ക്രിസ്തു ഇന്നും ജീവിക്കുന്നു

പ്രപഞ്ചസൃഷ്ടി മുതല്‍ ഇന്നോളം എല്ലാം തന്നെ ദൈവം ദാനമായി മനുഷ്യകുലത്തിനു നല്‍കിയിട്ടുള്ളതാണ്. അബ്രാഹാത്തേയും, മോശയെയും, പ്രവാചകന്‍മാരേയും മനുഷ്യകുലത്തെ നേര്‍വഴിയിലൂടെ നയിക്കാനായി അവടുന്നു നല്‍കി. അതിനെല്ലാമുപരിയായി സ്വപുത്രനെ ദൈവം നമുക്ക് ദാനമായി നല്‍കി. യേശുവിന്റെ ഉത്ഥാനത്തിനുശേഷം പരിശുദ്ധാത്മാവിനെ സഹായകനായി വാഗ്ദാനംചെയ്തു.

പരിശുദ്ധാത്മാവിന്റെ ശക്തമായ അഭിഷേകം ഈ കാലയളവില്‍ വളരെ പ്രകടമായി അടയാളങ്ങളിലൂടെയും അത്ഭുതപ്രവര്‍ത്തനങ്ങളിലൂം അവിടുന്ന് സ്ഥിരീകരിക്കുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് പലസ്തീനായിലും പരിസരപ്രദേശത്തും രോഗികളെ സുഖപ്പെടുത്തിയും, പിശാചുബാധിതരെ മോചിപ്പിച്ചും കടന്നുപോയ അതേ യേശുവിന്റെ ആത്മാവ് ഇന്നും തന്റെ അഭിഷക്തരിലൂടെ അതേ പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നു.1 കൊറി. 12: 8-10 ല്‍ പരിശുദ്ധാത്മാവിന്റെ വിവിധ ദാനങ്ങള്‍ വിവരിക്കുന്നു. 'ഒരേ ആത്മാവുതന്നെ ഒരാള്‍ക്കു വിവേകത്തിന്റെ വചനവും മറ്റൊരാള്‍ക്കു ജ്ഞാനത്തിന്റെ വചനവും നല്‍കുന്നു. ഒരേ ആത്മാവുതന്നെ ഒരുവനു വിശ്വാസവും വേറൊരുവനു രോഗ ശാന്തിക്കുള്ള വരവും നല്‍കുന്നു. ഒരുവന് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തിയും, മറ്റൊരുവനു പ്രവചിക്കാന്‍ വരവും, വേറൊരുവന് ആത്മാക്കളെ വിവേചിച്ചറിയാന്‍ കഴിവും വേറൊരുവനു ഭാഷാവരവും, വേറൊരുവന് വ്യാഖ്യാനത്തിനുള്ള വരവും, അതേ ആത്മാവു തന്നെ നല്‍കുന്നു' പരിശുദ്ധാത്മ ദാനങ്ങള്‍ ഈശോ ആഗ്രഹിക്കുന്ന മാത്രയില്‍ തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് സൗജന്യമായി ചൊരിയപ്പെടുന്നു. ഈ ദാനങ്ങള്‍ എല്ലാം തന്നെ പൊതു നന്മയ്ക്കായിട്ടാണ് നല്‍കപ്പെടുന്നത്.

പക്ഷെ പരിശുദ്ധാത്മ നിറവിനായി നാം എത്രകണ്ട് യേശുവില്‍ വിശ്വസിക്കുന്നു? യോഹ. 11:21-24ല്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു 'മര്‍ത്താ യേശുവിനോടു പറഞ്ഞു: കര്‍ത്താവേ, നീ ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു. എന്നാല്‍, നീ ചോദിക്കുന്നതെന്തും ദൈവം നിനക്കു തരും എന്ന് എനിക്കറിയാം. യേശു പറഞ്ഞു: നിന്റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. മര്‍ത്താ പറഞ്ഞു: അന്ത്യദിനത്തിലെ പുനരുത്ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് എനിക്കറിയാം' മര്‍ത്തായ്ക്ക് യേശുമുന്‍പ് ചെയ്ത നിരവധി അത്ഭുതങ്ങളെപറ്റി അറിയാം ഭാവിയില്‍ പുനരുദ്ധാനത്തിലും അവള്‍ വിശ്വസിച്ചിരുന്നു. പക്ഷെ ലാസര്‍ മരിച്ചിട്ട് നാലുദിവസമായി ജീര്‍ണിച്ച ശവശരീരം വീണ്ടും ജീവിപ്പിക്കുവാന്‍ ശക്തനാണ് തന്റെ കൂടെയായിരിക്കുന്ന ക്രിസ്തു എന്ന് അവള്‍ വിശ്വസിച്ചില്ല! നമ്മളും മര്‍ത്തായെപോലെയാണോ യേശുവില്‍ വിശ്വസിക്കുന്നത്? നമ്മില്‍ പലരും യേശുമുന്‍പ് നമ്മുടെ ജീവിതത്തില്‍ ചെയ്ത വലിയ കാര്യങ്ങള്‍ നന്ദിയോട് സ്മരിക്കുന്നവരാണ്. ഭാവിയില്‍ നമ്മെ മനോഹരമായി വഴിനടത്തുമെന്നും നമുക്കറിയാം, എന്നാല്‍ ഈനിമിഷം അവിടുന്ന് എന്റെ ജീവിതത്തില്‍ ഇടപെടാന്‍ ശക്തനാണെന്ന് നാം വിശ്വസിക്കുന്നുണ്ടോ? പന്തക്കുസ്തായ്ക്കായി ഒരുങ്ങുന്ന നമ്മള്‍ പരിശുദ്ധാത്മ ദാനങ്ങള്‍ സമൃദ്ധമായി ചൊരിയപ്പെടാന്‍ പ്രാര്‍ത്ഥിക്കാം. പരിശുദ്ധാത്മാവ ് നിറഞ്ഞുതുളുമ്പിയ പരിശുദ്ധ മറിയത്തിന്റെയും ശ്ലീഹന്മാരുടെയും മാധ്യസ്ഥം തേടാം.

സ്‌നേഹപൂര്‍വ്വം,
ഷാബു ചുമ്മാര്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109969