിഹസിക്കുന്നതിനും കുറ്റപ്പെടുത്തുന്നതിനും മാത്രമാണ് അദ്ദേഹം ചിലവഴിച്ചത്. ഓരോ ചോദ്യത്തിനും ഉത്തരമില്ലാതെ പകച്ചുപോയ കടത്തുകാരനോട് അയാളുടെ ജീവിതത്തിന്റെ നഷ്ടപ്പെട്ടുപോയ ശതമാനകണക്ക് നിരത്തിയായിരുന്നു നമ്മുടെ പണ്ഡിതന്റെ വിനോദം. എന്നാല്‍ അപകടത്തില്‍പ്പെട്ട് വഞ്ചി മറിയുന്നതിനു തൊട്ടു മുമ്പ് കടത്തുകാരന്‍ തിരിച്ചു ചോദിച്ച ഒരൊറ്റ ചോദ്യത്തില്‍ പണ്ഡിതന്റെ ജീവിതം നൂറുശതമാനം അവസാനിക്കുന്നതായിരുന്നു.  ചോദ്യമിതായിരുന്നു, താങ്കള്‍ക്ക് നീന്തല്‍ അറിയാമോ?  'അറിയില്ല' എന്ന ആ മനുഷ്യന്റെ ദയനീയമായ മറുപടിയും നിലവിളിയുമെല്ലാം ആ നദിയില്‍ അവസാനിച്ചു.

പ്രിയപ്പെട്ടവരേ, നമ്മുടെ ആത്മീയ ജീവിതത്തില്‍ നമുക്ക് തിയറിയും വേണം, അതോടൊപ്പം അത് പ്രായോഗിക ജ്ഞാനവും വേണം. ക്രിസ്തുവിന് തന്റെ ശിഷ്യന്മാരില്‍ മൂന്നുപേരുടെ സാമീപ്യത്തില്‍ മലയില്‍വച്ച് രൂപാന്തരീകരണം നടക്കുന്നുണ്ട്. അവന്റെ മഹത്വംകണ്ട് ആകൃഷ്ടനായ പത്രോസ് പറയുന്നു. ഓരോ കൂടാരങ്ങള്‍ നിര്‍മ്മിച്ച് നമുക്ക് എപ്പോഴും ഇവിടെ ഈ മഹത്വത്തില്‍ തന്നെ ആയിരിക്കാം. ഒരൊറ്റ നിമിഷംകൊണ്ട് മലയുടെ താഴെ തങ്ങളെ കാത്തിരിക്കുന്നവരേയും തന്റെ ദൗത്യങ്ങളേയും എല്ലാം അവന്‍ മറക്കുകയാണ്.

സ്‌നേഹിതരേ, ശേഷം സംഭവിച്ചതും നമുക്ക് വിശുദ്ധ ഗ്രന്ഥത്തില്‍ കാണാം. ക്രിസ്തു അവരേയും കൂട്ടിക്കൊണ്ട് താഴ്‌വരയിലേക്ക് മടങ്ങുകയാണ്. പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ താഴ്‌വര. ഇവിടെയാണ് എന്റെ പ്രവൃത്തിപരിചയ പരീക്ഷ. ഓരോ ദിവസത്തെയും എന്റെ മണിക്കൂറുകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനനുസരിച്ചിരിക്കും എന്റെ ആത്മീയ ജയവും തോല്‍വിയും. നമുക്ക്, കര്‍ത്താവേ, കര്‍ത്താവേ എന്ന് വിളിക്കുന്നവരും, ഒപ്പംതന്നെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റാന്‍ ശ്രമിക്കുന്നവരും ആകാം.

സ്‌നേഹത്തോടെ,

മാത്യു ഈപ്പന്‍

സബ് എഡിറ്റര്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82589