എന്നെ പേരുചൊല്ലി വിളിച്ച എന്റെ ദൈവം...
സെബിന്‍ സി.ആര്‍

പ്രവാസ ജീവിതം തുടങ്ങിയ അതേ സമയത്ത് തന്നെ ഈശോ നല്‍കിയ മനോഹരമായ സമ്മാനമായിരുന്നു ജീസസ്‌യൂത്ത് മുന്നേറ്റം. ദൈവാനുഭവത്തിലേക്ക് കടന്നുവരാന്‍ സാധിച്ചത് ഈ മുന്നേറ്റത്തിലൂടെയാണെന്ന് ഈ നിമിഷം ഞാന്‍ ഓര്‍ക്കുന്നു. അല്ലെങ്കില്‍ ഒരുപക്ഷേ, ഞാനൊരു നാമമാത്ര ക്രിസ്ത്യാനിയായി ജീവിതം പാഴാക്കികളയുമായിരുന്നു.

മുന്നേറ്റത്തിലേക്ക് കടന്നുവന്നതിനു ശേഷം എന്നില്‍ എന്തു മാറ്റമുണ്ടായി എന്ന പ്രസക്തമായ ചോദ്യം പലപ്പോഴും എന്റെ മനസിലേക്ക് കടന്നുവരാറുണ്ട്. മുന്നേറ്റത്തിന്റെ വിവിധ ഫോര്‍മേഷനുകളിലൂടെയും ശുശ്രൂഷകളിലൂടെയും കടന്നുപോയപ്പോള്‍ എന്റെ ജീവിതത്തില്‍ ഏറ്റവും പ്രകടമായ മാറ്റങ്ങള്‍ സംഭവിച്ച ഒരു മേഖലയാണ് ദിവ്യബലിയര്‍പ്പണം. സ്‌നേഹമുള്ളവരെ, ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു, ഞാന്‍ അര്‍പ്പിക്കുന്ന ഓരോ ദിവ്യബലിയിലും ഈശോയുടെ സജീവസാന്നിധ്യമുണ്ടെന്ന്. ഇന്ന് ജീവിക്കുന്ന ഈശോയുടെ ശരീരങ്ങളാണ് ഞാന്‍ ആ ബലിയില്‍ സ്വീകരിക്കുന്നത് എന്നുള്ള വിശ്വാസത്തിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുവാന്‍ ദൈവം അനുഗ്രഹിച്ചു. ഇപ്പോള്‍ ഞാന്‍ ഏറ്റവും അധികം ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും ആ ബലിയിലൂടെ ഈശോയോട് ചേര്‍ന്നു നടക്കുവാനാണ്. ബലിയര്‍പ്പിക്കാന്‍ ദൈവികസാന്നിദ്ധ്യമുള്ള അള്‍ത്താരക്ക് മുമ്പില്‍ വന്നണയുമ്പോള്‍ ഹൃദയത്തിലേയ്ക്ക് കടന്നുവരുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്.

രണ്ടാമതായി ദൈവം വളരെയധികം അനുഗ്രഹിച്ചത് വചന അഭിഷേകത്തിലൂടെയാണ്. നാട്ടിലായിരുന്നപ്പോള്‍ വചനം വായിക്കാനോ പഠിക്കാനോ അതുവരെയും ശ്രമിക്കാതിരുന്ന എന്റെ ജീവിതത്തിലേയ്ക്ക് വചനങ്ങള്‍ കടന്നു വന്നത് ഈ പ്രവാസ ജീവിതത്തിലാണ്. വിശുദ്ധ ഗ്രന്ഥത്തിലെ ദൈവത്തിന്റെ ഓരോ വചനങ്ങളിലൂടെയും കന്നുപോകുമ്പോള്‍ അത് ദൈവത്തിന്‍ന്റെ സ്വരമാണെന്ന് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു.

ജീവിതം ഒരുപാട് പ്രതിസന്ധികളിലൂടെയും പരീക്ഷണങ്ങളിലൂടെയുമാണ് കടന്നുപോകുന്നത് എങ്കിലും ഞാന്‍ വിശ്വസിക്കുന്നു അവിടുന്ന് എന്നെ കൈവിടുകയില്ല. താന്‍  സ്‌നേഹിക്കുന്നവരെ ഉപേക്ഷിച്ചുകളയുന്ന ദൈവത്തോടല്ല ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. എന്റെ ദൈവമായ കര്‍ത്താവ് എന്നെ പേരു ചൊല്ലി വിളിച്ചതുകൊണ്ടാണ് ഈ ദേശത്തേയ്ക്കും അതുവഴി മുന്നേറ്റത്തിലേയ്ക്കും കടന്നുവരാന്‍ സാധിച്ചത്. ജീവിതത്തില്‍ നല്‍കിയതെല്ലാം അങ്ങയുടെ ദാനങ്ങളാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്റെ യോഗ്യതകളാല്‍ അല്ല അവിടുന്ന് എന്നെ തിരഞ്ഞെടുത്തതും അനുഗ്രഹിക്കുന്നതും, എല്ലാം ദൈവത്തിന്റെ കരുണ മാത്രമാണ്. 'കര്‍ത്താവ് എന്റെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ എന്ത് പകരം കൊടുക്കും' (സങ്കീ.116:12)

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137846