ദൈവകരുണയുടെ തണലില്‍...
എബിന്‍ തോട്ടത്തില്‍

ക്രിസ്തുവില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ സുഹൃത്തുക്കളേ,ദൈവ പരിപാലനയുടേയും കരുണയുടേയും ചിന്താവഴിത്താരയിലൂടെ അല്‍പസമയം നിങ്ങളെ കൂട്ടികൊണ്ടുപോകുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നാമ്മെല്ലാവരും ഒത്തിരി പ്രാര്‍ത്ഥിക്കുന്നവരാണ്. അതൊക്കെ നമ്മുടെ കൊച്ചുകൊച്ചു ആവശ്യങ്ങളുടെ സാക്ഷാത്ക്കാരത്തിനോ, പ്രശ്‌നപരിഹാരത്തിനോ വേണ്ടി മാത്രമാണോ? എത്ര പ്രാര്‍ത്ഥിച്ചിട്ടും അതിനു പ്രത്യുത്തരം ലഭിക്കാതെ മുറുമുറുപ്പുമായി പരിതപിക്കുകയാണോ? എന്നാല്‍ ഇനി മുതല്‍ നാം  പ്രാര്‍ത്ഥിക്കുമ്പോള്‍ അവ നമ്മുക്ക് വേണ്ടിയാകാതെ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടിയാകട്ടെ. പ്രാര്‍ത്ഥനയുടെ ആഴങ്ങളിലേക്ക് നാം കടന്നുച്ചെല്ലുമ്പോള്‍, നമ്മുടെ ഹൃദയവിചാരങ്ങള്‍ അറിയുന്നവന്‍ സമയത്തിന്റെ പൂര്‍ണ്ണതയില്‍ ഏറ്റവും മനോഹരമാംവിധം തന്റെ ആവശ്യങ്ങള്‍ സാധിച്ചുതരുമെന്ന ഉറച്ചബോധ്യത്തോടെയും വിശ്വാസത്തോടെയും ആയിരിക്കുവിന്‍. യേശു പറഞ്ഞു: നിങ്ങളുടെ അല്‍പവിശ്വാസം കൊണ്ടുതന്നെ. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു: നിങ്ങള്‍ക്ക് കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്, ഇവിടെ നിന്നു മാറി മറ്റൊരു സ്ഥലത്തേക്കു പോവുക, എന്നു പറഞ്ഞാല്‍ അതു മാറിപ്പോകും നിങ്ങള്‍ക്ക് യാതൊന്നും അസാധ്യമായിരിക്കുകയില്ല. (മത്താ: 17:20-21) എന്നരുള്‍ചെയ്ത കര്‍ത്താവാണ് നമ്മുടെ ദൈവം. ഒന്നു ആലോചിച്ചു നോക്കിക്കേ... മേല്‍ക്കൂര തകര്‍ത്ത് കിടപ്പുരോഗിയെ ഇറക്കിയവരുടെ വിശ്വാസത്തിന്റെ ആഴമുണ്ടോ നമ്മുക്ക്? കേരളം പ്രളയദുരിതത്തിലാഴ്ന്നപ്പോഴും കരുണ, കരുതല്‍, അര്‍പ്പണബോധത്തിന്റെ ഒക്കെ വഴിത്താരയിലായിരുന്നു നാമ്മെല്ലാവരും. ലോകം നോക്കികാണുകയായിരുന്നു നമ്മുടെ അതിജീവനത്തിന്റെ നാനാവഴികള്‍. എന്നാല്‍ ഇപ്പോഴിതാ കേരളകത്തോലിക്കാ സഭയെ പിടിച്ചുകുലുക്കുമാറ് സംഭവബഹുലമായവ അരങ്ങ് തിമിര്‍ക്കുന്നു. ദൈവകരുണയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നാം അതീവ ശ്രദ്ധ ചെലുത്തണം.

സഭയുടെ വിശുദ്ധീകരണം അനിവാര്യമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. സഭയുടെ വിശുദ്ധീകരണമെന്നത് സഭാംഗമായ നാം ഓരോരുത്തരുടേയും വ്യക്തിത്ത്വ വിശുദ്ധീകരണമാണ്. അനുദിന ദിവ്യബലിയര്‍പ്പണവും കൂടെ കൂടെയുള്ള അനുതാപസങ്കീര്‍ത്തനവും അതിനുത്തമ ഔഷധമാണ്. കൂദാശകളുടെ പവിത്രത ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലഘട്ടത്തില്‍ നമ്മുടെ വിശ്വാസമൂല്യങ്ങളെ കൈവിടാതെ മുറുകെ പിടിക്കാം. ദൈവകരുണയുടെ തണലില്‍ നമ്മുടെ സഹോദരങ്ങളുടെ നാനാവിധ ആവശ്യങ്ങള്‍ക്കായി ദൈവസന്നിധിയില്‍ നമുക്ക് കരങ്ങളുയര്‍ത്താം. കരുണയുടെ ജപമാലയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം. മാതാവിനൊപ്പം, സകലവിശുദ്ധര്‍ക്കുമൊപ്പം മാധ്യസ്ഥം വഹിച്ചു ദൈവസന്നിധിയില്‍ അണിചേരാം. സഹായകാ, പരിശുദ്ധാത്മാവേ നയിച്ചിടേണം ഈ ജീവിതയാത്രയില്‍...ക്രിസ്തുവിന്റെ അജഗണമേ, ക്രിസ്തുവിലൂടെ...ക്രിസ്തുവിലേക്ക്, ക്രിസ്തുവില്‍തന്നെ... 

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82589