മറിയത്തെപ്പോലെ യേശുവിനെ സ്വീകരിക്കാം

ക്രിസ്തുമസ്സിന് ഇനി ഒരാഴ്ച മാത്രം ബാക്കി. നക്ഷത്രങ്ങളും പുല്‍ക്കൂടുമെല്ലാം ഒരുക്കി ക്രിസ്തുമസ്സിനായി കാത്തു നില്‍ക്കുന്ന നാം നമ്മുടെ ഹൃദയങ്ങളെ ക്രിസ്തുവിനെ സ്വീകരിക്കുവാന്‍ തയ്യാറാക്കിയോ?

യേശുവിനെ ഗര്‍ഭം ധരിച്ച് പ്രസവിക്കുമെന്ന് മറിയത്തെ അറിയിച്ചപ്പോള്‍ മുതല്‍ അവിടുന്ന് ചെയ്ത കാര്യങ്ങളെന്തെന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും. ഒരു കുഞ്ഞിനെ സ്വീകരിക്കുവാന്‍ മാതാവ് ഒരുങ്ങുന്നതിനെപ്പറ്റിയൊന്നും തന്നെ ബൈബിളില്‍ പറയുന്നില്ല. എന്നാല്‍ താന്‍ ഗര്‍ഭം ധരിക്കുമെന്ന വാര്‍ത്തയോടൊപ്പം തന്റെ സ്വന്തക്കാരിയായ എലിസബേത്ത് ഗര്‍ഭിണിയായണെന്ന വിവരം കേട്ടപ്പോള്‍ മറിയം ചെയ്ത കാര്യങ്ങള്‍ വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. നസറത്തില്‍ നിന്നും ഏകദേശം 145 കിലോമീറ്ററോളം യാത്ര ചെയ്താലേ എലിസബത്ത് താമസിച്ചിരുന്ന എയിന്‍ കരീമിലേക്ക് എത്തിച്ചേരുവാന്‍ കഴിയൂ. വഴിയിലെ ദുര്‍ഘടങ്ങളും കഷ്ടപ്പാടുകളും ഒന്നും തന്നെ മറിയത്തെ പിന്നോട്ടു വലിച്ചില്ല. തന്നെക്കുറിച്ചല്ല, അവിടുന്ന് ചിന്തിച്ചത്. പ്രായമായ എലിസബേത്തിന് സഹായം ചെയ്യേണ്ടത് തന്റെ കടമയായി കണ്ടുകൊണ്ടാണ് അവിടുന്ന് അങ്ങോട്ടേയ്ക്ക് യാത്ര ചെയ്തത്.

ക്രിസ്തുവിനെ സ്വീകരിക്കുവാന്‍ തയ്യാറായാല്‍, നമ്മുടെ ഹൃദയങ്ങളും മറിയത്തിന്റേതു പോലെയായിത്തീരണം. മറ്റുള്ളവര്‍ക്കായി നമ്മെക്കൊണ്ട് കഴിയുന്ന സഹായങ്ങള്‍ ചെയ്യേണ്ടത് നമ്മുടെ കടമയായി ആണ് നാം കരുതേണ്ടത്. മറിയം എലിസബത്തിനെ അഭിവാദനം ചെയ്തപ്പോള്‍ തന്നെ എലിസബത്തിന് മറിയം ദൈവകൃപയാല്‍ നിറഞ്ഞവളാണെന്ന് മനസ്സിലായി. നാമും മറ്റുള്ളവരെ അഭിവാദനം ചെയ്യുമ്പോള്‍, അവര്‍ നമ്മിലൂടെ ക്രിസ്തുവിനെയാണ് കാണേണ്ടത്.

ഈ പ്രാവശ്യത്തെ ക്രിസ്തുമസ്സിനായി ഒരുങ്ങുമ്പോള്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ ഇപ്രകാരമാകട്ടെ - ക്രിസ്തു നമ്മില്‍ ജനിക്കുന്നതിനും, നമ്മിലൂടെ ക്രിസ്തുവിന്റെ സ്‌നേഹം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കുവാനും കഴിയുന്ന വ്യക്തികളായി നമുക്കു മാറുന്നതിനും വേണ്ടി. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

സ്‌നേഹപൂര്‍വ്വം...

ആന്റിജോയ് ഒളാട്ടുപുറത്ത്

97150-963-4017

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82103