ഏകനായി...

    ഈ ലോകം കീഴടക്കാനായി ഇറങ്ങിത്തിരിച്ച പല ചക്രവര്‍ത്തിമാരുടെയും, സ്വേച്ഛാധിപതികളുടെയും ജീവിതാന്ത്യം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്നാണ് മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ  ജീവചരിത്രം. വളരെ ചെറുപ്പത്തില്‍ത്തന്നെ രാജ്യഭരണം ഏറ്റെടുത്ത അദ്ദേഹം പിന്നീടുള്ള തന്റെ ഭരണകാലയളവില്‍ മറ്റുരാജ്യങ്ങളെ ആക്രമിച്ചു കീഴ്‌പ്പെടുത്തുവാന്‍ ഇറങ്ങിത്തിരിക്കുകയും ഒരുപരിധിവരെ അതില്‍ വിജയം  കണ്ടെത്തുകയും ചെയ്തു. അങ്ങനെ വളരെ ധനവാനായി മാറിയ അദ്ദേഹം തന്റെ ജീവിതാവസാന വേളയില്‍ രോഗശയ്യയില്‍വെച്ച് തന്റെ സൈനികമേധാവിയോടു മൂന്ന് അന്ത്യാഭിലാഷങ്ങള്‍ വിവരിച്ചത് ഇപ്രകാരമാണ്;
1)     എന്റെ ശവമഞ്ചം അന്ത്യവിശ്രമത്തിനായി കബറിടത്തിലേക്ക് വഹിച്ചുകൊണ്ടുപോകേണ്ടത് എന്നെ ചികിത്സിച്ച പ്രഗത്ഭരായ  ഡോക്ടര്‍മാരായിരിക്കണം.
2)     ഞാന്‍ സമ്പാദിച്ചു സ്വരുക്കൂട്ടിവച്ചിരിക്കുന്ന നാണ്യവും, മറ്റു വിലപിടിപ്പുള്ള രത്‌നങ്ങളും എന്റെ ശവമഞ്ചം കടന്നുപോകുന്ന വഴിയില്‍ വിതറണം.
3)     എന്റെ ഇരുകൈകളും  ശവമഞ്ചത്തിനു പുറത്തു എല്ലാവരും  കാണുന്ന വിധത്തില്‍ വെയ്ക്കണം.

എന്തിനുവേണ്ടിയാണു താങ്കള്‍ ഇപ്രകാരം കല്‍പ്പിക്കുന്നതെന്ന് സൈന്യാധിപന്‍ ചോദിച്ചപ്പോള്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി  കൊടുത്ത ഉത്തരം വളരെ പ്രസക്തമാണ്;

1)     ഈലോകത്തിലുള്ള ഒരു ഡോക്ടര്‍ക്കും, ഔഷധങ്ങള്‍ക്കും മരണമെന്ന യാഥാര്‍ത്ഥ്യത്തെ തടഞ്ഞുനിര്‍ത്തുക സാധ്യമല്ല.
2)     താന്‍ സമ്പാദിച്ച സ്ഥാനമാനങ്ങളും, നാണ്യവും, വിലപിടിപ്പുള്ള രത്‌നങ്ങളുമെല്ലാം ഈ ലോകത്തില്‍ത്തന്നെ ഉപേക്ഷിച്ചു പോകേണ്ടതാണെന്നുള്ള സത്യം ലോകത്തെ അറിയിക്കുവാന്‍,
3)     വെറും കൈയ്യോടെയാണ് താന്‍ ഈ ലോകത്തിലേക്കു  പിറന്നുവീണത്; വെറും കൈയ്യോടെതന്നെയാണ് തിരിച്ചു പോകുന്നതുമെന്നുള്ള സത്യം മറ്റുള്ളവര്‍ക്ക് മനസ്സിലാകുവാന്‍.

നമുക്കൊന്നു വിചിന്തനം ചെയ്യാം; നമ്മുടെ ഈ ജീവിതമാകുന്ന ഓട്ടം എന്തു ലക്ഷ്യത്തോടുകൂടിയാണെന്നുള്ളത്? പലരും  ഏതു വിധേനയും ധാരാളം ഭൗതികസ്വത്തു സമ്പാദിക്കുവാനും,  സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കുവാനും അധികഠിനമായി അദ്ധ്വാനിക്കുന്നു. പക്ഷെ ഈ അദ്ധ്വാനത്തിന്റെ നശ്വരത നമ്മില്‍ പലര്‍ക്കും മനസിലാകുന്നില്ലയെന്നതു  യാഥാര്‍ത്ഥ്യമാണ്. അന്യായമായി നേടിയ സ്വത്തും, സ്ഥാനമാനങ്ങളും  ഓരോരുത്തരുടെയും ജീവിതാന്ത്യവേളയില്‍ ഒരു നോക്കു കുത്തിയായി മാത്രം അവശേഷിക്കുന്നു. അതിനൊന്നും അവരെ വരാനിരിക്കുന്ന ശുഭമായ നിത്യജീവിതത്തിലേക്ക് കൊണ്ടെത്തിക്കുക സാധ്യമല്ല. ക്രിസ്തുവിന്റെ പാത പിന്തുടരുന്ന ജീവിതങ്ങള്‍ക്കുമാത്രമേ  തന്റെ ഈലോകജീവിതത്തിലും, വരാനിരിക്കുന്ന ജീവിതത്തിലും ശാന്തിയും, സമാധാനവും ലഭിക്കുകയുള്ളൂ. ഇനിയുള്ള നമ്മുടെ ഓട്ടം നിത്യജീവനെ ലക്ഷ്യമാക്കി  ഓടുവാനും
അതില്‍ വിജയം കണ്ടെത്തുവാനും നമുക്ക് പരിശ്രമിക്കാം; അതിനായി പ്രാര്‍ത്ഥിക്കാം.  ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അതുകൊണ്ട് അവന് എന്തു പ്രയോജനം?  (മാര്‍ക്കോസ്. 8:36)

    ക്രിസ്തു നമ്മെ അനുഗ്രഹിക്കട്ടെ.
സ്‌നേഹപൂര്‍വ്വം
ഷാബു ചുമ്മാര്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82589