സ്‌നേഹത്തിനു പരിധികള്‍ ഇല്ലാത്തവന്‍

ശാലോം ടി.വി.യില്‍ എന്നെ വളരെയധികം സ്പര്‍ശിച്ച അഞ്ചുമിനിറ്റു ദൈര്‍ഘ്യ മുള്ള ഒരു വീഡിയോ ഉണ്ട്. ശൂന്യമായ ഒരു ദൈവാലയമാണ് രംഗം. ഒരുകെട്ട് മെഴുകു തിരികളുമായ് ഒരാള്‍ കടന്നുവരുന്നു. അള്‍ത്താരയുടെ സമീപം അത് ഒന്നൊന്നായി കത്തി ച്ചുവെയ്ക്കുന്നു. അതില്‍ ഒരു മെഴുകുതിരി മാത്രം ഒടിഞ്ഞതായിരുന്നു. ഒരുപക്ഷെ, യാത്ര യില്‍ എവിടെയോവെച്ച് ഒടിഞ്ഞതാണ്. ബാക്കിയുള്ള മെഴുകുതിരികളെല്ലാം കത്തിച്ച ശേഷം ആ ഒടിഞ്ഞ മെഴുകുതിരി കത്തിക്കാതെ അദ്ദേഹമതുമാത്രം താഴെവെച്ചു. ശേഷം, പ്രാര്‍ത്ഥിച്ചിട്ടു കടന്നുപോയി.

    അല്പനേരം കഴിഞ്ഞ് ഒരു കാറ്റു വീശി. ഒട്ടുമിക്ക മെഴുകുതിരികളും അണഞ്ഞു പോയി. പ്രാര്‍ത്ഥിക്കാനായി മറ്റൊരാള്‍ ദൈവാലയത്തിലേയ്ക്ക് കടന്നുവരുന്നു. അദ്ദേഹം സാവധാനം, താഴെയിരിക്കുന്ന ആ ഒടിഞ്ഞ മെഴുകുതിരിയെടുത്ത് കത്തിനിന്ന ഒരു തിരി യില്‍നിന്നു അഗ്നി പകര്‍ന്ന്, ആ ഒടിഞ്ഞ മെഴുകുതിരിയിലൂടെ അണഞ്ഞുപോയ ബാക്കി മുഴുവന്‍ തിരികളും പ്രകാശിപ്പിക്കുന്നു. അവസാനം ആ തിരിയും, ശ്രദ്ധയോടെ മറ്റു മെഴുകുതിരികളുടെ കൂട്ടത്തില്‍ കത്തിച്ചുവെച്ചിട്ട് ദൈവാലയത്തിനുപുറത്തേയ്ക്കു നടന്നു നീങ്ങുമ്പോള്‍ പശ്ചാത്തലത്തില്‍ ഒരു വചനം തെളിയുന്നു. 'കര്‍ത്താവു വീഴുന്നവരെ താങ്ങുന്നു. നിലം പറ്റിയവരെ എഴുന്നേല്പിക്കുന്നു'. (സങ്കീ. 145:14)

    പ്രിയപ്പെട്ടവരേ, ക്രിസ്തു പറഞ്ഞ ഉപമകളില്‍ ഏറ്റവും മനോഹരമായ ഒന്നാണ് ധൂര്‍ത്തപുത്രന്റെ ഉപമ. തിരികെ വരുന്ന, നഷ്ടപ്പെട്ടുപോയ മകനെ സ്‌നേഹത്തിന്റെ ആശ്ലേഷത്തില്‍ തിരികെപ്പിടിക്കുന്ന പിതാവ്. നമ്മുടെ ജീവിതത്തില്‍ എത്രയോ പ്രാവശ്യ മാണ് നമ്മള്‍ വീഴുന്നത്. എന്നിട്ടും, ആ അള്‍ത്താരയുടെ ചുവട്ടില്‍ നില്ക്കുവാന്‍ ദൈവം എപ്പോഴും നമ്മളെ അനുവദിക്കുന്നില്ലേ?

    അതുപോലെതന്നെ, പത്തു കുഷ്ഠരോഗികള്‍ ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്നും സൗഖ്യം കരസ്ഥമാക്കി യാത്രയാകുമ്പോള്‍ അതില്‍ ഒരാള്‍ മാത്രമാണ് തിരികെ അവന്റെ സ്‌നേഹത്തിന്റെ പൂര്‍ണ്ണതയിലേയ്ക്ക് നന്ദിയോടെ മടങ്ങുന്നത്.

    പ്രിയപ്പെട്ടവരേ, നമുക്കും വേണം ഒരു മടക്കയാത്ര. പാപത്തിന്റെ ചെളിക്കുഴിയില്‍ നിന്നുമുള്ള ഒരു മടക്കയാത്ര. ഒടിഞ്ഞ മെഴുകുതിരികളെ കരുതുന്ന, ചതഞ്ഞ ഞാങ്ങണ കളെ ഒടിക്കാത്തവനിലേയ്ക്കുള്ള ഒരു മടക്കയാത്ര. സ്‌നേഹത്തിനതിരുകളില്ലാത്ത ആ സ്വര്‍ഗ്ഗീയ പിതാവിന്റെ ആശ്ലേഷത്തിനായി നമുക്കു പ്രാര്‍ത്ഥിക്കാം.

സ്‌നേഹപൂര്‍വ്വം,
മാത്യു ഈപ്പന്‍
(സബ് എഡിറ്റര്‍)

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141476