നെയ്ത്തുകാരന്‍
റീഗന്‍

തന്റെ ജ്ഞാനം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ജ്ഞാനിയായ ദൈവം ഓരോ മനുഷ്യരെയും ഭൂമിയിലേക്ക് അയയ്ക്കുമ്പോള്‍, അവനെക്കുറിച്ച് ഒരു പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളിലും അവസ്ഥകളിലും നമുക്ക് വഴികാട്ടിയായി ജ്ഞാനിയായ ദൈവം വചനമായി മാറി. ആ വചനങ്ങള്‍ കൊണ്ട് നെയ്ത് ഇഴചേര്‍ത്തുവേണം ഈ ലോകത്തില്‍ നാം ജീവിക്കാന്‍. ഈ പ്രവാസജീവിതത്തിന്റെ അവസാനം നാം സ്വര്‍ഗത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ നാം ഇഴചേര്‍ത്തു നെയ്‌തെടുത്ത വസ്ത്രമായിരിക്കും നാം ധരിച്ചിരിക്കുക.

തിന്‍മയുടെ അതിപ്രസരം നിറഞ്ഞുനില്‍ക്കുന്ന ഈ ലോകത്തില്‍ നാം നെയ്‌തെടുക്കുന്നതെന്താണെന്ന് നമുക്ക് ചിന്തിക്കാം. ഉദാഹരണമായി രാത്രിയില്‍ ശുഭനിദ്ര നേര്‍ന്നുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പോയി കിടന്ന് ഉറങ്ങ് പെണ്ണേ എന്ന ട്രോളിനെക്കാള്‍ എത്രയോ മനോഹരമാണ് പ്രശ്‌നങ്ങളുടെ മധ്യേ സമാധാനത്തോടെ യൗസേപ്പിതാവിനെപ്പോലെ ഉറങ്ങുവാന്‍ സാധിക്കട്ടെ എന്ന ആശംസ. ഓരോ സന്ദര്‍ഭങ്ങളിലും പറയേണ്ട സിനിമാഡയലോഗുകള്‍ നമുക്ക് കാണാപാഠമാണ്. ഇവിടെയാണ് നാം മാറേണ്ടത്. ദൈവം നമുക്കായി തന്നിരിക്കുന്ന വചനങ്ങള്‍, വിശുദ്ധരുടെ ജീവിതചര്യകള്‍ എന്നിവയാല്‍ നിറഞ്ഞതാവണം നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും. എതിരാളിയെ ഇടിച്ചുവീഴ്ത്തി പഞ്ച് ഡയലോഗ് പറയുന്ന നായകനേക്കാള്‍ വേദനിപ്പിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ച യേശുവാകണം നമ്മുടെ ഹീറോ. കള്ളും കഞ്ചാവും വിറ്റ് പണക്കാരനാകുന്ന സൂപ്പര്‍താരങ്ങള്‍ കാട്ടിക്കൂട്ടുന്ന ചാരിറ്റിയേക്കാള്‍ പ്രാധാന്യം അനാഥക്കുഞ്ഞുങ്ങളെ മാറോടുചേര്‍ത്തു ശുശ്രൂഷിച്ച മദര്‍തെരേസക്കുണ്ടാകണം. ഓരോ ജീസസ് യൂത്തിലും ഉണ്ടാകേണ്ട മാറ്റം അങ്ങനെയാണ്. നമ്മുടെ കുഞ്ഞുമക്കളില്‍ ഇത്തരം മൂല്യബോധം ചെറുപ്പം മുതല്‍ പരിശീലിപ്പിക്കേണ്ടതുണ്ട്. തനിയെ പുറത്തുപോകാന്‍ പേടിതോന്നുന്ന കുഞ്ഞിനോട് കര്‍ത്താവിന്റെ സംരക്ഷണം പ്രാര്‍ഥിച്ചിട്ട് പൊയ്ക്കാളൂ എന്ന് ധൈര്യപ്പെടുത്തിവിട്ടാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ അവന് മറ്റാരോടും സഹായം ചോദിക്കേണ്ടിവരില്ല. മദ്യപാനിയായ പിതാവിനോട് അപ്പനാണെന്നൊന്നും ഞാന്‍ നോക്കില്ല എന്നുപറയുന്നതിനു പകരം തന്റെ പ്രാര്‍ത്ഥനയിലൂടെ മകനെ മാനസാന്തരപ്പെടുത്തി വിശുദ്ധനാക്കിയ മോണിക്ക പുണ്യവതിയെ മാതൃകയാക്കണം. പണമാണ് എല്ലാം എന്ന ചിന്ത നല്‍കുന്നതിനേക്കാള്‍ തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് ദൈവത്തിനായി ഇറങ്ങിത്തിരിച്ച വി.ഫ്രാന്‍സിസ് അസീസി നമുക്കുണ്ടെന്നു  പറഞ്ഞുകൊടുക്കണം.

അങ്ങനെ നമുക്കും നമ്മുടെ വരും തലമുറയ്ക്കും നാം ജീവിതംകൊണ്ട് നെയ്‌തെടുക്കുന്ന വസ്ത്രം വിശുദ്ധിയുടേതാക്കിമാറ്റാം. വിശുദ്ധരെപ്പോലെ നാം നെയ്‌തെടുക്കുന്ന വസ്ത്രത്തില്‍ നിന്നും ലോകത്തിന്റെ ഇഴകള്‍ വേര്‍പ്പെടുത്തിക്കളഞ്ഞ് ശുഭ്രവസ്ത്രധാരികളാവാം. സ്വര്‍ഗവാതില്‍ക്കല്‍ ആ വസ്ത്രത്തിന്റെ ശോഭയോടെ കാത്തുനില്‍ക്കാനാകണം ഇനിയുള്ള നമ്മുടെ ജീവിതം.  

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82589