ദൈവത്തെ കണ്ടുമുട്ടുക അനുഭവിക്കുക
അനില്‍ പോള്‍

ജീവിതത്തിലെ ഏറ്റവും വലിയനേട്ടമെന്താണ് എന്ന് കുറച്ചുകാലം മുമ്പ് ആരെങ്കിലും ചോദിച്ചിരുന്നെങ്കില്‍ എനിക്ക് അറിയില്ല എന്നായിരുന്നു ഉത്തരം. പക്ഷേ ഇന്നെനിക്ക് അതിനൊരുത്തരമേയുള്ളൂ- ദൈവത്തെ കണ്ടുമുട്ടുക-അനുഭവിക്കുക-അതനുസരിച്ച് ജീവിതം ക്രമീകരിക്കുക.

എഞ്ചിനീയറിങ്ങിനു ശേഷം, വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച്. സ്വന്തമായി ഒരു സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചു. തുടക്കത്തില്‍ നന്നായി മുമ്പോട്ടുപോയെങ്കിലും പ്രതീക്ഷിക്കാത്ത പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. ഞായറാഴ്ചകളില്‍ പള്ളിയില്‍ പോയിരുന്നതുകൊണ്ടും എല്ലാവിധ ലഹരിവസ്തുക്കളോടും ശത്രുത ഉണ്ടായിരുന്നതുകൊണ്ടും എന്റേത് ക്രിസ്തീയജീവിതമാണെന്നാണ് ഞാന്‍ ധരിച്ചിരുന്നത്. മാനസികമായി ആകെത്തകര്‍ന്ന അവസ്ഥയിലായിരുന്നു ഞാന്‍. കുറ്റപ്പെടുത്തലുകള്‍-സഹതാപപ്രകടനങ്ങള്‍-നിരാശയുടെയും ഒറ്റപ്പെടലിന്റെയും ഇരുട്ടിലേക്കെന്നെ തള്ളിയിട്ടു. ഈ സാഹചര്യത്തിലാണ് റൂംമേറ്റായ ജോണ്‍ചേട്ടന്‍ എന്നെ ജീസസ് യൂത്ത് കൂട്ടായ്മയിലേക്ക് കൊണ്ടുവന്നത്.

LSS ക്ലാസുകള്‍ ശരിക്കും മരുഭൂമിയില്‍ ദാഹിച്ചു വലഞ്ഞിരുന്ന എനിക്ക് ദൈവമൊരുക്കിയ ആത്മീയജലമായിരുന്നു. എന്നാല്‍ പന്ത്രണ്ടു വര്‍ഷം വേദപാഠം പഠിച്ചിട്ടും പള്ളിയില്‍ പോയിട്ടും കിട്ടാതിരുന്ന ബോധ്യങ്ങള്‍ 10 ആഴ്ചത്തെ ക്ലാസ്സുകള്‍ കൊണ്ട് കിട്ടുമെന്ന് വലിയ പ്രതീക്ഷയൊന്നും എനിക്കില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ ഘടട ക്ലാസ്സുകളില്‍ പങ്കെടുത്തത് ഒരു ഒഴുക്കന്‍ മട്ടിലായിരുന്നു. പക്ഷേ,  റാസല്‍ഖൈമയില്‍ വച്ചുനടന്ന ഫിലിപ്പ് കോഴ്‌സ് പാപത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ചു. ദൈവവുമായും മനുഷ്യരുമായും എനിക്കുള്ള അകല്‍ച്ചകളാണ് ഒരു പാപിയുടെ ഒന്നാമത്തെ ലക്ഷണമെന്ന തിരിച്ചറിവ് എന്നെ ഞെട്ടിച്ചുകളഞ്ഞു. അങ്ങനെ സ്വയം വിശുദ്ധനാണെന്നു കരുതിയ ഞാന്‍ പല കാര്യങ്ങളിലും ബന്ധനസ്ഥനാണ് എന്ന ബോധ്യമുണ്ടായി.

പോള്‍ കോഴ്‌സിലൂടെ കടന്നുപോയതിനുശേഷം ഞാന്‍ എല്ലാദിവസവും രാവിലെ ബൈബിള്‍ വായിക്കാന്‍ തുടങ്ങി. സ്തുതിയുടെയും കൃതജ്ഞതയുടെയും ജീവിതശൈലി പ്രായോഗികമാക്കിയപ്പോള്‍ പരിശുദ്ധാത്മാവ് എന്നില്‍ പ്രവര്‍ത്തിക്കുന്നത് ഞാന്‍ അനുഭവിച്ചറിയുന്നു. മാറ്റങ്ങള്‍ക്കുവിധേയമാകുന്ന നമുക്കും നമ്മുടെ ബന്ധങ്ങള്‍ക്കും സമ്പത്തിനും ജോലിക്കും ഉപരി അചഞ്ചലനും സ്‌നേഹസ്വരൂപനുമായ ദൈവത്തിനുമാത്രം ജീവിതത്തില്‍ ഒന്നാംസ്ഥാനം നല്‍കുകയെന്ന വെല്ലുവിളിയെറ്റെടുക്കാന്‍ ജീസസ് യൂത്ത് ജീവിതശൈലി എന്നെ ശക്തനാക്കുന്നു.യേശുവിന്റെ എളിയദാസനാക്കി എന്നെ ആനന്ദത്തിലേക്ക് നയിക്കുന്നു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 88957