നാഥന്റെ ബലിയോടു ചേര്‍ന്ന്..

യേശുവിന്റെ പീഢാസഹനത്തിന്റെയും ഉയിര്‍പ്പിന്റെയും ഓര്‍മ്മ ആചരിക്കുവാനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍, നാഥന്‍ നമുക്കായി അര്‍പ്പിച്ച കാല്‍വരിമലയിലെ യാഗത്തെ സ്‌നേഹപൂര്‍വം അനുസ്മരിക്കാം. നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരബലിയായി സ്വയം ശൂന്യനാക്കി ബലിവസ്തുവായി നമ്മെ വീണ്ടെടുത്ത ആ വലിയ സ്‌നേഹം.

പ്രവാസ ജീവിതം നയിക്കുന്ന നാം ഓരോ ദിവസവും കുരിശിന്റെ പാതയിലൂടെ കടന്നുപോകുന്നവരാണ്. നമ്മുടെ കുടുംബത്തിനുവേണ്ടി സ്വന്തം സുഖസൗകര്യങ്ങളും നമ്മെ തന്നെയും മറന്ന് സ്വയം ഉരുകി ഇല്ലാതാവുന്ന ഈ ജീവിതം. ഈ യാത്രയില്‍ പലപ്പോഴും നാം പ്രതിസന്ധികളില്‍ അകപ്പെട്ട് മുഖം കുത്തി നിലത്തു വീണുപോകുന്നു.പലപ്പോഴും അവഗണനയും പരിഹാസവും മാത്രമായിരിക്കും പ്രതിഫലമായി ലഭിക്കുക.ഈലോക ജീവിതത്തിന്റെ ഭദ്രതയ്ക്കുവേണ്ടി എത്ര കഷ്ടപെടുവാനും ഏതുതരത്തിലുള്ള ത്യാഗം ഏറ്റെടുക്കുവാനും തയ്യാറായ നാം ഈ ഹ്രസ്വകാല പ്രവാസജീവിതം അവസാനിപ്പിച്ച് ശുഭവും ഭദ്രതയുമുള്ള വരാനിരിക്കുന്ന ജീവിതത്തിനായി എത്രമാത്രം ഒരുങ്ങുന്നുണ്ട്. ഈ ഭൂമിയില്‍ എത്രമാത്രം ഭൗതിക നേട്ടം നാം കൈവരിച്ചാലും അതെല്ലാം വിട്ടെറിഞ്ഞിട്ട് ഒരുനാള്‍ വെറും കൈയ്യോടെ മടങ്ങേണ്ടിവരും. ഭൗതികനേട്ടത്തിനായി നെട്ടോട്ടമോടുന്ന നാം എത്രമാത്രം നമ്മുടെ ആത്മീയ ജീവിതത്തിന്റെ വളര്‍ച്ചക്കായി അദ്ധ്വാനിക്കുന്നുണ്ട്? ആത്മാവിനെ പരിപോഷിപ്പിക്കാനായി വിശുദ്ധ കൂദാശയില്‍നിന്ന് ശക്തിസ്വീകരിച്ച് മുന്നേറാം.

ഗലാത്തി: 2:20 'ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്. എന്റെ ഇപ്പോഴത്തെ ഐഹികജീവിതം, എന്നെ സ്‌നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും ചെയ്ത ദൈവ പുത്രനില്‍ വിശ്വസിച്ചുകൊണ്ടുള്ള ജീവിതമാണ്.'

കൂടുതല്‍ തീക്ഷ്ണമായ പ്രാര്‍ത്ഥനയിലൂടെയും, ഉപവാസത്തിലൂടെയും ദൈവം ആഗ്രഹിക്കുന്ന രീതിയിലുള്ള സല്‍പ്രവര്‍ത്തിയിലൂടെയും നാഥന്‍ നമുക്കായ് അര്‍പ്പിച്ച ബലിയില്‍ ഭാഗഭാക്കുകളാകാം. ദൈവകൃപ നമ്മില്‍ സമൃദ്ധമായി വര്‍ഷിക്കപ്പെടാന്‍ പ്രാര്‍ത്ഥിക്കാം.

സ്‌നേഹപൂര്‍വ്വം,
ഷാബു ചുമ്മാര്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109969