ഒരു വെള്ളിയാഴ്ച കുര്‍ബാന
ജെറിന്‍ കെ.ജയന്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ്, നാട്ടില്‍ നിന്നും ദുബായില്‍ വന്നതിനുശേഷം ഒരു വെള്ളിയാഴ്ച കുര്‍ബാന അര്‍പ്പിക്കാനായി ദേവാലയത്തില്‍ വന്നു. പള്ളിക്കകത്ത് കയറാനായി വരിനിന്ന് കാത്തുനില്‍ക്കുന്ന ദൈവജനത്തെ കണ്ടപ്പോള്‍ ആദ്യമൊന്ന് അമ്പരന്നു. രണ്ടുമണിക്കുള്ള കുര്‍ബാനയ്ക്ക് ഞാനും അരമണിക്കൂര്‍ നേരത്തെതന്നെ ഒരു വരിയില്‍ സ്ഥാനം പിടിച്ചു. ജൂലൈ മാസത്തിലെ ചുട്ടുപൊള്ളുന്ന വെയിലും വകവയ്ക്കാതെ ഇത്രനേരത്തെ ദിവ്യബലിക്കായി ഒരുങ്ങിവന്ന ദൈവജനത്തിന്റെ വിശ്വാസതീക്ഷ്ണതയാല്‍ ജ്വലിക്കുന്ന മുഖങ്ങള്‍ എന്റെ മനസ്സില്‍ പ്രത്യാശ പകര്‍ന്നുതന്നു.. നാട്ടില്‍ ദിവ്യബലി തുടങ്ങിയതിനുശേഷം മാത്രം ദേവാലയത്തില്‍ എത്തിയിരുന്ന എന്റെ പഴയകാല ഓര്‍മ്മകള്‍ മനസ്സിലൂടെ കടന്നുപോയി. എന്നാല്‍ ദേവാലയത്തിന്റെ വാതില്‍ തുറന്നപ്പോള്‍ ദൈവജനത്തിന്റെ ശാന്തതയും ക്ഷമയും എവിടെപ്പോയെന്ന് എനിക്ക് ഗ്രഹിക്കാന്‍ സാധിച്ചില്ല.

പിന്നീട് കുറേദിവസങ്ങള്‍ക്കുശേഷം ദേവാലയവും ആളുകളും എനിക്ക് പരിചിതമായി. ഒരിക്കല്‍ വെള്ളിയാഴ്ച പള്ളിയില്‍ പോകാറുണ്ടോയെന്ന് പരിചിതനായ ഒരു വ്യക്തിയോടു ചോദിക്കാന്‍ ഇടയായി. നാട്ടിലുള്ള പരിചയക്കാരെയും സുഹൃത്തുക്കളെയും കാണാന്‍ വേണ്ടി മാത്രമാണ് അദ്ദേഹം മുടങ്ങാതെ പള്ളിയില്‍ പോകുന്നതെന്ന് സംസാരത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. പ്രിയമുള്ളവരെ, നാം ഓരോ ദിവ്യബലിക്കായും ദേവാലയത്തില്‍ പോകുമ്പോള്‍ നമ്മുടെ മനോഭാവം എപ്രകാരമാണ്?. ഓരോ വിശുദ്ധ കുര്‍ബാനയിലും അപ്പവും വീഞ്ഞും ഈശോയുടെ ശരീരവും രക്തവുമായി മാറുന്നതുപോലെ നമ്മുടെ ജീവിതത്തിലും അത്ഭുതങ്ങള്‍ സംഭവിക്കും എന്ന വിശ്വാസവും ഉള്‍ക്കാഴ്ചയും നമുക്കുണ്ടോ?. 

ദൈവത്തിന്റെ കരുണ വര്‍ഷിക്കുന്ന നിമിഷങ്ങളാണ് ദിവ്യബലിയെന്ന് നാം തിരിച്ചറിയണം. ദേവാലയത്തിന്റെ വാതില്‍ കടന്ന് അകത്ത് പ്രവേശിക്കുമ്പോള്‍ മനസ്സില്‍ ദിവ്യനാഥനോട് പറയണം, അങ്ങയുടെ അനന്തമായ കരുണയാണ് എന്നെ ബലിയര്‍പ്പിക്കാന്‍ അര്‍ഹനാക്കുന്നതെന്ന്. ദിവ്യബലിക്കായി അണഞ്ഞിരിക്കുന്ന നമുക്ക് ഒരുപാട് അയോഗ്യതകളും ബലഹീനതകളും ഉണ്ടെങ്കിലും കര്‍ത്താവിന്റെ കരുണ അവയെല്ലാം പരിഗണിക്കാതെ നമ്മെ അനുഗ്രഹിക്കുന്നു. അനന്തമായ അനുഗ്രഹങ്ങളുടെ, കൃപയുടെ, അത്ഭുതങ്ങളുടെ ഈ മഹാരഹസ്യത്തില്‍ ഏറ്റവും വിശ്വാസത്തോടും ഭക്തിയോടും പങ്കുകൊണ്ട് എല്ലാദാനങ്ങളും സ്വീകരിക്കുകയും തമ്പുരാന്റെ ബലിയര്‍പ്പണത്തില്‍ പങ്കുകാരാവുകയും ചെയ്യാം. 

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109412