ഉപ്പോളം വരുമോ ഉപ്പിലിട്ടത് ?
ജൊ സാഗര്‍

അല്ല, ഇതിപ്പോ എന്താ സംഭവം!!! കുറച്ചു നാളായി എവിടെ നോക്കിയാലും പിറന്നാളാഘോഷവും, കേക്ക് മുറിക്കലും സാമൂഹ്യ മാധ്യമങ്ങളില്‍ മുഴുവനും ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യലുമൊക്കെയായി. പിറന്നാള്‍ ആഘോഷങ്ങളങ്ങോട്ട് അരങ്ങു തകര്‍ക്കലാണല്ലോ! 

കേക്കുമുറിക്കുന്നു, അത്‌വാരി മുഖത്തുതേക്കുന്നു. പിറന്നാളാഘോഷകന്റെ തലയില്‍ മുട്ട പൊട്ടിച്ചൊഴിക്കുന്നു, ദേഹത്ത് കരി ഓയില്‍, മഞ്ഞള്‍പൊടി, അരിപൊടി... എന്നിങ്ങനെ പലനിറങ്ങളിലുള്ള അകത്താക്കാനാകുന്നതും അകത്തോട്ട് പ്രവേശനമില്ലാത്തതുമായ പലതരം സാധനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രയോഗങ്ങള്‍. ഇതിപ്പൊ പെട്ടെന്ന് കുറച്ച് നാളുകള്‍കൊണ്ട് നമ്മള്‍ മലയാളികള്‍ക്കിടയില്‍ രംഗ പ്രവേശനം ചെയ്ത പോലെ... അതും കഴിഞ്ഞ് ആഘോഷകന്റെ ഒരു നന്ദി പ്രകടനവും ഉണ്ടാകും അതിനും സോഷ്യല്‍ മീഡിയകള്‍ സാക്ഷി... ഇതിനിടയില്‍ കൂട്ടുകാരുടെ വക എന്തെങ്കിലുമൊക്കെ സമ്മാനവും പ്രതീക്ഷിക്കാം. എല്ലാവരുമില്ല, പോക്കറ്റിന്റെ കനം അനുസരിച്ച് മാത്രം. പിന്നെ തീറ്റ കുടി... 

ഇതിനിടയില്‍ സംഭവിക്കുന്ന ഒരുകാര്യമുണ്ട്. ആര് പിറന്നാള്‍ ആഘോഷിച്ചാലും കേക്കിന്റെ കാര്യമാണ് കഷ്ടം.  പ്രത്യേകിച്ച് നല്ല ക്രീം കേക്കിന്റെ. നല്ല സുന്ദരക്കുട്ടപ്പനായി മേക്കപ്പൊക്കെ ഇട്ട് ചില്ല്കൂട്ടില്‍ കേറി ഞെളിഞ്ഞങ്ങനെ ഇരിക്കുമ്പോഴായിരിക്കും പ്രസ്തുത കക്ഷികള്‍ അങ്ങോട്ട് വന്ന് കാശുകൊടുത്ത് പുള്ളിക്കാരനെ അങ്ങ് വാങ്ങിക്കൊണ്ട് പോകുന്നത്. ഈ ഗഡിയുടെ ജന്മോദ്ദേശം രാജകീയമായി മുറിയപ്പെടുക എന്നതാണ് പക്ഷേ സംഭവിക്കുന്നതോ സിമന്റിനോടു പോലും ഉപമിക്കാനാവാത്തതരത്തില്‍ ഉള്ള  ദാരുണമായ അന്ത്യം...

അല്‍പ്പം പുറകിലോട്ട് ചിന്തിച്ചു നോക്കിയാല്‍ ഒരു കഷണം കേക്കിനുവേണ്ടി ക്രിസ്തുമസ് വരെ കാത്തിരുന്ന ബാല്യകാലം ഉണ്ടായിരുന്നവര്‍ ഇന്നും നമുക്കിടയില്‍ ഉണ്ടെന്ന കാര്യം മറക്കണ്ട. അതോ എന്തും വാങ്ങി ഉപയോഗിച്ച് കളയാം എന്ന ലെവലില്‍ എത്തിയപ്പോള്‍ അത്തരം ബാല്യകാലത്തെ നൈസായിട്ട് അങ്ങ് ഒഴിവാക്കിയതോ?...

എല്ലാം കഴിഞ്ഞ് ആഘോഷകനായ പ്രസ്തുത വ്യക്തിയുടെ നന്ദിപ്രകടനം കാണുമ്പോള്‍ ഈയുള്ളവന് തോന്നാറുള്ള ഒരു ചിന്ത അടിയന്‍ പങ്കുവെച്ചുകൊള്ളട്ടെ... അതായത് ഒരു പിറന്നാള്‍ ആഘോഷിക്കാന്‍ കൂട്ടുനിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞു. അത് അതിഗംഭീരമായിത്തന്നെ... നല്ലതു തന്നെ, എന്നാല്‍ ഏതെങ്കിലുമൊരു പിറന്നാളിന് സ്വന്തം വയറ്റില്‍ പത്ത് മാസത്തോളം ചുമന്ന് നടന്ന് താഴെ വച്ചാല്‍ ഉറുമ്പരിക്കും തലേല്‍ വച്ചാല്‍ പേനരിക്കും എന്ന് പറഞ്ഞ് വളര്‍ത്തി വലുതാക്കിയ സ്വന്തം അമ്മയോട് തന്നെ വളര്‍ത്തി വലുതാക്കിയതിനുള്ള നന്ദി വാക്കുകളോ. താന്‍ ഈ ഭൂമിയില്‍ ജീവിക്കാന്‍ കാരണമായതിനെ ഓര്‍ത്ത് ഒരു ചെറിയ സമ്മാനമോ എന്തെങ്കിലും എന്നെങ്കിലും വാങ്ങി നല്‍കിയിട്ടുണ്ടോ? മറ്റെല്ലാവരെക്കാളും ഉപരിയായി നന്ദി പറയേണ്ട ഒരാള്‍ നമ്മുടെ സ്വന്തം അമ്മ തന്നെയല്ലേ? അതു പറഞ്ഞപ്പോ ഈയുള്ളവനും ഇതുവരെ അങ്ങനെ ഒന്നും ചെയ്തില്ലല്ലോ, എന്ന ചോദ്യവും ഉണ്ടാകും ശരിയാണ്. ഈയുള്ളവനും അങ്ങനെ ചെയ്തിട്ടില്ലിതുവരെ. എന്നാല്‍പ്പിന്നെ നമ്മുക്കൊരുമിച്ച് പുതിയൊരു ചിന്ത അങ്ങോട്ട് പ്രാവര്‍ത്തികമാക്കിയാല്ലോ? പിറന്നാളാഘോഷങ്ങളും സുഹൃദ്ബന്ധങ്ങളും ഒക്കെ നല്ലതുതന്നെ എങ്കിലും ഇത്തരം കാര്യങ്ങള്‍ ഒന്ന് ഓര്‍മ്മപ്പെടുത്തിയെന്നേ ഉള്ളൂ...

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 66882