നാരങ്ങ മിഠായി
ചന്തു (തൂലികാനാമം)

ചേച്ചി... എനിക്ക് ഒരു നാരങ്ങാ മിഠായി കൂടി തായോ...

ഇല്ലില്ല... നീ രണ്ടെണ്ണം തിന്നല്ലോ... അതുമതി.. കൊതിക്കു പതം...

ചേച്ചീ... പ്ലീസ്, ഞാന്‍ ചക്കര ഉമ്മ തരാം...

അയ്യോടാ... തല്‍ക്കാലം വേണ്ട... കൊതി നിയന്ത്രിക്ക്... പാപം ചെയ്യാതിരിക്കാനുള്ള പരിശ്രമം ആകട്ടെ...

മനോഹരമായ നുണക്കുഴികള്‍ വിടര്‍ത്തി ഒരു ചെറു ചിരിയോടെ അവള്‍ അകത്തേയ്ക്ക് നടന്നു. പുറകില്‍ നിന്നും അപ്പോള്‍ അപ്പുവിന്റെ വക ഒരു ഐറ്റം ഡയലോഗും വന്നു... നശിച്ച ആദവും ഹവ്വയും... ഏതു നേരത്താണോ അവര്‍ക്ക് പഴം തിന്നാന്‍ തോന്നിയത്. പാപത്തിന്റെ പേരും പറഞ്ഞ് ബാക്കിയുള്ളവന് ഒരു മിഠായി പോലും തരില്ല... 

അതു കേട്ടതും പണ്ടേ ജീസസ് യൂത്തായ ചേച്ചിയുടെ മനസ്സില്‍ ലഡു പൊട്ടി. ഒരു ഉപദേശം കൊടുക്കാനുള്ള സ്‌കോപ്പ് കാണുന്നു. ഉപദേശം ചേച്ചിമാരുടെ അവകാശമായതുകൊണ്ട് ഒന്നുകൂടെ അപ്പുവിനെ ഉപദേശിച്ച് മാനസാന്തരപ്പെടുത്തിക്കളയാം എന്നവള്‍ തീരുമാനിച്ചു.

അപ്പൂ ഇങ്ങു വാ..., ഇനിയെങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്നോര്‍ത്ത് നല്ല ഒരു ചിരിയും മുഖത്ത് ഫിറ്റ് ചെയ്ത് അപ്പു ചെന്നു. മടിയില്‍ ചാടിക്കയറി ഇരുന്നിട്ട് ഒരു ചക്കരയുമ്മ മുന്‍കൂറായി അങ്ങു കാച്ചി. എന്നിട്ട് പ്രതീക്ഷയോടെ ചേച്ചിയുടെ മുഖത്തേയ്ക്ക് നോക്കി.

അപ്പൂ... ചേച്ചി ഒരു കഥ പറയട്ടെ.. ?

ഓ... കഥയായിരുന്നോ...? പറ്റുന്നത്ര പ്രിങ്ങ്യാസം മുഖത്തു വരുത്തി അവന്‍ ചോദിച്ചു.

അപ്പൂ... നീ വിചാരിക്കുന്നതുപോലെ ആദവും ഹവ്വയും അത്ര ബുദ്ധിയില്ലാത്തവരൊന്നുമല്ല. ദൈവത്തെ സ്‌നേഹിക്കുന്ന രണ്ടു മനുഷ്യരായിരുന്നു.

അത്ര നല്ലവരായിരുന്നെങ്കില്‍ പിന്നെന്തിനാ പഴം തിന്നത്..? ബാക്കിയുള്ളവന് പണിയുണ്ടാക്കാനാണോ..?  നാരങ്ങാ മിഠായി കിട്ടാത്തതിന്റെ നിരാശ അവന്റെ ചോദ്യത്തില്‍ മുഴച്ചു നിന്നു...

അപ്പൂ... ദൈവത്തെ സ്‌നേഹിക്കുകയും ദൈവത്തോടൊപ്പം നടക്കുകയും ദൈവത്തെ കാണുകയും ദൈവത്തിന്റെ സൗഹൃദം ആസ്വദിക്കുകയും ഒക്കെ ചെയ്ത രണ്ടുപേര്‍. അവരെ അത്ര എളുപ്പം പാപത്തില്‍ വീഴ്ത്താന്‍ പറ്റില്ലെന്ന് സാത്താനുമറിയാം. അതുകൊണ്ട് അവന്‍ വളരെ തന്ത്രപൂര്‍വ്വമാണ് അവരെ വീഴ്ത്തിയത്.

ഹവ്വയുടെ മുമ്പില്‍ അവന്‍ തുറന്നു വച്ചത് ഒരു പക്ഷേ നന്മയുടെ കുറേ സാദ്ധ്യതകളാണെ- ങ്കിലോ? ഈ പഴം കഴിച്ചാല്‍ നിങ്ങള്‍ക്കും നന്മയും തിന്മയും തിരിച്ചറിയാം. അങ്ങനെ നന്മ തിരിച്ചറിഞ്ഞ് ദൈവത്തിന് ഇഷ്ടമുള്ള നന്മ നാത്രം പ്രവര്‍ത്തിച്ച് ദൈവത്തെ സന്തോഷിപ്പിക്കാം. അങ്ങിനെയൊക്കെ... ദൈവത്തെ എതിര്‍ക്കണമെന്നോ തിന്മ ചെയ്യണമെന്നോ ഒന്നും സാത്താന്‍ അവരോട് പറയുന്നില്ല. പകരം നന്മ എന്നു തോന്നുന്ന ഒരു വശത്തിലേയ്ക്ക് മാത്രം അവരുടെ ശ്രദ്ധയെ തിരിച്ചു. അതിലൂടെ വരുന്ന അനുസരണക്കേട് എന്ന തിന്മയെ സൗകര്യപൂര്‍വ്വം മറച്ചുവച്ചു. ആ ഒരു നിമിഷം ദൈവത്തോട് ആലോചന ചോദിക്കുവാനോ പിശാചിന്റെ തന്ത്രം മനസ്സിലാക്കുവാനോ പാവം ഹവ്വയ്ക്കു കഴിഞ്ഞില്ല. 

ങും.. ശരിയാ... നാരങ്ങാ മിഠായി അവന്റെ മനസ്സില്‍ നിന്നും പതിയെ മാഞ്ഞു തുടങ്ങിയിരുന്നു.  നന്മയുടെ പുറംചട്ടയണിഞ്ഞ തിന്മ...

ങും... മനസ്സിലായി.. എന്റെ ബര്‍ത്തഡേയ്ക്ക് ചേച്ചി തന്ന സമ്മാനം പലെ... അടിപൊളി കവര്‍... തുറന്നപ്പോള്‍ അതിനകത്ത് ഒരു പൂവും ഒരു കാര്‍ഡും ഒരു കൊന്തയും.. ഹും...

പോടാ കള്ളാ... അതിന്റെ മൂല്യം നിനക്ക് പിന്നീടു മനസ്സിലാകും... നമ്മുടെ മുമ്പിലും ഇതുപോലെ പലതും വരും. ഒറ്റ നോട്ടത്തില്‍ നന്മയെന്നു തോന്നുന്ന തിന്മകള്‍. സാമുവല്‍ പ്രവാചകന്റെ പുസ്തകത്തില്‍ നാം ഇത് കാണുന്നുണ്ട്. ഫിലിസ്ത്യര്‍ യുദ്ധം ചെയ്യാന്‍ വരുമ്പോള്‍ സാമുവലിനെ കാത്തുനില്‍ക്കാതെ സാവൂള്‍ ദൈവത്തിന് ബലിയര്‍പ്പിച്ചു. ജനം തന്നെ വിട്ടുപിരിഞ്ഞു പോവാതിരിക്കാനും യുദ്ധം അടുത്തതുകൊണ്ടുമാണ് സാവൂള്‍ അങ്ങിനെ ചെയ്തത്. എന്നാല്‍ സാമുവല്‍ പറഞ്ഞു. നീ വിഢിത്തമാണ് ചെയ്തത്. നിന്റെ ദൈവമായ കര്‍ത്താവിന്റെ കല്‍പ്പന നീ അനുസരിച്ചില്ല. അനുസരിച്ചിരുന്നെങ്കില്‍, അവിടുന്ന് നിന്റെ രാജത്വം ഇസ്രായേലില്‍ എന്നേക്കുമായി സ്ഥിരപ്പെടുത്തുമായിരുന്നു. എന്നാല്‍ നിന്റെ ഭരണം ഇനി ദീര്‍ഘിക്കുകയില്ല. കര്‍ത്താവിന്റെ കല്‍പ്പനകള്‍ നീ അനുസരിക്കായ്കയാല്‍, തന്റെ ഹിതാനുവര്‍ത്തിയായ ഒരാളെ അവിടുന്ന് തിരഞ്ഞെടുത്തിട്ടുണ്ട്. ജനത്തിന് രാജാവായി അവിടുന്ന് അവനെ നിയോഗിച്ചു കഴിഞ്ഞു. ( 1 സാമുവല്‍ 13:13-14)

ഓര്‍ക്കുക, നിസാരമെന്നു തോന്നുന്ന,  ചിന്തയില്ലാത്ത ഒരു പ്രവൃത്തിയിലൂടെ, സ്വന്തം മനസ്സിന് നന്മയെന്നു തോന്നിയത് സ്ഥാപിക്കാനുള്ള വ്യഗ്രതയില്‍ അനുസരണക്കേടിലൂടെ സാവൂളിന്റെ അഭിഷേകവും രാജത്വവും നഷ്ടമായി. നല്ല മനസ്സോടെ, ദൈവത്തിന് പ്രതീകമായിരിക്കും എന്നു വിചാരിച്ചു, മനുഷ്യമനസ്സിന് നന്മയും ഉചിതവുമായി തോന്നിയ ഒരു പ്രവൃത്തി, ദൈവീകമായ സംവിധാനങ്ങളോടുള്ള അനുസരണം, വിധേയത്വം എന്നീ പുണ്യങ്ങള്‍ക്ക് എതിരായിരുന്നു എന്നു മനസ്സിലാക്കാന്‍ അവനു കഴിഞ്ഞില്ല. ഇതുപോലെ നമ്മുടെ ജീവിതത്തിലും സംഭവിക്കാം...!

വിശുദ്ധ ഫൗസ്റ്റീനയുടെ ജീവിതത്തിലും നമ്മള്‍ ഇതുപോലെ ഒരു സംഭവം കാണുന്നുണ്ട്. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി സിസ്റ്റേഴ്‌സ് ഓഫ് അവര്‍ ലേഡി ഓഫ് മേഴ്‌സി സഭാ സമൂഹത്തില്‍ ചേര്‍ന്നതിനു ശേഷം മറ്റൊരു കോണ്‍ഗ്രിഗേഷനിലേയ്ക്ക് മാറാന്‍ വിശുദ്ധയ്ക്ക് അതിയായ ആഗ്രഹം തോന്നി. കൂടുതല്‍ പ്രാര്‍ത്ഥിക്കുവാനുള്ള അവസരം ലഭിക്കുന്നതിനും കൂടുതല്‍ പ്രായശ്ചിത്വത്തില്‍ അധിഷ്ഠിതമായ ജീവിത ശൈലി പിന്‍തുടരുവാനും ഒരു പുണ്യവതി ആകുവാനും ഈശോയെ കൂടുതല്‍ സ്‌നേഹിക്കുവാനും ഒക്കെയുള്ള ആഗ്രഹത്താലായിരുന്നു അത്. ഈ ആഗ്രഹം ശക്തമായപ്പേള്‍ ഒരു ദിവസം രാത്രി എല്ലാവരും ഉറങ്ങിയതിനു ശേഷം വിശുദ്ധ ഫൗസ്റ്റീന നിലത്തു കമിഴ്ന്നു കിടന്ന് എളിമപ്പെട്ട് ഈശോയുടെ ഹിതമറിയാന്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ഈശോയുടെ ഹിതമറിയാന്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ഈശോ  ദേഹമാസകലം രക്തം ഒലിക്കുന്ന മുറിവുകളും തകര്‍ക്കപ്പെട്ട മുഖവുമായി പ്രത്യക്ഷനായി ഈ പ്രലോഭനത്തില്‍ നിന്നും പിന്മാറാന്‍ വിശുദ്ധയോട് ആവശ്യപ്പെട്ടു. വിശുദ്ധ ഫൗസ്റ്റീനയുടെ ഈ ചിന്തയെ ഈശോ വിളിച്ചത് പ്രലോഭനം എന്നാണ്. ദൈവം ആഗ്രഹിക്കാത്തതും ദൈവഹിതമല്ലാത്തതുമായ നന്മയെന്നു തോന്നിക്കുന്ന കാര്യങ്ങളെ കുറിച്ച് നാം ജാഗരൂകരായിരിക്കണം. പരിശുദ്ധ  അമ്മയുടെ മാദ്ധ്യസ്ഥവും സൗഹൃദവും ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മെ ഒത്തിരി സഹായിക്കാന്‍ കഴിയും. എന്റെ അമ്മേ, എന്നെ സഹായിക്കണമേ എന്നുള്ള ഒറ്റ വിളി മതി...

ഇത്രയും പറഞ്ഞിട്ട് അവള്‍ അപ്പുവിന്റെ മുഖത്തേയ്ക്ക് പാളി ഒന്നു നോക്കി. ചെക്കന്‍ നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെ ഇരിക്കുന്നു. 

അപ്പൂ... നിനക്കു വല്ലതും മനസ്സിലായോ... പറഞ്ഞേ.. കേക്കട്ടെ...?

എന്തും കേള്‍ക്കാനുള്ള മനശക്തി അവള്‍ മുഖത്തേയ്ക്ക് ആവഹിച്ചു.

ങാ... അതായത്... അപ്പു ഞെരങ്ങി...  അതായത്?

നന്മയെന്നു തോന്നുന്ന ചില പ്രവൃത്തികള്‍ തിന്മ ആകാമെന്നും, ഈശോയുടെ ഹിതമറിയാന്‍ എളിമയോടെ പ്രാര്‍ത്ഥിക്കണം, പരിശുദ്ധ അമ്മയുടെ സഹായം തേടണമെന്നും, അനുസര- ണവും ദൈവീക സംവിധാനങ്ങളോട് വിധേയത്വവും വേണം എന്നും മനസ്സിലായി... അപ്പു ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി....

ജീവിതത്തില്‍ ആദ്യമായി ഒരു കാര്യം ചെക്കന്‍ വെടിപ്പോടെ പറഞ്ഞപ്പോള്‍ അവളുടെ കണ്ണു നിറഞ്ഞുപോയി...   എന്നാ ഇനി ചേച്ചിയ്‌ക്കൊരു ചക്കരയുമ്മ പോരട്ടെ...

ഉമ്മ തരാനെന്നുള്ള വ്യാജേന തിരിഞ്ഞ് അവളുടെ കവിളില്‍ ഒരു ചെറിയ കടി വച്ചു കൊടുത്തിട്ട് അപ്പു ഇറങ്ങി ഓടിയപ്പോള്‍... മനസ്സു നിറഞ്ഞുള്ള അവളുടെ ചിരി നിലയ്ക്കുന്നുണ്ടായിരുന്നില്ല...

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 77825