ദിവ്യകാരുണ്യത്തിന്റെ ചാരെ...
ജോസ്‌മോന്‍ ജോസഫ്

2013 ഒക്‌ടോബര്‍ മാസം 15-ാം തിയതിയാണ് ഞാന്‍ ദുബായില്‍ ആദ്യമായി വിസിറ്റ് വിസയില്‍ എത്തുന്നത്. ഇവിടേക്ക് എത്തുന്നതിനു മുമ്പ് ജൂലൈ മാസം ഞാനൊരു ധ്യാനം കൂടുവാനിടയായി. തിരക്കിട്ട ജോലിയന്വേഷണത്തിന്റെ നാളുകളില്‍ പള്ളിയിലൊക്കെ ചുരുക്കം ചില ദിവസങ്ങളില്‍ മാത്രമേ പോയിരുന്നുള്ളൂ. എന്നെ ഇവിടെ വിസിറ്റില്‍ കൊണ്ടു വന്ന അങ്കിള്‍ നിരന്തരം നിര്‍ബന്ധിക്കുമായിരുന്നെങ്കിലും  മടിമൂലം ഞാന്‍ എപ്പോഴും നിരസിച്ചിരുന്നു. ഈ അവസരത്തില്‍ കുറേ ദിവസങ്ങള്‍ക്ക് ശേഷം എനിയ്‌ക്കൊരു ഇന്റര്‍വ്യുകോള്‍ വരുകയും ഡിസംബര്‍ മാസം ആദ്യ ആഴ്ച്ചയില്‍ ജോലിയുടെ ഭാഗമായി ഖത്തറിലേക്ക് യാത്രയാവുകയും ചെയ്തു. കമ്പനിയുടെ ജോബ് കോണ്‍ട്രാക്ടറ്റനുസരിച്ച് മൂന്നുമാസത്തെ പ്രോജക്റ്റിനുശേഷം തിരികെ ദുബായിലുള്ള കമ്പനിയില്‍ ജോലി തുടരാം എന്നതായിരുന്നു വ്യവസ്ഥ. 

ഖത്തറിലേക്ക് പോയ ഞാന്‍ അവിടെ തീര്‍ത്തും ഒറ്റപ്പെട്ട സാഹചര്യത്തിലായിരുന്നു. മനസ്സിനാകെ വിഷമം തോന്നുന്ന അവസ്ഥയിലായിരുന്നു എപ്പോഴും എന്റെ ജോലി. കൂടാതെ കമ്പനിയില്‍ നിന്നുള്ള ഒറ്റപ്പെടലും, ഭയവും അപകര്‍ഷതാബോധവും ഞെരുക്കങ്ങള്‍ക്കുമിടയില്‍ അപ്പാടെ വലഞ്ഞ ഞാന്‍ എങ്ങോ മറന്നുപേക്ഷിച്ച പോയ എന്റെ ഈശോയെ തേടുവാന്‍ ഞാനാരംഭിച്ചു. ഒന്നര മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുള്ള പള്ളിയില്‍ എല്ലാ വെള്ളിയാഴ്ച്ചകളിലും പോകുവാനാരംഭിച്ചു. ജോലിയിലെ പ്രശ്‌നങ്ങള്‍ ദൈവസന്നിധിയില്‍ സമ്മര്‍പ്പിച്ച് സംതൃപ്തി നേടിയ ദിവസങ്ങളായിരുന്നു അത്. എങ്കിലും, തുടര്‍ന്നും മെയിന്‍ കോണ്‍ട്രാക്റ്റിംങ്ങ് കമ്പനിയുടെ ഇഞ്ചിനിയര്‍മാരില്‍നിന്നും, സൂപ്പര്‍വൈസര്‍മാരില്‍നിന്നും ആക്ഷേപങ്ങള്‍ക്കും നിന്ദാവചനങ്ങള്‍ക്കും ശകാരവര്‍ഷങ്ങള്‍ക്കും ഒരു കുറവുമുണ്ടായിരുന്നില്ല. വര്‍ക്ക്‌സൈറ്റിലുണ്ടായ ചെറിയ കശപിശകള്‍ക്കും, വാഗ്വാദങ്ങള്‍ക്കുമൊടുവില്‍ ഞാന്‍ സൈറ്റില്‍ പോകാതെയായി. ഇതിനിടയില്‍ ഏതാണ്ട് രണ്ടരമാസത്തെ ശബളം താരാതെയുമായി. ശബളം കിട്ടാതെ വന്നപ്പോള്‍ എന്റെ പ്രതിസന്ധികള്‍ ഏറുകയും കമ്പനിയില്‍ തുടരുവാനുള്ള  എന്റെ ആഗ്രഹങ്ങളുമില്ലാതെയായി. അങ്ങനെ മാനേജരെ ചീത്തവിളിച്ചുകൊണ്ട് കമ്പിനിയില്‍നിന്നും രാജിവെയ്ക്കുവാനിടയായി, ഏതാനും ദിവസങ്ങള്‍ക്കൊടുവില്‍ നാട്ടിലെത്തുകയും ചെയ്തു. നാട്ടിലെത്തിയ ഞാന്‍ നാട്ടുകാരുടെ ആക്ഷേപശരങ്ങള്‍ സഹിക്കവയ്യാതെ 2014 ഏപ്രില്‍ മാസമൊടുവില്‍ വീണ്ടും വിസിറ്റില്‍ എത്തുകയും, ഒരു മാസത്തെ ജോലിയന്വേഷണത്തില്‍ ജോലി കിട്ടാതെ വന്നപ്പോള്‍ വീണ്ടും വിസിറ്റ് കാലാവധി നീട്ടിയെടുത്തുകൊണ്ട് അന്വേഷണം തുടര്‍ന്നു.

അന്ന് അല്‍ഖൂസില്‍ താമസിച്ചിരുന്ന ഞാന്‍ ദിവസവും പള്ളിയില്‍ പോകുവാനാരംഭിച്ചു. രാവിലെ ആവശ്യമായ ഭക്ഷണം തയ്യാറാക്കിയശേഷം പള്ളിയില്‍ എത്തി ഉച്ചയ്ക്കുള്ള കുര്‍ബാനയ്ക്കുശേഷം നിത്യാരാധന ചാപ്പലില്‍ ഇരിക്കും. ഇതു പതിവായിരുന്നു. വൈകുന്നേരങ്ങളില്‍ റൂമിലിരുന്ന് ബയോഡാറ്റ അയയ്ക്കും. അങ്ങനെ കേവലം രണ്ടാഴ്ച്ച ബാക്കി നില്‍ക്കെ എന്റെ ആവലാതികളും, വിഷമങ്ങളും കൂടികൂടിവന്നു. ഒരു ദിവസം വൈകിട്ട് ഒറ്റയ്ക്കുള്ള റൂമില്‍ കിടന്നശേഷം, കടുത്ത ആകുലതകള്‍ക്കിടയില്‍ ഞാന്‍ ഞെട്ടിയെഴുന്നേല്‍ക്കുകയുണ്ടായി. ബെഡില്‍നിന്നും എന്റെ പേഴ്‌സണല്‍ ബൈബിള്‍ എടുത്തുവച്ചു വായിച്ചു. ബൈബിള്‍ അടച്ചു വച്ചതിനുശേഷം ലാപ്‌ടോപ് തുറന്ന് എന്നോട് ആരോ പറയുന്നുവെന്നവണ്ണം യൂട്യൂബ് തുറന്ന് കുറച്ചേറെ മാസങ്ങള്‍ക്കുമുന്‍പ് റെക്കോര്‍ഡ് ചെയ്തിട്ടുള്ള ഡൊമിനിക് വാളന്മാനാലച്ചന്റെ വചനപ്രഘോഷണ പ്രോഗ്രാം എടുത്തുവച്ചു കണ്ടുകൊണ്ടിരുന്നു. വചനശുശ്രൂഷയ്ക്കുശേഷം ദിവ്യകാരുണ്യ ഈശോയെ എഴുന്നള്ളിച്ചുള്ള ആരാധനയ്ക്കു ഞാന്‍ ബെഡില്‍നിന്നും താഴെയിറങ്ങി. മുട്ടുകുത്തി; കൈകള്‍ വിരിച്ച്, കണ്ണീരോടുകൂടി പങ്കുചേര്‍ന്നു. വളരെയധികം വിഷമത്തോടുകൂടി കമ്പ്യൂട്ടറില്‍ കാണുന്ന ദിവ്യകാരുണ്യനാഥനോട് ഞാന്‍ ഇപ്രകാരം പറഞ്ഞു. 'ഓ ദിവ്യകാരുണ്യനാഥാ നിനക്ക് എന്നോട് ഒരിത്തിരി സ്‌നേഹമുണ്ടെങ്കില്‍ എന്റെ പേര് അച്ചനിലൂടെ വിളിച്ചുപറയണം.' അതിനുശേഷം ഏതാണ്ട്  30 സെക്കന്‍ഡുകള്‍ക്കൊടുവില്‍ എന്റെ പേര് അച്ചനിലൂടെ ഈശോ പറയുകയുണ്ടായി. അതേ തുടര്‍ന്നു ഞാന്‍ ബൈബിള്‍ എടുത്തുവായിക്കുകയും സങ്കീ 118:8 വചനത്തിലൂടെ ഈശോ എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു. ബൈബിള്‍ അടച്ചുവച്ചതിനുശേഷം ഞാന്‍ കിടക്കുവാനൊരുങ്ങി. അപ്പോള്‍ എന്റെ കാതില്‍ ഒരു സ്വരം പതിഞ്ഞു. ' ഈ ദിവസങ്ങളില്‍ ഞാന്‍ നിന്നെ സന്ദര്‍ശിക്കും, അപ്പോള്‍ നീ മനസ്സിലാക്കും ഞാന്‍ ആരാണെന്ന് ' അങ്ങനെ ഞാന്‍ അതിരാവിലെ ഈശോയെ കാണുവാനുള്ള അതിയായ ആഗ്രഹത്തോടെ തിടുക്കത്തില്‍ പള്ളിയിലേക്കു പോയി. 

വി. കുര്‍ബാനയില്‍ സംബന്ധിച്ചശേഷം ചാപ്പലില്‍പോയി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഏകദേശം 4 മണിയായപ്പോള്‍ ചാപ്പലിന്റെ മുന്‍വശത്തുനിന്നും ഒരു ചേട്ടന്‍ എന്നെ തിരിഞ്ഞുനോക്കുവാന്‍ തുടങ്ങി. ഞാന്‍ തുടര്‍ന്നും ബൈബിള്‍ എടുത്തുവച്ചുകൊണ്ട് വായിക്കുമ്പോള്‍, ചേട്ടന്‍ എന്റെ മുമ്പിലേക്ക് വന്നതിനുശേഷം ഒരു ചെറിയ കടലാസ് എന്റെ ബൈബിളിലേക്ക് ഇട്ടുതന്നു. അതില്‍ ഇപ്രകാരം എഴുതിയിരുന്നു.' ജോഷ്വാ 3:5 '  അതിനുശേഷം ചേട്ടന്‍ വാതില്‍ തുറന്ന് ഇറങ്ങിപ്പോയി. ഞാന്‍ ആ വചനഭാഗം വായിച്ചമാത്രയില്‍, തലേദിവസം ഈശോ എന്റെ കാതുകളില്‍ മന്ത്രിച്ചകാര്യം ഓര്‍മ്മ വന്നു. ഞാന്‍ അവിടെയിരുന്നു കണ്ണുനീര്‍ തുടച്ചുകൊണ്ട് വചനം ധ്യാനിച്ചു പ്രാര്‍ത്ഥിച്ചു. ഏകദേശം 5.30 മണിക്ക് ഞാന്‍ ബൈബിള്‍ എടുത്തു ബാഗില്‍ വച്ചശേഷം ചാപ്പല്‍ വിട്ടിറങ്ങി. പുറത്തേക്കിറങ്ങിയ എന്നേയും പ്രതീക്ഷിച്ചുകൊണ്ട് ആ ചേട്ടന്‍ പുറത്ത് ബെഞ്ചില്‍ ഇരിപ്പുണ്ടായിരുന്നു. അവിടെയിരുന്നുകൊണ്ട് എന്നെ വിളിച്ചു. പരിചയക്കുറവുമൂലം രണ്ടുപ്രാവശ്യത്തെ വിളിക്കൊടുവില്‍ ഞാന്‍ അടുത്തേക്കു ചെന്നു. തുടര്‍ന്ന് കൗണ്‍സിലിങ്ങിലൂടെ കടന്നുപോവുകയും അടുത്ത ദിവസം തന്നെ നല്ലൊരു കുമ്പസാരം നടത്തുവാനും സാധിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജോലിയും ലഭിച്ചു ഞാന്‍ നാട്ടിലേക്കു മടങ്ങി. തിരികെ നവംബര്‍ മാസം പുതിയ ജോലിയില്‍ പ്രവേശിക്കുവാനും, ഈശോയുമായി ഗാഢമായ ബന്ധത്തില്‍ ആഴപ്പെടുവാനും അതേതുടര്‍ന്ന് ജീസസ്സ് യൂത്ത് കൂട്ടായ്മയിലേക്ക് കടന്നു വരുവാനും ഈശോയ്ക്കുവേണ്ടി അനേകം ആത്മാക്കളെ നേടുവാനുള്ള യാത്ര തുടരുകയും ചെയുന്നു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 88951