അമ്മയ്‌ക്കൊരുമ്മ
മൊബിന ബേബി

ആഘോഷമായി ഒരു 'അമ്മ ദിനം'കൂടി കടന്നുപോയി. സ്റ്റാറ്റസും ഷെയറും കസ്റ്റമൈസ്ഡ് ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ നാം അതൊരു ആഘോഷമാക്കി മാറ്റി. മാതൃത്വത്തെയും മാര്‍ക്കറ്റ് ചെയ്ത് ലാഭം കൊയ്യുന്ന ന്യൂജെന്‍ സംസ്‌കാരത്തിലേക്ക് നാം മാറിക്കഴിഞ്ഞിരിക്കുന്നു. വിദൂരഭാവിയില്‍ 'അമ്മ' എന്ന പദവിയും കേവലം ഒരു കരിയര്‍ മാത്രമായോ, കൂലികിട്ടുന്ന അല്ലെങ്കില്‍ ചോദിച്ചു വാങ്ങുന്ന ഒരു ജോലിയായോ മാറിയേക്കാം. പെരുകുന്ന വൃദ്ധസദനങ്ങളും പ്രായമായാല്‍ മക്കളില്‍ നിന്നും നേരിടേണ്ടി വരുന്ന ശാരീരിക മാനസികപീഡനങ്ങളും കാണുമ്പോള്‍ ഒരു മുന്‍കരുതല്‍ നല്ലതാണെന്ന് നമ്മുടെ മാതാപിതാക്കളും ചിന്തിക്കുന്നതില്‍ തെറ്റുപറയാനാവില്ല. കുടിച്ച മുലപ്പാലിനും കഴിച്ച ഭക്ഷണത്തിനും ധരിച്ച വസ്ത്രത്തിനും തന്ന വിദ്യാഭ്യാസത്തിനും നോട്ടുകെട്ടുകൊണ്ട് വിലയിടുന്ന പുതുതലമുറയെ പണമെറിഞ്ഞ് പണം കൊയ്യുന്ന ബിസിനസ്സായി മക്കളെ വളര്‍ത്തിയ അപ്പനും അമ്മയ്ക്കും കുറ്റപ്പെടുത്താനും കഴിയില്ല. സുഖജീവിതത്തിനു അസൗകര്യമായ മകളെ വിഷം കൊടുത്തു കൊല്ലുന്ന, അവളെയും വില്‍പ്പനചരക്കാക്കുന്ന അമ്മമാര്‍ നമ്മുടെ സമൂഹം നേരിടുന്ന മൂല്യച്യുതിയിലേക്ക് വിരല്‍ ചൂണ്ടുന്നു. ലോകത്തേറ്റവും മൂല്യമേറിയ അമ്മ എന്ന ബ്രാന്‍ഡ്‌നെയിമിലും മായം കലര്‍ന്നിരിക്കുന്നു.

കാരിരുമ്പാണികളില്‍ തൂങ്ങി പ്രാണന്‍ പിടയുമ്പോഴും തന്റെ അമ്മയുടെ സംരക്ഷണം മനസ്സില്‍ നിറച്ച യേശുനാഥന്‍, കാനായിലെ കല്യാണവിരുന്നില്‍ തായുടെ വാക്കിനു വിലകല്‍പ്പിച്ചവന്‍, അമ്മമാരോടുള്ള നമ്മുടെ സമീപനം എപ്രകാരമായിരിക്കണമെന്ന് പഠിപ്പിക്കുന്നു. ഭൗതിക മോഹങ്ങളില്‍ ഇടറിവീഴാതെ കുരിശോളം കൂടെനിന്ന് തന്റെ പൊന്നോമനയെ ലോകരക്ഷക്കു ദാനമായി നല്‍കിയ മറിയമാകണം മക്കളെ വളര്‍ത്തുന്നതില്‍ നമ്മുടെ മാതൃക. വിശന്നിരിക്കുന്നവരെ അപ്പം കൊണ്ടും വിഷമിച്ചിരിക്കുന്നവരെ വചനം കൊണ്ടും ആശ്വസിപ്പിക്കാനും അനീതികളെ ചോദ്യം ചെയ്യാനും യേശുവിനെ പ്രാപ്തനാക്കിയത് അമ്മയുടെ ശിക്ഷണമാണ്. മഗ്ദലനമറിയത്തെ ചേര്‍ത്തു നിര്‍ത്താനും ലാസറിന്റെ സഹോദരിമാരുടെ സങ്കടത്തില്‍ കണ്ണീരൊഴുക്കാനും ഊര്‍ശ്ലേംകാരികളെ ആശ്വസിപ്പിക്കാനും അവനു കഴിഞ്ഞത് അമ്മയുടെ മനമറിഞ്ഞതുകൊണ്ടാണ്. നമുക്കും അമ്മയ്ക്കുപിറന്നവരാകാം. കുടുംബത്തിനും സമൂഹത്തിനും പ്രകാശം പകരാം.

നന്ദിയോടെ ഓര്‍ക്കാം നമ്മുടെ അമ്മമാരെ..തീയിലും വെള്ളത്തിലും വീഴാതെ..കാക്കയ്ക്കും കഴുകനും നല്‍കാതെ വളര്‍ത്തി വലുതാക്കിയതിന്..വയറുനിറയെ ആഹാരവും കനവുനിറയെ കര്‍ത്താവിനെയും തന്നതിന്..നമ്മുടെ സ്വപ്നങ്ങള്‍ക്കു കാവല്‍ നിന്നതിന്.. കുരിശിനെയും ക്രൂശിതനെയും കാട്ടിത്തന്നതിന്...അമ്മയെ വിളിക്കാം..കവിളിലൊരുമ്മ നല്കാം..സ്‌നേഹസാന്ത്വനത്തിനു കാതോര്‍ക്കാം.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 70581