ഒരിടത്ത് ഭീരുവായ ഒരു വ്യക്തിയുണ്ടായിരുന്നു. ചുറ്റുമുള്ള എന്തിനെയും അയാള്‍ ഭയപ്പെട്ടു. ആളുകളുടെ മുഖത്തു നോക്കാനും സംസാരിക്കാനുമെല്ലാം അയാള്‍ ഭയപ്പെട്ടു. അങ്ങനെയിരിക്കെ, അയാളുടെ സുഹൃത്ത് അയാളെ ഒരു ഗുരുവിന്റെ അടുക്കല്‍ കൊണ്ടുപോയി. ആയോധനകലകളില്‍ അഗ്രഗണ്യനായ ഗുരു അയാളുടെ പ്രശ്നം ശ്രദ്ധിച്ചു കേട്ടു. ഭയം മാറ്റി തരാം എന്ന് ഉറപ്പു കൊടുത്ത ഗുരു ഇയാളോട് അടുത്തുള്ള പട്ടണത്തില്‍ പോകാനും അവിടെ കാണുന്ന ഇരുപത് പേരോട് താന്‍ ഭീരുവാണെന്ന് പറയാനും ആവശ്യപ്പെട്ടു. ആവശ്യം അയാളെ കുഴക്കി. എന്നാല്‍, ഗുരു പറഞ്ഞത് അനുസരിക്കാന്‍ അയാള്‍ തീരുമാനിച്ചു താന്‍ ഭീരുവാണ് എന്ന് പറയാന്‍ പട്ടണത്തിലെത്തി. പക്ഷേ, ആരുടെയും മുഖത്ത് നോക്കാന്‍ ധൈര്യം ഇല്ലാത്തതിനാല്‍ പറയാതെ ആദ്യദിവസം തിരിച്ചു വരേണ്ടി വന്നു. ഇങ്ങനെ രണ്ടാഴ്ച്ചകള്‍ കടന്നുപോയി. എന്നാല്‍, ഇനിയും നീട്ടിക്കൊണ്ടു പോകുന്നതില്‍ അര്‍ത്ഥമില്ല എന്ന് അയാള്‍ മനസ്സിലാക്കി. ആദ്യ കടമ്പ കടന്ന് ഗുരുവിന്റെ അടുത്തെത്തി ഭയം മാറ്റിയെടുക്കണം. രണ്ടും കല്‍പ്പിച്ച് അയാള്‍ വീണ്ടും പട്ടണത്തിലെത്തി.
ആദ്യം കണ്ട ആള്‍ക്ക് കൈ കൊടുത്ത ശേഷം പറഞ്ഞു, 'സാര്‍ ഞാന്‍ ഒരു ഭീരുവാണ്' മുഖത്തു നോക്കാതെയാണ് അയാള്‍ ഇത്രയും പറഞ്ഞത്. അതിനു ശേഷം പിന്നീട് കണ്ട ആളുടെ കൈപിടിച്ച് അദ്ദേഹം പറഞ്ഞു ഞാന്‍ ഒരു ഭീരുവാണ്. എന്നാല്‍, ഓരോ തവണയും ഇതുപറയുമ്പോള്‍ തനിക്ക് എന്തോ മാറ്റം സംഭവിക്കുന്നതായി അയാള്‍ക്ക് തോന്നി. ഇരുപതാമത്തെ ആളോട് പറയും മുമ്പ് മറ്റുള്ളവരുടെ മുഖത്ത് നോക്കി സംസാരിക്കാന്‍ തുടങ്ങിയിരുന്നു. ഒടുവില്‍ അവസാനത്തെ ആളോട് പറയും മുമ്പേ തന്നെ ഭയം എവിടെയോ നഷ്ടപ്പെട്ടു പോയി എന്ന് അയാള്‍ തിരിച്ചറിഞ്ഞു. ഇതിനു ശേഷം അയാള്‍ ഗുരുവിന്റെ മുന്നിലെത്തി പറഞ്ഞു: ഗുരുവെ, എനിക്കിപ്പോള്‍ ആരുടെയും മുഖത്തുനോക്കി സംസാരിക്കാന്‍ ഭയമില്ല. പക്ഷേ, ഇതെങ്ങനെയാണ് സംഭവിച്ചതെന്ന് അറിയില്ല. ഗുരു ഒന്ന് പുഞ്ചിരിച്ചു. അതിനുശേഷം അയാളോട് പറഞ്ഞു:' കാര്യം വളരെ ലളിതമാണ്. എപ്പോള്‍ മുതലാണ് നീ ഭീരുവാണ് എന്ന് അംഗീകരിച്ചത് അല്ലെങ്കില്‍ നിനക്ക് ഒരു പ്രശ്നമുണ്ടെന്ന് തിരിച്ചറിഞ്ഞത് നിമിഷം മുതല്‍ പരിഹരിക്കാനുള്ള കഴിവ് നീ ആര്‍ജ്ജിച്ചു തുടങ്ങി.
നമ്മുടെ ജീവിതത്തിലും ഭയത്തെ അതിജീവിക്കാനുള്ള മാര്‍ഗ്ഗം ആദ്യം ഭയത്തെ തിരിച്ചറിയുക എന്നുള്ളതാണ്. രണ്ടാമതായി, ആ ഭയത്തിലേയ്ക്ക് എടുത്തുചാടാന്‍ തയ്യാറാവുക എന്നതാണ്. പ്രശ്നങ്ങളെ നേരിടാതെ ഭയം ഇല്ലാതാക്കാനാവില്ല.
ഭയത്തെ കീഴടക്കി വിജയിച്ചവരോട് സംസാരിക്കുക. ഇങ്ങനെ സ്വയം തിരിച്ചറിവ് നേടിയാല്‍ ഭയത്തെ മറികടക്കാനും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാനും നമുക്ക് സാധിക്കും. ഇതു പോലെ തന്നെ പ്രധാനമാണ് ഈശ്വരവിശ്വാസം ഉണ്ടായിരിക്കുക എന്നത്. നമ്മുടെ കൂടെ സദാ നമ്മെ കരുതുന്ന ഒരാള്‍ ഉണ്ടാവുക എന്ന വിശ്വാസം നമ്മെ ഭയത്തില്‍ നിന്ന് മോചിപ്പിക്കും. ദൈവം നമ്മോട് പറയുന്നു, ഭയപ്പെടേണ്ട ഞാന്‍ നിന്നോട് കൂടെയുണ്ട്.'അതുകൊണ്ട് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്ക് മുമ്പില്‍ തടസ്സമായി നില്ക്കുന്ന ഭയത്തെ ശരിയായ ഈശ്വര വിശ്വാസത്തിലൂടെയും ജീവിത ക്രമീകരണത്തിലൂടെയും നമുക്ക് മറികടക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ