വിശ്വസ്തതയോടെ മുന്നേറാം...

നമ്മള്‍ എല്ലാവരും തന്നെ ആഗ്രഹിക്കുന്ന ഒന്നാണ് മറ്റുള്ളവര്‍ നമ്മോടു വിശ്വസ്തത പുലര്‍ത്തണമെന്ന്. പക്ഷെ മറ്റുള്ളവരോട് നമുക്കുള്ള വിശ്വസ്തതയുടെ അളവ് എത്രമാത്രമാണ്? പ്രത്യേകിച്ച് ഞാനും എന്റെ ദൈവവും തമ്മില്‍, എന്റെ മാതാപിതാക്കളോട്, ജീവിത പങ്കാളിയോട്, മക്കളോട്, നാം ആയിരിക്കുന്ന പ്രവര്‍ത്തനമേഖലയില്‍...

യാക്കോബ് 4:4 ''വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു.'' ചിലരുടെ അതിവേഗത്തിലുള്ള ഭൗതികമേഖലയിലുള്ള വളര്‍ച്ചയില്‍ അത്ഭുതപ്പെടാറില്ലേ നമ്മള്‍? അവര്‍ കുറുക്കുവഴിയില്‍ ധനവും സ്ഥാനമാനങ്ങളും പിടിച്ചടക്കി ആവോളം ആസ്വദിക്കാന്‍ വ്യഗ്രതപൂണ്ടു ജീവിക്കുന്നതു കാണുവാന്‍ സാധിക്കും. പക്ഷെ നിശ്ചിത കാലയളവിനുള്ളില്‍ തന്നെ അതിവേഗത്തിലുള്ള അവരുടെ പതനവും കാണുവാന്‍ കഴിയും, ആ പതനത്തില്‍ നിന്ന് കരകയറുവാന്‍ ഏറെ പ്രയാസപ്പെടേണ്ടിയും വരും.

മുപ്പതു വെള്ളിക്കാശിനു യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ അനുഭവം നമുക്ക് അറിയാവുന്നതാണല്ലോ? ആ നാണയത്തില്‍ നിന്ന് ഒന്നുപോലും യൂദാസിന് ഉപകാരപ്പെട്ടില്ല പ്രത്യുത, അവനെ നാശത്തിലേക്ക് കൊണ്ടെത്തിച്ചു.

ഈശോ ആഗ്രഹിക്കുന്ന രീതിയില്‍ വിശ്വസ്തതയോടെ മുന്നേറുമ്പോള്‍ നമ്മുടെ വ്യക്തിജീവിതത്തില്‍ അനുഗ്രഹം ലഭിക്കുന്നതിനോടൊപ്പം നമ്മുടെ കുടുംബത്തിലും അതിന്റെ പ്രതിഫലനം സ്പഷ്ടമായി മനസിലാക്കാന്‍ സാധിക്കും. നമ്മള്‍ ഈശോയില്‍നിന്ന് അകന്നു നടക്കുമ്പോള്‍ അതിന്റെ ബുദ്ധിമുട്ട് നാം അനുഭവിക്കുന്നതിനോടൊപ്പം നമ്മുടെ കുടുംബവും സഹിക്കേണ്ടി വന്നേക്കാം.

മറ്റുള്ളവര്‍ക്ക് ഏറെ നന്മകള്‍ ചെയ്യുവാന്‍ സമയവും സാഹചര്യവും ഉള്ള നമ്മള്‍ നമ്മിലേക്കുതന്നെ ചുരുങ്ങി ജീവിക്കുവാനല്ലെ പലപ്പോഴും ആഗ്രഹിക്കുന്നത്? ഇപ്പോള്‍ എനിക്ക് ആരോഗ്യമുണ്ട്, ഞാന്‍ ആഗ്രഹിക്കുന്നിടത്തേക്ക് എന്റെ കൈകളും കാലുകളും ശരീരവും മനസും അതിവേഗം സഞ്ചരിക്കും. പക്ഷെ അടുത്ത നിമിഷം അങ്ങനെ തുടരുമെന്നു ഒരുറപ്പുമില്ല.

ഒന്ന് പള്ളിയില്‍ പോകണമെന്ന് അതിയായി ആഗ്രഹിച്ചിട്ടും സാധിക്കാതെ രോഗശയ്യയിലും

വാര്‍ദ്ധക്യ സഹജമായ അസ്വസ്തതകളാലും കഴിയുന്ന അനേകം ആളുകള്‍ നമുക്കിടയിലുണ്ട്. നമുക്ക് കിട്ടുന്ന സമയം ദൈവരാജ്യവളര്‍ച്ചയ്ക്കായി വിവേകത്തോടെ വിനിയോഗിക്കാം. നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവത്തോട് വിശ്വസ്തത പുലര്‍ത്താം. അപ്പോള്‍ നമ്മളെ ഭരമേല്‍പിച്ച സമസ്ത മേഖലകളിലും നീതിയോടും വിശ്വസ്തയോടും കൂടെ വര്‍ത്തിക്കുവാന്‍ നമുക്ക് സാധിക്കും. ഏശയ്യ 32:17 ''നീതിയുടെ ഫലം സമാധാനമായിരിക്കും; നീതിയുടെ പരിണതഫലം പ്രശാന്തതയും എന്നേക്കുമുള്ള പ്രത്യാശയും ആയിരിക്കും''. ദൈവത്തിന്റെ വലിയ അഭിഷേകം നമ്മില്‍ ചൊരിയപ്പെടാന്‍ പ്രാര്‍ത്ഥിക്കാം.

സ്‌നേഹപൂര്‍വ്വം

ഷാബു ചുമ്മാര്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82591