ഈ ജീവിതം എന്റെ കര്‍ത്താവിനായ്

നമ്മുടെ സ്രഷ്ടാവും നമ്മളുമായുള്ള വ്യക്തിപരമായ ബന്ധം എങ്ങനെയെന്നു ഒന്നുവിലയിരുത്തുന്നതു നന്നായിരിക്കും. അതിനു അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് വ്യക്തിപരമായ പ്രാര്‍ത്ഥന. സ്‌നേഹിക്കുന്ന വ്യക്തിയുമായി എപ്പോഴും അടുത്തായിരിക്കുവാന്‍ ആത്മാര്‍ത്ഥമായി നാം ആഗ്രഹിക്കുന്നു. ദൈവം നമ്മില്‍നിന്ന് ആഗ്രഹിക്കുന്നത് എല്ലാറ്റിനുമുപരിയായി അവിടുത്തെ സ്‌നേഹിക്കണമെന്നാണ്. ആ സ്‌നേഹത്തില്‍ നിലനില്‍ക്കുവാനായി നമ്മുടെ കര്‍ത്താവുമായി അനുദിന ബന്ധം നാം നിലനിര്‍ത്തണം. നമ്മില്‍ പലര്‍ക്കും പലവിധ ജീവിതത്തിരക്കിനിടയില്‍ തമ്പുരാനോടൊത്ത് കുറച്ചു സമയമെങ്കിലും ശാന്തതയോടെയിരിക്കുവാന്‍ സാധിക്കുന്നുണ്ടോ? ക്രമേണ നമുക്ക് വ്യക്തമാകും തമ്പുരാനോടുള്ള നമ്മുടെ സ്‌നേഹത്തിന്റെ അളവ് എത്രമാത്രമാണെന്ന്.

വിമാനം റണ്‍വേയില്‍നിന്ന് പറന്നുയരുമ്പോള്‍മുതല്‍ അതിന് കണ്‍ട്രോള്‍റൂമുമായി ബന്ധമുണ്ടായിരിക്കും. ആ ബന്ധം നിലനില്‍ക്കുന്നിടത്തോളം വിമാനത്തിന് ദിശ തെറ്റാതെ ലക്ഷ്യസ്ഥാനത്തെത്തുവാന്‍ സാധിക്കുന്നു. എന്നാല്‍ ചിലസന്ദര്‍ഭങ്ങളില്‍ വിമാനത്തിന് കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയും ദിശതെറ്റി വലിയ അപകടത്തില്‍ ചെന്നുവീഴുകയും ചെയ്യുന്നു. അതുപോലെ നമ്മുടെ സ്രഷ്ടാവുമായി നമുക്കുള്ള വ്യക്തിപരമായ ബന്ധം നിലനില്‍ക്കുമ്പോള്‍ നമ്മുടെ ലക്ഷ്യം തെറ്റാതെ തമ്പുരാന്‍ നമ്മെ നയിക്കും. അല്ലെങ്കില്‍ നൈമിഷികമായ ലോകസുഖങ്ങങ്ങളില്‍ ദിശതെറ്റി നാശത്തില്‍ നാം നിപതിക്കും.

ദൈവം നമ്മെ ഓരോരുത്തരെയും പ്രത്യേക ദൗത്യം നല്‍കിയാണ് ഈ ലോകത്തിലേക്കയച്ചിരിക്കുന്നത്. ക്രിസ്തുവിനു സാക്ഷിയായ് ജീവിക്കുകയെന്നതാണത്. ഈ ദൗത്യത്തില്‍ നാം വിമുഖത കാണിക്കുമ്പോള്‍ ദൈവം നമ്മെ ഭരമേല്പിച്ച  ദൗത്യം പൂര്‍ത്തിയാക്കുവാന്‍ നമുക്കു സാധിക്കാതെ വളരെ ഹ്രസ്വമായ ഈ ലോകജീവിതം അവസാനിപ്പിച്ച് സ്വര്‍ഗ്ഗരാജ്യത്തിന്റെ പടവുകള്‍ കയറാന്‍ യോഗ്യരല്ലാതായി നാം നാശത്തില്‍ നിപതിക്കുകയും ചെയ്യുന്നു.

    ' ഈ ഒരായുസേ നമുക്കുള്ളു സോദരാ ദൈവത്തെ ആരാധിക്കാന്‍
      ഈ ഒരായുസേ നമുക്കുള്ളു സോദരാ ദൈവത്തിനായി ജീവിക്കാന്‍'

    ക്രിസ്തു നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.


സ്‌നേഹപൂര്‍വ്വം
ഷാബു ചുമ്മാര്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109834