നാം വിശുദ്ധ കുര്‍ബ്ബാന കാണുന്നവരോ ?

പലരും ചോദിക്കുന്ന ചോദ്യമാണ് കുര്‍ബ്ബാന കണ്ടോ എന്ന്. പലപ്പോഴും നാം വിശുദ്ധ കുര്‍ബ്ബാന കള്‍ കാണുന്നവരായി മാറുന്നു. ഓരോ വിശുദ്ധ കുര്‍ബ്ബാനയിലും പങ്കെടുത്ത്, അത് അര്‍പ്പിക്കേണ്ട നാം പലപ്പോഴും വെറും കാഴ്ചക്കാരായി മാറുന്നു. ഇതിന് പ്രധാന കാരണം നമ്മുടെ വിശുദ്ധ കുര്‍ബ്ബാനയെക്കുറിച്ചുള്ള അജ്ഞതന്നെയാണ്.

വിശുദ്ധ കുര്‍ബ്ബാന ക്രിസ്തുവിന്റെ അവസാന അത്താഴത്തിന്റെ വെറുമൊരു ഓര്‍മ്മയാചരണം മാത്രമല്ല. അതില്‍ നാം ഏറ്റു ചൊല്ലുന്ന വിശ്വാസ പ്രമാണം, വിശുദ്ധ ഗ്രന്ഥത്തിലെ രക്ഷാകര ദൗത്യത്തെ പൂര്‍ണ്ണമായും നാം വിശ്വസിച്ച്, യേശുക്രിസ്തുവിനെ നമ്മുടെ രക്ഷകനും നാഥനുമായി ഏറ്റു പറയുകയാണ്.

വിശുദ്ധ കുര്‍ബ്ബാനയിലെ ഓരോ വാക്യവും സൂക്ഷ്മമായി പരിശോധിച്ചാല്‍ നമുക്കു മനസ്സിലാകുന്ന ഒന്നാണ് അവയെല്ലാം തന്നെ വിശുദ്ധ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്നതെന്ന്. ഉദാഹരണത്തിന് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ എന്ന വാക്യം തന്നെ വിശുദ്ധ ഗ്രന്ഥമായ ബൈബിളില്‍ യേശു നല്‍കുന്ന പ്രേഷിത ദൗത്യത്തില്‍ നിന്നും എടുത്തി ട്ടുള്ളതാണ് (മത്തായി 2:20).

ആദിമ സഭയില്‍ ചെയ്തിരുന്നവയെല്ലാം തന്നെ നാം നമ്മുടെ ദിവ്യബലിയിലും തുടരുന്നു. അപ്പസ്‌തോലന്മാരുടെ പ്രബോധനം, അപ്പം മുറിക്കല്‍, പ്രാര്‍ത്ഥന, കൂട്ടായ്മ (അപ്പ. പ്രവ. 2:42) എന്നിവയെല്ലാം നമ്മുടെ അനുദിന ദിവ്യബലിയില്‍ നമുക്കും അനുഭവിക്കുവാന്‍ കഴിയുന്നു.

ഓരോ ദിവ്യബലി അര്‍പ്പിക്കുമ്പോഴും നാം ക്രിസ്തുവിന്റെ ജനനവും മരണവും ഉയിര്‍പ്പും ഏറ്റു പറയുന്നു. ദിവ്യബലിയര്‍പ്പിക്കുന്ന വൈദീകന്‍ ജനങ്ങളുടെ പ്രതിനിധി കൂടിയാണ് മാത്രമല്ല, ക്രിസ്തുവിനെയും അദ്ദേഹം പ്രതിനിധീകരിക്കുന്നു. സഭയിലെ എല്ലാവര്‍ക്കും വേണ്ടിയാണ് അദ്ദേഹം ബലിയര്‍പ്പിക്കുന്നത്. ദിവ്യബലി ഒരു വിരുന്നു കൂടിയാണ്. ആ വിരുന്നില്‍ പങ്കെടുക്കുന്ന നാം ഓരോരുത്തരും അതിലെ അംഗങ്ങളുമാണ്. വേണ്ടത്ര ഒരുക്കമില്ലാതെ ദിവ്യബലിയില്‍ പങ്കെടുക്കുന്നവര്‍ വെറും കാഴ്ചക്കാരായി മാറുന്നു, മാത്രമല്ല, ആ ദിവ്യവിരുന്നിന്റെ പങ്കു പറ്റുവാന്‍ അവര്‍ക്ക് അവകാശമില്ലാതെയാകുന്നു.

ഓരോ ദിവ്യബലിയിലും പങ്കെടുക്കുമ്പോള്‍ നാം ചിന്തിക്കണം, നാം യോഗ്യതയോടു കൂടിയാണോ അതില്‍ പങ്കെടുക്കുന്നതെന്ന്. യഥാര്‍ത്ഥ അനുതാപത്തിലൂടെയും അനുരഞ്ജന കൂദാശ യിലൂടെയും നമ്മെ വിശുദ്ധീകരിച്ച്, ദിവ്യകാരുണ്യത്തിലൂടെ നമ്മുടെ ഹൃദയങ്ങളിലേക്ക് കടന്നു വരുന്ന ഈശോയെ സ്വീകരിച്ചാല്‍ മാത്രമേ നാം അര്‍പ്പിക്കുന്ന ദിവ്യബലി അര്‍ത്ഥവത്താവുകയുള്ളൂ. അതിനായി നമുക്ക് ശ്രമിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

സ്‌നേഹപൂര്‍വ്വം....

ആന്റിജോയ് ഒളാട്ടുപുറത്ത്

+971-50-963-4017

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109957