നീരുറവതേടി

നമ്മില്‍ പലരും വളരെ വലിയ സ്വപ്നം കണ്ടുകൊണ്ടായിരിക്കാം നാമിപ്പോള്‍ ആയിരിക്കുന്ന ഈസ്ഥലത്ത് ജോലിയ്ക്കായി വന്നിരിക്കുന്നത്. നമ്മള്‍ നാട്ടില്‍ ആയിരുന്നപ്പോഴുള്ള നമ്മുടെ ചിന്ത എങ്ങനെയെങ്കിലും ഗള്‍ഫിലോ, അമേരിക്കയിലോ, യൂറോപ്പിലോ, മറ്റു വിദേശ രാജ്യത്തോപോയി അവിടെ ജോലി ചെയ്ത് വളരെയധികം ഭൗതിക സമ്പത്ത് സ്വരൂപിക്കണമെന്നായിരിക്കാം. തീര്‍ച്ചയായും അങ്ങനെ ഇവിടെയെത്തിയ നമ്മില്‍ ഭൂരിഭാഗം പേര്‍ക്കും വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും ഭൗതികമേഖലയില്‍ ഉയര്‍ച്ചകൈവരിക്കുവാന്‍ സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും എവിടെയോ നമ്മുടെ ഉള്ളിന്റെയുള്ളില്‍ ഒരു ശൂന്യത, എന്തിനോവേണ്ടിയുള്ള ദാഹം നിലനില്‍ക്കുന്നു. ഈ ദാഹം ശമിപ്പിക്കുവാന്‍ ലോകത്തിലുള്ള ഒരു ഭൗതിക വസ്തുക്കള്‍ക്കും കഴിയുകയില്ലയെന്നത് സത്യമാണ്.  'യേശു പറഞ്ഞു: ഈ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും. എന്നാല്‍, ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും'. യോഹന്നാന്‍ 4:13,14

ക്രിസ്തുവാകുന്ന ജീവന്റെ ഉറവയെത്തേടിക്കണ്ടെത്തുവോളം മനുഷ്യന്റെ ദാഹം ശമിക്കുന്നില്ല. ഭൗതികസമ്പത്ത് സ്വരുക്കൂട്ടുന്നതിലുള്ള വ്യഗ്രതയില്‍ നമ്മില്‍പ്പലരും ക്രിസ്തുവാകുന്ന നീരുറവയെ മറന്നു പോകുന്നു, അല്ലെങ്കില്‍ മാറ്റിനിര്‍ത്തുന്നു. ഈലോക ജീവിതത്തിനുശേഷം, സ്വര്‍ഗ്ഗമാകുന്ന നിത്യസമ്മാനത്തിലെത്തിപ്പെടുവാന്‍ വിളിക്കപ്പെട്ടവരാണ് നാമെല്ലാവരും. അതിനു നമ്മുടെ ഭാഗത്തുനിന്ന്, പ്രയത്‌നവും, പ്രാര്‍ത്ഥനയും ആവശ്യമാണ്. ഭൗതിക സമ്പത്ത് നേടാന്‍ കാണിക്കുന്നതിന്റെ ഇരട്ടി തീക്ഷ്ണതയോടെ നമുക്ക് തമ്പുരാന്റെ സന്നിധിയിലണയാം. 'നിങ്ങള്‍ ഈലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണവു മായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും'
(റോമാ. 12:12)

ദൈവകൃപ നമ്മില്‍ വര്‍ഷിക്കപ്പെടാന്‍ പ്രാര്‍ത്ഥിക്കാം.
   
സ്‌നേഹപൂര്‍വ്വം
ഷാബു ചുമ്മാര്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82589