സഹായകന്‍
ബിജു ബെര്‍ണാഡ് & ഫാമിലി

പ്രകാശമാം കതിരൊളി നീയേ,

വാഗ്ദാനമാം മഴവില്ലു നീയേ,

ഹൃത്തിന്‍ ആനന്ദമേ, ആത്മാവിന്‍ നിര്‍വൃതിയേ,

ഉഷ്ണമാം മരുഭൂവിലെ തണുപ്പാം തുഷാരബിന്ദു നീ.

അനര്‍ഘളമാം ഒഴുകും അരുവി നീ. 

തപിച്ച മണലാരണ്യമാം മര്‍ത്യന്‍ ജീവിതം,

ജലാശയസമൃദ്ധിയില്‍ നിറയ്ക്കുന്നു നീ,

ആനന്ദനിര്‍വൃതി നീ, അന്തരംഗത്തിന്‍ അനുഭൂതി നീ, 

അഗ്നിനാവാം സ്‌നേഹത്തീ മാലിന്യമാം അന്ധകാരത്തെ 

പൊന്‍പ്രഭാപൂരത്തില്‍ ഉന്‍മൂലനം ചെയ്യുന്നു നീ.

അഭിഷേക പെരുമഴയാല്‍ മര്‍ത്യന്‍ തന്‍

സ്തുതി അധരത്തില്‍ നിറയ്ക്കുന്നു. 

നീ ഭാഷാ മൊഴികളായ് അലയടിക്കുന്നു. 

ഫലമായ്, ദാനമായ്, വരമായ് നിറഞ്ഞിടുന്നു നീ.

സ്വര്‍ഗ്ഗം ഭൂവില്‍ ഇറങ്ങിടുന്നു

മനുജന്‍തന്‍ ആത്മപാരവശം അകറ്റിടുന്നു നീ. 

ജീവജലമാം പരിശുദ്ധാത്മാവേ

നിന്‍ സുഗന്ധമെത്രമവര്‍ണ്ണനീയം,

നിന്‍ വിടുതലില്‍ സ്വാതന്ത്യത്തിന്‍

പുത്തന്‍ചിറകുകള്‍ മുളച്ചിടുന്നു.

കഴുകനെപ്പോലെ ചിറകടിച്ചുയരുന്നു നാം.

 ആത്മശക്തിതന്‍ ആത്മമാരിയാല്‍ നിറയുന്നു

മനം സ്തുതിയാല്‍ നിറയുന്നു, 

കര്‍ത്താവാം ഈശോതന്‍ വാഗ്ദാനമെ

നിന്നെ പുകഴ്ത്തുന്നു, 

ആരാധനാഹൃത്തിനാല്‍ വണങ്ങുന്നു 

ത്രിത്വമാം ദൈവമേ, പുകഴ്ത്തിടുന്നു ഞങ്ങള്‍.

നിന്‍ ആത്മാവിന്‍ വരവിനാല്‍ അറിയുന്നു നിന്നെ,

ഹല്ലേലൂയാ സ്തുതിഗീതങ്ങളാല്‍ ആത്മം നിറയുന്നു,

സ്വര്‍ഗ്ഗമോ ആനന്ദ അലകളാല്‍ പൂരിതമായീടുന്നു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 70569