ദൈവീക പദ്ധതിയോട് സഹകരിക്കാം

നാം ഈ ഭൂമിയില്‍ പിറന്നുവീണത് ഉത്ഭവപാപത്തോടുകൂടിയാണ്. എന്നാല്‍ പരിശുദ്ധ കന്യാമറിയം  ഉത്ഭവപാപമില്ലാതെയാണ് പിറന്നു വീണത്. അത് മനുഷ്യബുദ്ധിക്ക്  അതീതമായ ദൈവിക പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു. അങ്ങനെ ദൈവമായ ക്രിസ്തുവിനു  മനുഷ്യരൂപം  പ്രാപിക്കാന്‍ പരിശുദ്ധ മറിയത്തെയും യൗസേപ്പിതാവിനെയും ദൈവം പ്രത്യേകമായി തിരഞ്ഞെടുത്തിരുന്നു. മറിയത്തിന്റേയും യൗസേപ്പിതാവിന്റേയും  ജീവിതത്തിലുടനീളം അവര്‍ പലവിധത്തിലുള്ള പ്രയാസങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ അവര്‍ ഇവയൊക്കെ വളരെ ശാന്തതയോടെ നേരിട്ട്, ദൈവിക പദ്ധതിയോട് പൂര്‍ണ്ണമായും സഹകരിച്ചു.

    വചനത്തില്‍  ഇപ്രകാരം വായിക്കുന്നു 'മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു. (ലൂക്കാ 2:19). കാനായിലെ കല്യാണവിരു ന്നില്‍വച്ച്  ഈശോ വെള്ളത്തെ വീഞ്ഞാക്കിമാറ്റി മഹത്വം വെളിപ്പെടുത്തിയപ്പോള്‍ മറിയത്തിനു വ്യക്തമായി അറിയാമായിരുന്നു തന്റെ മകന്‍ കാല്‍വരിയാത്രയ്ക്കുള്ള ഒരുക്കമാണെന്നുള്ളത്. യേശുവിന്റെ  പീഢാനുഭവവേളയില്‍ ഈശോ സഹിച്ച സഹനങ്ങളെല്ലാം തന്നെ പരിശുദ്ധ മറിയം ഹൃദയത്തില്‍ ഏറ്റുവാങ്ങിക്കൊണ്ട് സഹയാത്രികയായി കുരിശിന്റെ വഴിയില്‍ മകനെ അനുഗമിച്ചു. ഒരുതരത്തിലുമുള്ള സാത്താന്റെ പ്രലോഭനങ്ങളില്‍ വീഴാതെ, തന്റെ മകന്‍ അതിക്രൂരമായി ശത്രുക്കളാല്‍ പീഢിക്കപ്പെട്ടപ്പോഴും, കുരിശില്‍ തറക്കപ്പെട്ടപ്പോഴും വളരെ ശാന്തതയോടെ മകന്റെ വേദനയില്‍ പങ്കാളിയായി.

   “You will never reach your destination if you stop and throw stones at every dog that barks” എന്ന വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ ഉദ്ധരണി, ഞാന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ കുറച്ചു നാളുകള്‍ക്കു മുന്‍പ്  ഇ മെയിലായി അയച്ചു തന്നു. എന്റെ മുന്‍കോപവും, എടുത്തുചാട്ടവും നന്നായി അറിയുന്നതുകൊണ്ടാണ് അദ്ദേഹം അപ്രകാരം ചെയ്യാനിടയായത്. അത് എന്നെ ഒരുപാടു ചിന്തിപ്പിച്ചു. അദ്ദേഹം ഒന്നും നേരില്‍ പറയാതെ ഒത്തിരി കാര്യം എന്നോടു പറയുന്നതിനു തുല്യമായിരുന്നു അത്. ഈ ലോകത്തില്‍ നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങളും വിശുദ്ധ യൗസേപ്പിതാവിന്റേയും, മാതാവിന്റേയും സഹനങ്ങളോട് തുലനം ചെയ്യുമ്പോള്‍ വളരെ നിസാരമല്ലേ? വിശുദ്ധ യൗസേപ്പിതാവിന്റേയും, മാതാവിന്റേയും പ്രത്യേക മാധ്യസ്ഥം യാചിച്ച് ദൈവിക പദ്ധതിയോടു പൂര്‍ണ്ണമായി സഹകരിച്ച്, ഈലോകജീവിതമെന്ന ഓട്ടം പൂര്‍ത്തിയാക്കി അനശ്വരമായ സ്വര്‍ഗ്ഗം ലക്ഷ്യമാക്കി മുന്നേറാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

സ്‌നേഹപൂര്‍വ്വം
ഷാബു ചുമ്മാര്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109834