നന്മനിറഞ്ഞ മറിയമേ.......

പരിശുദ്ധ അമ്മയോടുള്ള ജപമാലഭക്തി ക്രിസ്തീയ ജീവിതത്തിന്റെ അടിത്തറയാണ്. പരിശുദ്ധ മാതാവ് വിശുദ്ധ ഡൊമിനിക്കിന് പ്രത്യക്ഷപ്പെട്ട് ജപമാലഭക്തി പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തെ ബോധ്യപ്പെടുത്തിക്കൊടുത്തു. പ്രത്യേകിച്ച് പാപികളുടെ മാനസാന്തരത്തിനായി  ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍, അത് പ്രചരിപ്പിക്കുവാന്‍ അദ്ദേഹത്തോടാവശ്യപ്പെട്ടു. തല്‍ഫലമായി അനേകായിരങ്ങള്‍ തങ്ങളുടെ പാപകരമായ ജീവിതം വെറുത്തുപേക്ഷിച്ച് മാനസാന്തരത്തിലേക്ക് കടന്നുവരുവാനിടയായി. കാലാകാലങ്ങളില്‍ പരിശുദ്ധ മാതാവ് നിരവധി ദൈവമക്കള്‍ക്കു പ്രത്യക്ഷപ്പെട്ട് ജപമാലഭക്തി പ്രചരിപ്പിക്കുവാനാവശ്യപ്പെടുന്നു.

ഈകാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യംചെയ്യപ്പെടുന്ന, വിമര്‍ശിക്കപ്പെടുന്ന ഒന്നാണ് ജപമാലഭക്തി. അനേകം മക്കളെ തെറ്റിധരിപ്പിച്ച് ജപമാലഭക്തി ഉപേക്ഷിക്കുവാന്‍ ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നു. കാരണം ജപമാലഭക്തി ഉപേക്ഷിക്കുന്നതോടെ സാത്താന്റെ അടിമത്വത്തില്‍ ദൈവമക്കള്‍ നിപതിക്കുവാന്‍ ഇടയായിത്തീരും. ഈ ലോകത്തില്‍ സാത്താന്‍ ഏറ്റം കൂടുതല്‍ ഭയപ്പെടുന്നത് ഭക്തിയോടെ ദൈവമക്കള്‍ ജപമാലയര്‍പ്പിക്കന്നതാണ്. അവന്റെ ഒരു കുടിലതന്ത്രങ്ങളും ഭക്തിയോടെ ജപമാലയര്‍പ്പിക്കുന്ന ദൈവമക്കള്‍ക്ക് ഏല്‍ക്കുകയില്ല. അതിനാല്‍ ജപമാലഭക്തി ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെടുന്നവര്‍ സാത്താന്റെ ബന്ധനത്തില്‍ കഴിയുന്നവര്‍ ആണെന്നുള്ളതില്‍ സംശയമില്ല. വിശ്വാസത്തോടെ ജപമാല അര്‍പ്പിക്കുമ്പോള്‍ പരിശുദ്ധ അമ്മയും, അനേകായിരം മാലാഖാവൃന്ദങ്ങളും നമ്മോടൊപ്പമുണ്ടായിരിക്കും. പരിശുദ്ധ അമ്മ എവിടെ സന്നിഹിതയാണോ അവിടെ തന്റെ പുത്രനായ യേശുക്രിസ്തുവും, എവിടെ ക്രിസ്തു സന്നിഹിതനാണോ അവിടെ പിതാവിന്റെയും, പരിശുദ്ധാത്മാവിന്റെയും സാന്നിധ്യവുമുണ്ടായിരിക്കും. ഓരോ ജപമാലയര്‍പ്പണ വേളയും സ്വര്‍ഗ്ഗീയാനുഭവം തരുന്ന പ്രാര്‍ത്ഥനയാണ്. അപ്പോള്‍ സാത്താന്‍ ഭയന്നുവിറച്ച് നമ്മില്‍ നിന്നോടിയകലും.

ജപമാല (Rosary) എന്നതിനര്‍ത്ഥം Crown of Roses എന്നാണ്. ഓരോ ജപമാലരഹസ്യവും ഓരോ റോസാപുഷ്പങ്ങള്‍ നമ്മള്‍ മാതാവിന്റെയും, ഈശോയുടെയും കിരീടത്തില്‍ ചൂടുകയാണ്.അങ്ങനെ അനേകം ജപമാലകള്‍ അര്‍പ്പിക്കുമ്പോള്‍ എത്രമനോഹരമായ റോസാപ്പൂ കൊണ്ടുള്ള കിരീടം അണിയിക്കാന്‍ നമുക്കു സാധിക്കും. റോസാപ്പൂവിനെ വിശേഷിപ്പിക്കുന്നത് പൂക്കളുടെ രാജ്ഞി (Queen of Flowers) എന്നാണ്. ജപമാല പ്രാര്‍ത്ഥന ദൈവസന്നിധിയില്‍ ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ത്ഥനയാണ്. ജപമാലയുടെ ഓരോ രഹസ്യവും ദൈവവചനം ഏറ്റുപറച്ചിലാണല്ലോ.

ജപമാല അര്‍പ്പിക്കാതെ ഒരു ദിവസം പോലും കിടന്നുറങ്ങുവാന്‍ നമുക്കിടയാവാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം. അതുപോലെ അനേകരിലേക്ക് ജപമാലഭക്തി നമുക്കു പ്രചരിപ്പിക്കാം. പരിശുദ്ധ അമ്മയുടെ വലിയ മാധ്യസ്ഥം നമ്മിലുണ്ടാകട്ടെ.
   
സ്‌നേഹപൂര്‍വ്വം
ഷാബു ചുമ്മാര്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82589