പിതാവിനെഴുതിയ കത്ത്...
ജിത്ത് ജെറിന്‍

ജീസസ് യൂത്ത്... ഈ പേര് ഞാന്‍ ആദ്യമായിട്ട് കേള്‍ക്കുന്നത് പ്ലസ്ടുവിന് പഠിക്കുമ്പോഴാണ്.  അന്ന് പള്ളിയില്‍ വരുന്ന ഒരു ചേട്ടന്‍ തുടങ്ങിയ ഒരു പ്രയര്‍ ഗ്രൂപ്പ് ആണ് ഇത് എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. പിന്നീട് കോളേജില്‍ എത്തിയപ്പോഴാണ് ജീസസ് യൂത്ത് വെറും ഒരു പ്രാര്‍ത്ഥനാ കൂട്ടായ്മ മാത്രമല്ല എന്നു മനസിലായത്. വീട്ടുകാരെ പിരിഞ്ഞ് ഹോസ്റ്റലില്‍ പോയപ്പോള്‍ ഒറ്റയ്ക്കായിപ്പോയി എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. പക്ഷേ, ജീസസ് യൂത്ത് എന്നെ ദൈവത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചു.

വിവാഹം കഴിഞ്ഞതിന് ശേഷം ദുബായ് ജീസസ് യൂത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞപ്പോഴാണ് മനസിലായത് വെറുതെ ജീസസ്‌യൂത്ത് ആണെന്നു വാക്കാല്‍ പറഞ്ഞു നടന്നാല്‍ പോര അതിന് കുറച്ചു ഫോര്‍മേഷന്‍ കോഴ്‌സുകള്‍ ഒക്കെ ഉണ്ട്, അതിലൂടെയെല്ലാം കടന്നു പോയി നമ്മള്‍ മറെറാരു ക്രിസ്തുവായി മാറണം എന്നത്. അതിന്റെ തുടക്കമായാണ് ഞാനും ജീവിത പങ്കാളിയും LSS ന് എത്തിപ്പെടുന്നത്. ആദ്യ ക്ലാസ്സില്‍ തന്നെ സ്വര്‍ഗ്ഗീയ പിതാവിന് ഒരു കത്ത് എഴുതേണ്ട കാര്യം ഫോര്‍മേഷന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞിരുന്നു. അതേ ക്ലാസ്സില്‍ വച്ചു തന്നെ മുന്‍പ് LSS ല്‍ പങ്കെടുത്ത ഒരു സഹോദരി താന്‍ സ്വര്‍ഗ്ഗപിതാവിന് എഴുതിയ കത്തിനെ കുറിച്ച് സാക്ഷ്യം നല്‍കിയതും കേള്‍ക്കാന്‍ ഇടവന്നു. 10 ആഴ്ച LSS ക്ലാസ്സ് കഴിയുമ്പോഴേക്കും തനിക്ക് ഒരു കുഞ്ഞിനെ തരണം എന്നാണ് ആ സഹോദരി എഴുതിയിരുന്നത്. ദൈവം ആ പ്രാര്‍ത്ഥന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നടത്തിക്കൊടുത്തു. ഇതു കേട്ടപ്പോള്‍  ഞാനും ആഗ്രഹിച്ചു ഞങ്ങള്‍ക്കും ഒരു കുഞ്ഞുവാവയെ നല്‍കി അനുഗ്രഹിക്കണം എന്ന്. ആ സഹോദരി ചെയ്തതു പോലെ അടുത്ത  LSS ബാച്ചിന് സാക്ഷ്യം പറയാന്‍ സാധിക്കണം എന്നും. മറ്റു കുറച്ച് നിയോഗങ്ങള്‍ക്കൊപ്പം ഈ ആഗ്രഹവും ഞങ്ങള്‍ സ്വര്‍ഗ്ഗീയ പിതാവിനെഴുതിയ ആ കത്തില്‍ കുറിച്ചു. ഞങ്ങളുടെ അടുത്ത ക്ലാസ്സിനു മുന്‍പേതന്നേ ഞങ്ങള്‍ക്കു പറയാന്‍ ആ സന്തോഷ വാര്‍ത്ത കര്‍ത്താവു ഒരുക്കിതന്നു. - എന്റെ ഉദരത്തില്‍ ജീവന്റെ തുടിപ്പ് ഞാന്‍ അറിഞ്ഞു തുടങ്ങിയിരുന്നു.

LSS ന്റെ 10 ആഴ്ചകള്‍ അവസാനിക്കുന്നതിനു മുന്‍പു തന്നെ സ്വര്‍ഗ്ഗീയ പിതാവിന് എഴുതിയ കത്തിലെ ഒരോ കാര്യങ്ങളും അതേ ക്രമത്തില്‍ കര്‍ത്താവു ഞങ്ങള്‍ക്കു നടത്തി തന്നു. അങ്ങനെ, അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിനു മുന്‍പു എന്നെ അറിഞ്ഞവന്‍, എന്റെ ആവശ്യങ്ങള്‍ എനിക്കായി കരുതിവെച്ചവന്‍ എത്രയോ മഹോന്നതനെന്നു ഞാന്‍ തിരിച്ചറിഞ്ഞു.

നിരാശയില്‍ കഴിയുന്നവര്‍ക്ക് പ്രത്യാശയുടെ വെളിച്ചം പകരുന്നവരാണ് ജീസസ് യൂത്ത് എന്നാണ് ഞങ്ങളുടെ ജീവിതാനുഭവത്തിലൂടെ ഞങ്ങള്‍ക്ക് സാക്ഷ്യപ്പെടുത്താന്‍ ഉള്ളത്. ഏവരെയും സന്തോഷവും സമാധാനവും പകരുന്ന ഈ സ്‌നേഹ കൂട്ടായ്മയിലേയ്ക്ക് ഞങ്ങള്‍ സ്‌നേഹത്തോടെ ക്ഷണിക്കുന്നു. എല്ലാവര്‍ക്കും നന്മമാത്രമുണ്ടാകട്ടെ.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 70567