കാറ്റത്ത് പറന്നു പോകാത്തവര്‍

കുട്ടനാടന്‍ പ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോള്‍ കാണുന്ന ഒരു കാഴ്ച്ചയുണ്ട്. വലിയമുറങ്ങളിലും, കുട്ടകളിലും നിറച്ച നെല്ലിനെയും, പതിരിനെയും വേര്‍തിരിക്കുന്ന രംഗം. വീശുന്ന കാറ്റിന് അനുകൂലമായി മുറങ്ങളും പിടിച്ചുകൊണ്ടു നില്‍ക്കുന്ന തൊഴിലാളികള്‍. ഉയര്‍ത്തിപ്പിടിച്ച മുറത്തില്‍ നിന്നും നെല്ലും, പതിരും താഴേക്ക് പതിയെ പതിക്കുമ്പോള്‍, നെല്‍മണി നേരെ താഴെയുള്ള സംഭരണിയിലേക്കും, പതിര് കാറ്റത്ത് പറന്നു പോവുകയും ചെയ്യും.

നമ്മുടെ ആത്മീയ ജീവിതത്തിലും നമ്മള്‍ നെല്‍മണിയായും, പതിരായും മാറാറുണ്ട്. ഉള്ളില്‍ കരുത്തുള്ളതാണ് നെല്‍മണി. ഈ കരുത്താണ് കാറ്റത്തും അതിനെ പറന്നു പോകാന്‍ അനുവദിക്കാതിരുന്നത്. തിരുവചനം പറയുന്നു. 'യുവാക്കളുടെ മഹത്വം അവരുടെ കരുത്താണ്' (സുഭാ 20:29). ഈ കരുത്ത് കേവലം ശരീരത്തിന്റേത് മാത്രമായി മാറാതിരിക്കട്ടെ. ദൈവത്തിലുള്ള വിശ്വാസത്തിലും, സ്ഥിരതയിലും നേടിയെടുക്കുന്ന ഒരു കരുത്തിനായി നമുക്ക് ഉത്സാഹിക്കാം.  ആത്മീയസംഘടനകളിലും മറ്റും പ്രവര്‍ത്തിക്കുമ്പോള്‍ ഇടയ്‌ക്കൊക്കെ നമ്മള്‍ ഉപയോഗിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരു വാക്കാണ് ആന്തരികമുറിവ്. സംഘടനകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇത് ലഭിച്ചും, കൊടുത്തും ധാരാളം പേര്‍ മുമ്പോട്ട് പോകാറുണ്ട്. ഇവിടെ ചിലര്‍ പതിരായി മാറുന്നു. മറ്റുചിലര്‍ കൂടുതല്‍ കരുത്തുള്ള നെല്‍മണിയായി മാറുന്നു.

പ്രാര്‍ത്ഥിക്കാം, കൂടുതല്‍ പതിരുകള്‍ ഞാന്‍ മൂലം ഉണ്ടാകാതിരിക്കാന്‍; അതു പോലെതന്നെ എന്റെ ജീവിതത്തില്‍ പ്രതികൂല കാറ്റു വീശുമ്പോള്‍ ക്രിസ്തു എന്ന എന്റെ ഉള്‍കരുത്തോടെ യഥാക്രമം അവന്റെ മടിയിലേയ്ക്കു തന്നെ ചെന്ന് വീഴുവാനും.


സ്‌നേഹത്തോടെ
മാത്യു ഈപ്പന്‍
സബ് എഡിറ്റര്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109969