വിശുദ്ധിയിലൂടെ മുന്നേറാം

നമ്മള്‍ സമൂഹത്തിലെ പ്രമുഖരായ പല വ്യക്തികളുടേയും ജീവചരിത്രം അറിയുകയും മനസ്സിലാക്കുകയും അവര്‍ സഞ്ചരിച്ച വഴികള്‍, താണ്ടിയ ഉയര്‍ച്ചകള്‍ തുടങ്ങി പലതും നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കുന്നവരായിരിക്കാം. ഈ അനുകരണവും ശ്രമവും ചിലപ്പോള്‍ നമ്മുടെ ഭൗതീക മേഖലയിലുള്ള ഉയര്‍ച്ചയ്ക്ക് കാരണമായെന്നും വരാം.

ക്രിസ്ത്യാനികളെന്ന് അഭിമാനിക്കുന്ന നമുക്ക്, ഇതുപോലെ അനുകരിക്കുവാന്‍ സഭ പല അതിവിശിഷ്ട വ്യക്തികളെയും മാതൃകയായി നല്കിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടവരാണ് വിശുദ്ധര്‍. ചില വിശുദ്ധര്‍ ചെറുപ്പം മുതല്‍തന്നെ അതിവിശുദ്ധജീവിതം നയിച്ച് സ്വര്‍ഗ്ഗരാജ്യം കരസ്ഥമാക്കിയവരാണ്. എന്നാല്‍, വിശുദ്ധ അഗസ്തീനോസിനെപ്പോലുള്ള വിശുദ്ധര്‍ ഈലോകജീവിതസുഖമാണ് ഏറ്റവും വലുതെന്നു കരുതി. യൗവനകാലത്ത് ആഢംബരത്തില്‍ മുഴുകി ജീവിക്കുവാന്‍ ആഗ്രഹിക്കുകയും എന്നാല്‍, ഈലോകസുഖങ്ങളുടെ നൈമിഷികത തിരിച്ചറിഞ്ഞ്, നിത്യജീവന്‍ കരസ്ഥമാക്കുവാന്‍ തങ്ങളുടെ
പിന്നീടുള്ള ജീവിതം മാറ്റിവച്ച് വിശുദ്ധപദവിയില്‍ എത്തിയവരാണ്.

നമുക്കൊന്നു ചിന്തിക്കാം; എന്റെ ഓട്ടവും, പ്രയത്‌നവും ഈ നശ്വരമായ ലോകത്തിനുവേണ്ടിയാണോ അതോ സ്വര്‍ഗ്ഗരാജ്യത്തിലെത്തുവാനുള്ള പ്രയത്‌നമാണോയെന്ന്? ക്ലേശങ്ങളിലൂടെയും, സഹനങ്ങളിലൂടെയും, പ്രലോഭനങ്ങളിലൂടെയും കടന്നുപോകാത്ത ഒരു വിശുദ്ധനും വിശുദ്ധയും ഇല്ല. എന്നാല്‍, അവര്‍ ഒഴുക്കിനനുകൂലമായി നീങ്ങാതെ ഒഴുക്കിനെതിരെ നീന്തി എല്ലാ ജീവിത സാഹചര്യങ്ങളേയും ദൈവേഷ്ടം നിറവേറ്റുവാന്‍ മാത്രം മാറ്റിവച്ചവരാണ്.

പലപ്പോഴും നമ്മെ വിശുദ്ധ ജീവിതം നയിക്കുന്നതില്‍നിന്നും പിന്നോട്ട് വലിക്കുന്ന പ്രധാന കാരണം, ഈ ലോകത്തോടുള്ള മമതയും, സ്വര്‍ഗ്ഗം എന്ന ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള അജ്ഞതയോ അവഗണനയോ ആയിരിക്കാം. ലോകയുവജനസമ്മേളനത്തില്‍വെച്ച് ബെനഡിക്റ്റ് 16-മന്‍ പിതാവ് യുവജനങ്ങളോട് പറയുകയുണ്ടായി, 'യുവാക്കളേ, നിങ്ങള്‍ ക്രിസ്തുവിനു സാക്ഷ്യം നല്‍കാന്‍ ഭയപ്പെടേണ്ട' എന്ന്.

ഒരു വ്യക്തിയെന്ന നിലയില്‍ സമൂഹത്തിനും സഭയ്ക്കും നമുക്ക് സമ്മാനമായി തിരികെ നല്കുവാന്‍ സാധിക്കുന്നത് നമ്മുടെ ജീവിതവിശുദ്ധിയും നമ്മുടെ ജീവിതമാതൃകവഴി മറ്റു ള്ളവരേയും ക്രിസ്തുവിലേക്ക് ക്ഷണിക്കുകയെന്നതുമാണ്. ഈ ലോകത്തില്‍ കോടി ക്കണക്കിനു ജനങ്ങള്‍ ജീവിച്ച് മണ്‍മറഞ്ഞുപോയിട്ടുണ്ട്. എന്നാല്‍ വിശുദ്ധജീവിതം നയിച്ച് ദൈവരാജ്യം പ്രഘോഷിച്ച് കടന്നുപോയ ഒരു വ്യക്തിയെപ്പോലും സഭ ഓര്‍ക്കാതിരിക്കു ന്നില്ല. ഇനിയും വരാനിരിക്കുന്ന തലമുറയ്ക്കും നമ്മുടെ ജീവിതം പ്രചോദനമാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. 'പുല്ലു കരിയുന്നു; പുഷ്പം വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമാകട്ടെ എന്നേക്കും നിലനില്‍ക്കും.' (ഏശയ്യാ 40:8)

സ്‌നേഹപൂര്‍വ്വം,
ഷാബു ചുമ്മാര്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109957