കുമ്പസാരിക്കുവാന്‍ മടിക്കേണ്ട

ഒരു സുഹൃത്ത് പറഞ്ഞ സംഭവമാണ്. തല്‍ക്കാലം അദ്ദേഹത്തെ ഷിജുവെന്ന് വിളിക്കാം. ഇടവകയിലെ ഒരു നിറസാന്നിധ്യം. വിശ്വാസപരിശീലനം, യുവജന പരിപാടികള്‍, മറ്റു ഇടവകയുടെ എല്ലാത്തരം പരിപാടികള്‍ക്കും മുന്നിലുണ്ടായിരുന്നു ഷിജു. അതിനാല്‍ തന്നെ ഇടവകയിലെ അച്ചന്മാരൊക്കെയായി വളരെ അടുത്ത സൗഹൃദത്തിലുമായിരുന്നു അദ്ദേഹം. ഇത് അദ്ദേഹത്തെ കുമ്പസാരിക്കുന്നതില്‍ നിന്നും പുറകോട്ടു വലിച്ചു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് കുമ്പസാരിക്കാതെ വയ്യാ എന്നായി. സ്വന്തം ഇടവകയിലെ കുമ്പസാരത്തിനു പകരം അദ്ദേഹം തൊട്ടടുത്തുള്ള തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് പോയി. അവിടെയാകുമ്പോള്‍ നിരവധി വൈദീകര്‍ പലസ്ഥലങ്ങളില്‍ നിന്നും കുമ്പസാരിപ്പിക്കുവാനായി വരും. അതിനാല്‍ ധൈര്യപൂര്‍വ്വം കുമ്പസാരിക്കാം എന്ന് ഷിജുവിനു തോന്നി.

അങ്ങിനെ തീര്‍ത്ഥാടനകേന്ദ്രത്തിലെ കുമ്പസാരിക്കുവാന്‍ നില്‍ക്കുന്നവരുടെ നിരയില്‍ ഷിജുവും പോയി നിന്നു. അയാളുടെ അവസരമായപ്പോള്‍ കുമ്പസാരക്കൂടിലിരിക്കുന്ന വൈദീകനോട് പാപങ്ങളെല്ലാം ഏറ്റു പറഞ്ഞു. അപ്പോള്‍ വൈദീകന്‍ ചോദിച്ചു, ഷിജുവല്ലേ ഇത്. ഇതു കേട്ടതും ഷിജു അത്ഭുതപ്പെട്ടു. അകത്തിരുന്ന വൈദീകന്‍ പറഞ്ഞു, ഷിജു, ഞാന്‍ നിന്റെ വികാരിയച്ചനാണ്. ഇതു കേട്ട ഷിജുവിന്റെ മുഖം നിങ്ങളുടെ മനസ്സില്‍ കാണുവാന്‍ സാധിക്കുമല്ലോ. എന്നാല്‍ അന്നുമുതല്‍ ഷിജു തന്റെ കുമ്പസാരങ്ങള്‍ ഇടവകപ്പള്ളിയിലേക്കാക്കി.

പലപ്പോഴും നാം പരിചയമുള്ള വൈദീകരുടെ അടുക്കല്‍ കുമ്പസാരിക്കാന്‍ വിമുഖത കാണിക്കാറുണ്ട്. കാരണം, അവര്‍ നാം ചെയ്ത പാപങ്ങള്‍ അറിയുമല്ലോ എന്നുള്ള ചിന്തയില്‍ നിന്നാണ് അതുണ്ടാകുന്നത്. ചെയ്തുപോയ പാപം, കര്‍ത്താവായ യേശുവിന്റെ പ്രതിനിധിയോട് ഏറ്റു പറയുന്നതില്‍ യാതൊരു സങ്കോചവും നമുക്കുണ്ടാകേണ്ട കാര്യമില്ല. കാരണം, അദ്ദേഹം നമ്മുടെ പാപങ്ങള്‍ മോചിക്കുവാന്‍ തക്ക അധികാരമുള്ള വ്യക്തിയാണ്. ഒരു സാധാരണ മനുഷ്യന് നമ്മുടെ പാപങ്ങള്‍ മോചിക്കുവാന്‍ അധികാരമില്ല. കത്തോലിക്കാ സഭയുടെ പ്രത്യേകതയും അതു തന്നെ. ആദിമസഭയില്‍ പാപമോചനം, സഭയിലെ ശ്രേഷ്ഠനായ വ്യക്തിയാണ് ചെയ്തിരുന്നത്. അപ്പസ്‌തോലന്മാരിലൂടെ, അവരുടെ പിന്‍ഗാമികളായ വൈദീകരിലേക്കും പാപമോചനാധികാരം ലഭിച്ചിരിക്കുന്നു. ഈ പാരമ്പര്യത്തിലൂടെയാണ് സഭയില്‍ അനുരഞ്ജന കൂദാശ അഥവാ കുമ്പസാരം നടത്തുന്നത്.

പാപമോചനത്തിനായി നല്‍കപ്പെട്ടിരിക്കുന്ന ഇത്ര നല്ല കൂദാശ പലപ്പോഴും നാം അവഗണിക്കാറാണ് പതിവ്. അടിക്കടിയുള്ള കുമ്പസാരത്തിലൂടെയും വിശുദ്ധ കുര്‍ബ്ബാന സ്വീകരണത്തിലൂടെയും നമുക്ക് പാപത്തില്‍ നിന്നും പാപസാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുവാന്‍ സാധിക്കുന്നു. ദൈവത്തിന്റെ പ്രസാദവരം നമ്മില്‍ നിറയുവാന്‍ ഈ കൂദാശകള്‍ കാരണമാകുന്നു. ആയതിനാല്‍ നമ്മുടെ പാപാവസ്ഥകളില്‍ നിന്നും പിന്തിരിഞ്ഞ് നല്ലൊരു കുമ്പസാരത്തിലൂടെ അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന പിറവിക്കാലത്തിലേക്ക് നമുക്ക് നടന്നടുക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

സ്‌നേഹപൂര്‍വ്വം...

ആന്റിജോയ് ഒളാട്ടുപുറത്ത്

97150-963-4017

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109957