കുഞ്ഞുണ്ണിയും കുഞ്ഞുമാലാഖയും
കടപ്പാട്: വിശ്വാസോത്സവം

പള്ളിയില്‍ നിന്നും മതബോധന ക്യാമ്പ് കഴിഞ്ഞ് വീട്ടിലെത്തിയ കുഞ്ഞുണ്ണിയുടെ മനസ്സു നിറയെ ഇനിയെന്നും ഈശോയുടെ വിശ്വസ്തനായിരിക്കുക എന്ന ചിന്തമാത്രമാണ്. അന്നക്കുട്ടിച്ചേച്ചിയോടും അമ്മച്ചിയോടും അപ്പച്ചനോടുമെല്ലാം  അവന്‍ താന്‍ ഈശോയുടെ വിശ്വസ്ത- നായിരിക്കാന്‍ എന്തുചെയ്യണമെന്നു ചോദിച്ചു. ആരില്‍നിന്നും ഒരുത്തരം കിട്ടാത്തതിനാല്‍ കുഞ്ഞുണ്ണി എന്നും തനിക്ക് സ്വപ്നത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തരാറുള്ള കുഞ്ഞുമാലാഖയോടു കാര്യം പറയാന്‍ തീരുമാനിച്ചു. കുഞ്ഞുണ്ണിയുടെ കുഞ്ഞുമാലാഖേ! എന്നുള്ള വിളികേട്ടതും ഈശോ അപ്പച്ചന്റെ കുഞ്ഞുമാലാഖ കുഞ്ഞുണ്ണിയുടെ അടുത്ത് ഓടിയെത്തി. 'കുഞ്ഞുമാലാഖേ, ഈശോ അപ്പച്ചന്റെ വിശ്വസ്തനായിരിക്കാന്‍ ഞാന്‍ എന്താ ചെയ്യേണ്ടത്?', കുഞ്ഞുമാലാഖയെ കണ്ടപാടെതന്നെ കുഞ്ഞുണ്ണി ചോദിച്ചു. 'അതാണോ ഇത്ര വല്യകാര്യം, എല്ലായ്‌പ്പോഴും പ്രാര്‍ത്ഥനയില്‍ ആയിരുന്നാല്‍ നീ ഈശോ അപ്പച്ചന്റെ വിശ്വസ്തനായിരിക്കും', കുഞ്ഞുമാലാഖ പറഞ്ഞു. അതെങ്ങനെ?, കുഞ്ഞുണ്ണി ചോദിച്ചു, 'ഉണരുമ്പോഴും, കളിക്കുമ്പോഴും, കഴിക്കുമ്പോഴും, പഠിക്കുമ്പോഴും എന്തിന് ഉറങ്ങാന്‍ പോകുമ്പോള്‍ വരെ നാം ഈശോയോടു പ്രാര്‍ത്ഥിക്കണം, നാം ചെയ്യാന്‍ പോകുന്ന എല്ലാ കാര്യങ്ങളെയും സമ്മര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം, തനിക്ക് ആ പ്രവര്‍ത്തി ചെയ്യാന്‍ അനുഗ്രഹം തന്നതിന് ദൈവത്തിന് നന്ദി പറഞ്ഞ് പ്രാര്‍ത്ഥിക്കണം, അപ്പോള്‍ നാം സ്‌നേഹപിതാവിന് എന്നും പ്രിയരും വിശ്വസ്തരുമായിരിക്കും', അന്നു കുഞ്ഞുമാലാഖ പറഞ്ഞ ആ ആപ്തവാക്യം കുഞ്ഞുണ്ണി തന്റെ ജീവിതചര്യയാക്കി, പ്രഭാതപ്രാര്‍ത്ഥനയിലൂടെ വിശ്വാസത്തിന്റെ കൃപ അവനിലേയ്ക്ക് ഒഴുകി, പ്രാര്‍ത്ഥനയിലായിരിക്കുന്ന ഓരോ നിമിഷവും അവന്‍ ദൈവത്തിന് കൂടുതല്‍ പ്രിയപ്പെട്ടവനായി മാറി, അന്ന് താന്‍ കണ്ട കുഞ്ഞുമാലാഖയുടെ ചിത്രം അവന്‍ കടലാസില്‍ പകര്‍ത്തി- ആ മാലാഖയ്ക്ക് കുഞ്ഞുണ്ണിയുടെ മുഖമായിരുന്നു.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141476