വഴിതെറ്റി എത്തിയ നേര്‍വഴി
മൊബിന ബേബി

സ്വപ്നങ്ങളുടെ ഒരതിരില്‍പോലും ആഗ്രഹിക്കാത്ത- അതിനുള്ള യാതൊരു സാധ്യതകളും നിലവിലില്ലാതിരുന്ന ഞാന്‍ തികച്ചും അപ്രതീക്ഷിതമായി ദുബായ് എന്ന മഹാനഗരത്തില്‍ വന്നുചേര്‍ന്നു. ഓഫീസിലെ ചേട്ടനൊപ്പം പള്ളിയിലെത്തിയ എന്നെ നിനക്കുപോകാന്‍ പറ്റിയ ഇടമുണ്ടെന്നു പറഞ്ഞ് അദ്ദേഹം നിതിന്‍ചേട്ടനെ പരിചയപ്പെടുത്തുകയും അങ്ങനെ റൂം നമ്പര്‍ 6 ല്‍   എത്തിപ്പെടുകയുമാണുണ്ടായത്. അവിടെ എന്നെ കാത്തിരുന്നത് ദൈവാനുഭൂതിയുടെ വിസ്മയലോകമായിരുന്നു- ഉള്ളിലെ ഭാരങ്ങളെ അലിയിപ്പിച്ചുകളയുന്ന ദൈവസ്‌നേഹത്തിന്റെ ജ്വാലകളായിരുന്നു-അരുമനാഥന്റെ ആശ്ലേഷമായിരുന്നു. രണ്ടു ബാച്ചുകളിലായാണ് എല്‍.എസ്സ്.എസ്സ്. എനിക്ക്  പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. അതിലൂടെ കടന്നുപോയപ്പോഴാണ് നമ്മെക്കുറിച്ചുള്ള ദൈവീകപദ്ധതികളുടെ ആഴം ബോധ്യമായത്. പരാതിയും പരിഭവവും നിറഞ്ഞ എന്റെ പ്രാര്‍ഥനകള്‍ നന്ദിയും സ്തുതിയും കൊണ്ട് നിറയാന്‍ തുടങ്ങി. സ്വയം നീതിമതിയെന്നു അഹങ്കരിച്ചിരുന്ന ഞാന്‍ നിസ്സാരമെന്നു കരുതിയ പല കാര്യങ്ങളും പാപമാണെന്നു തിരിച്ചറിഞ്ഞുതുടങ്ങി. പല സാഹചര്യങ്ങളിലും ആത്മാവിന്റെ അരുതുകള്‍ അനുസരിച്ചപ്പോള്‍ നന്മകള്‍ കൈവരുന്നത് അനുഭവിച്ചറിഞ്ഞു. പരിശുദ്ധാത്മാഭിഷേകത്തിന്റെ ക്ലാസില്‍ അല്പ്പം അവിശ്വാസത്തോടെയാണ് പങ്കെടുത്തതെങ്കിലും തോമായെപ്പോലെ എന്റെ നാഥനും ദൈവവുമായവന്റെ വിലാപ്പുറം വെളിപ്പടുകയും വിശ്വാസത്തിലുറയ്ക്കുകയും ചെയ്തു. വചനവായന ക്രമപ്പെടുകയും വചനം കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും അതു മറ്റുള്ളവരോട് പങ്കുവയ്ക്കുന്നതിനുള്ള ലജ്ജ മാറികിട്ടുകയും ചെയ്തു. വ്യക്തിപരമായ പ്രാര്‍ഥന, എന്നെ സംബന്ധിച്ചിടത്തോളം അത്തരമൊരു അറിവ് ആദ്യമായിട്ടായിരുന്നു. പക്ഷേ പ്രവാസജീവിതത്തിലെ എനിക്കനുഭവപ്പെട്ട കഠിനമായ മാനസികസംഘര്‍ഷങ്ങള്‍ മറികടക്കുവാനും മറ്റുള്ളവര്‍ ഒരുക്കിയ കെണികള്‍ തിരിച്ചറിയാനും സര്‍വ്വോപരി ഏനിക്കുകൂട്ടായി വിശ്വസ്തനായ ദൈവം കൂടെയുണ്ടെന്നും മനസ്സിലാക്കാനും പേഴ്‌സണല്‍ പ്രയര്‍ ശക്തി പകര്‍ന്നു. റാസല്‍ഖൈമയില്‍ വച്ചു നടന്ന ഫിലിപ്പ് കോഴ്‌സില്‍ പങ്കെടുത്തപ്പോഴാണ് അതുവരെ കര്‍ക്കശക്കാരനായി ഞാന്‍ അകറ്റിനിര്‍ത്തിയ ദൈവപിതാവിന്റെ കരുണയുള്ള- വാത്സല്യമാര്‍ന്ന മുഖം തിരിച്ചറിയാന്‍ കഴിഞ്ഞത്. ധൂര്‍ത്തപുത്രനെപ്പോലെ ആ മാറോടുചേര്‍ന്ന് ആശ്വസിക്കുവാനും ജീവിതത്തിലെ എല്ലാ വെല്ലുവിളികളും ധീരതയോടെ നേരിടാനും അനാവശ്യമായ ആകുലതകളെ ആത്മവിശ്വാസമാക്കി മാറ്റാനും സാധിച്ചത്.

പ്രിയമുള്ളവരെ, അതിശക്തമായ-ആഴമേറിയ-അനേകരുടെ പ്രാര്‍ഥനയിലൂടെ  ജ്വലിച്ചുയരുന്ന ആത്മാഭിഷേകമാണ് ജീസസ് യൂത്തിന്റെ ചാലകശക്തി. മറ്റു പ്രസ്ഥാനങ്ങളില്‍ നിന്നും നമ്മെ വേറിട്ടുനിര്‍ത്തുന്നതും അതുതന്നെയാണ്. യൗവ്വനത്തിന്റെ തീക്ഷ്ണതയും പ്രാര്‍ഥനയുടെ പക്വതയും ഒരുമിക്കുന്ന ഈ ഊര്‍ജമാണ്  ദൈവാരൂപിയുടെ അദൃശ്യമായ കാന്തശക്തിയാല്‍ നമ്മെ ചേര്‍ത്തുനിര്‍ത്തുന്നത്. പ്രവാസജീവിതത്തിലെ വിലയേറിയ സൗഹൃദങ്ങള്‍ എനിക്കുസമ്മാനിച്ചതും ജീസസ് യൂത്താണ്. നാം കടന്നുപോകുന്ന ഫോര്‍മേഷന്‍ കോഴ്‌സുകള്‍ ഇന്നല്ലെങ്കില്‍ നാളെ നമ്മുടെ ജീവിതമേഖലകളില്‍ ശക്തിപകരും എന്നതില്‍ സംശയമില്ല. ഉലയില്‍ ശുദ്ധിചെയ്യപ്പെട്ട സ്വര്‍ണം പോലെ നാം ഈശോയെ പ്രതിഫലിപ്പിക്കുന്ന മിഷണറികളായി മാറ്റപ്പെടുവാന്‍ അവ നമ്മെ സഹായിക്കും. 

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 88956