ഒരു വിടപറയല്‍

ക്രിസ്തുമസ്സ് ആഘോഷങ്ങളെല്ലാം കഴിഞ്ഞു. ഇനി പുതുവര്‍ഷത്തെ വരവേല്‍ക്കുവാനുള്ള തയ്യാറെടുപ്പാണ്. പലതും നമ്മുടെ ജീവിതത്തില്‍ ഈ വര്‍ഷം സംഭവിച്ചിട്ടുണ്ട് - പ്രതീക്ഷിച്ചവയും അപ്രതീക്ഷിതമായി വന്നു ചേര്‍ന്നതും.

2014 ന്റെ തുടക്കത്തില്‍ നമുക്കു പല പ്രതീക്ഷകളും ഉണ്ടായിരുന്നിട്ടുണ്ടാവും. എന്നാല്‍ അവ മുഴുവന്‍ സഫലീകൃതമായിട്ടുണ്ടാകണമെന്നില്ല. അതുപോലെ നാം പ്രതീക്ഷിക്കാത്ത പലതും നമ്മുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടാകും. ദുഃഖങ്ങളാണെങ്കില്‍ കൂടി, നമുക്കു സഹിക്കാന്‍ കഴിയുന്നവയായിട്ടാണ് ദൈവം നമ്മുടെ ജീവിതത്തിലൂടെ അവയെ കടത്തി വിട്ടത്. അങ്ങിനെ നിരവധി. ഇതിനിടയില്‍ നാം ചിന്തിക്കേണ്ട ഒരു വസ്തുതയുണ്ട്. ദൈവം ആഗ്രഹിക്കുന്ന രീതിയിലായിരുന്നോ നാം 2014 ല്‍ ജീവിച്ചത് എന്നത്. കാരണം, നമ്മുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്ന രീതിയിലായിരിക്കാം പലപ്പോഴും നാം ജീവിച്ചതും പ്രയത്‌നിച്ചതും.

പുതിയ വര്‍ഷത്തിലേക്ക് കടക്കുവാന്‍ തയ്യാറെടുക്കുമ്പോള്‍ നമുക്കൊരു പ്രതിജ്ഞയെടുക്കാം. പുതിയ വര്‍ഷത്തില്‍ ദൈവത്തിന്റെ ഹിതത്തോടു യോജിച്ചു കൊണ്ട് നമ്മുടെ ജീവിതം കൊണ്ടു പോകാം എന്ന്. ജീവിതത്തിലെ ചെറുതും വലുതുമായ ഓരോ കാര്യങ്ങളിലും ദൈവത്തോട് തീരുമാനങ്ങള്‍ ചോദിച്ചു കൊണ്ട് മുന്നോട്ടു പോകുവാന്‍ നമുക്കു മനസ്സുണ്ടാകട്ടെ. ദൈവം ഒരു വര്‍ഷം കൂടി നമ്മുടെ ജീവിതത്തിലേക്ക് നല്‍കിയിരിക്കുകയാണ് - ഫലങ്ങളുണ്ടാകുവാന്‍.

എഡിറ്റോറിയലിന്റെ തലക്കെട്ട് വിടപറയല്‍ എന്നാക്കിയതിനും ഒരു കാരണമുണ്ട്. കഴിഞ്ഞ 3 വര്‍ഷവും 9 മാസവും തൂലികയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുവാനും എഡിറ്റോറിയല്‍ എഴുതുവാനും ഇടയാക്കിയതില്‍ ദൈവത്തോടും ജീസസ്സ് യൂത്തിന്റെ മലയാളം ടീമിനോടും നന്ദി പറയുന്നു. ഇതിന്റെ പിന്നില്‍ നിന്നുകൊണ്ട് ഞങ്ങള്‍ക്കെല്ലാം പ്രചോദനം നല്‍കിയ, ആനിമേറ്ററായിരുന്ന ഷാജി ചേട്ടനും കുടുംബത്തിനും, കോര്‍ഡിനേറ്ററായിരുന്ന വിപിനും കുടുംബത്തിനും, ഇതിന്റെ പിന്നില്‍ പ്രത്യക്ഷ മായും പരോക്ഷമായും പ്രവര്‍ത്തിക്കുന്ന ഓരോരുത്തരോടും വായനക്കാരോടും നന്ദി പറയുന്നു. ദൈവം നമ്മെ എല്ലാവരേയും അനുഗ്രഹിക്കട്ടെ.

എല്ലാവര്‍ക്കും ക്രിസ്തുമസ്സിന്റെയും നവവത്സരത്തിന്റെയും നന്മകളും ആശംസകളും നേര്‍ന്നു കൊള്ളുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കുക. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

സ്‌നേഹപൂര്‍വ്വം...

ആന്റിജോയ് ഒളാട്ടുപുറത്ത്

97150-963-4017

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109963