നവംബര്‍ - ചില ഓര്‍മപ്പെടുത്തലുകള്‍
സുധി പൗലോസ്

മണ്‍മറഞ്ഞുപോയ നമ്മുടെ ഉറ്റവരുടെയും ഉടയവരുടെയും ഓര്‍മ്മ പുതുക്കലുകളും അവരുടെ നിത്യ വിശ്രമത്തിനായി പ്രാര്‍ത്ഥനാപൂക്കളും അര്‍പ്പിക്കുന്ന നവംബര്‍ മാസത്തില്‍ മനസ്സില്‍ തെളിയുന്ന ചില ചിന്തകള്‍ പങ്കുവയ്ക്കട്ടെ...

ഇന്നലെ കണ്ടും മിണ്ടിയും കടന്നുപോയവര്‍ ഇന്നില്ല എന്ന നഗ്നസത്യം നമ്മുടെ മനസ്സിനെ വല്ലാതെ കനം കൊള്ളിക്കുന്നു; ഓര്‍മ്മയുടെ ശിഖരങ്ങള്‍ ഭാരത്താല്‍ തൂങ്ങിപ്പോകുന്നു. കടന്നുപോയവര്‍, 'ഇന്നു ഞാന്‍ നാളെ നീ' എന്ന് ചെവിയില്‍ മന്ത്രിച്ച് പോകുംപോലെ...മരണമെന്ന സത്യത്തെ ഭയപ്പെടുന്ന;ജീവിതമെന്ന മിഥ്യയെ ഒത്തിരി സ്‌നേഹിക്കുന്ന മനുഷ്യന്‍ മരണക്കിടക്കയിലും 'ജീവിച്ചു കൊതി തീര്‍ന്നില്ല' എന്നു പറയുവാന്‍ വെമ്പുന്ന പോലെ...

സൃഷ്ടപിതാവിന്റെ കൈകോര്‍ത്ത് പിടിച്ച്, തോളോട് തോളുരുമ്മി നടന്നവന്‍ അനുസരണക്കേടിന്റെ (പാപത്തിന്റെ) സന്തതിയായപ്പോള്‍ ചങ്കുതകര്‍ന്നുപോയ പിതാവ് സ്വഭവനത്തിന്റെ വാതിലുകള്‍ അവനു മുമ്പില്‍ കൊട്ടിയടച്ചു..!!! അന്നുവരെ അനശ്വരതയുടെ മധുരം പാനം ചെയ്തിരുന്നവന്‍ പിന്നീടങ്ങോട്ട് നശ്വരതയുടെ കയ്പ്പ് കുടിക്കാന്‍ നിര്‍ബന്ധിതനായി. അനുസരണക്കേടിന്റെ ശമ്പളമായ മരണം അവന്റെ മടിയില്‍ തിരുകികൊടുത്തു. ചെയ്തുപോയ തെറ്റിന്റെ ദു:ഖഭാരത്താല്‍, പുറത്താക്കപ്പെട്ടതിന്റെ അപമാനഭാരത്താല്‍ ശിരസ്സുകൂഞ്ഞിക്കൂടി 'എന്റെ പിഴ' എന്നു വിലപിച്ചവന്റെ നേര്‍ക്ക് അലിവു തോന്നിയ കരുണയുടെ തമ്പുരാന്‍ വാഗ്ദാനം വച്ചുനീട്ടി. തന്റെ പ്രിയപുത്രന്റെ പാപപ്പരിഹാരബലിവഴിയായി അടച്ചവാതിലുകള്‍ തുറക്കപ്പെടുമെന്ന്, അസൂയയാല്‍ ചതിയുടെ ഒളിയമ്പെയ്ത് മനുഷ്യകുലത്തെ വഞ്ചിച്ചവന്റെ തല തകര്‍ക്കപ്പെടുമെന്ന്. മരണവും പാപവും എന്നെന്നേക്കുമായ് തൂത്തെറിയപ്പെടുമെന്ന്...

വാഗ്ദാനം വഴി, തുറന്നു നല്‍കപ്പെട്ട സ്വന്തം ഭവനം തേടിയുള്ള യാത്രയിലാണ് പിന്നീടങ്ങോട്ടുള്ള ഓരോ മനുഷ്യജീവനും. നന്നായി ഒരുങ്ങി പുറപ്പെടേണ്ട യാത്രയാണത്. ഒരുങ്ങലിന്റെ ചിട്ടവട്ടങ്ങള്‍, കാത്തിരിക്കുന്നവന് തന്റെ തിരഞ്ഞെടുത്ത അഭിഷിക്തര്‍ വഴി മുന്നേയും ഒടുവില്‍ തന്റെ പ്രിയപുത്രന്‍ വഴിയും നന്നായി പറഞ്ഞ് പഠിപ്പിച്ച് തന്നിട്ടുണ്ട്. അനുസരണയുള്ള മക്കള്‍ അനശ്വരതയുടെ നല്ല ദിനങ്ങള്‍ കിനാവുകണ്ട് നന്നായി ഒരുങ്ങി വിളിക്കായ് കാത്തിരിക്കുമ്പോള്‍ അനുസരണക്കേടിന്റെ മക്കള്‍ നശ്വരതയുടെ ദിനങ്ങള്‍ ആഘോഷമാക്കി, വിളിക്കപ്പെടുമ്പോള്‍ ഒന്നൊരുങ്ങാന്‍ പോലും സമയമില്ലാതെ തങ്ങള്‍ക്കായ് കാത്തിരിക്കുന്ന നിത്യദുര്‍ദിനങ്ങളുടെ കൂരിരുട്ടിലേയ്ക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുന്നു.

തന്റെ മക്കളില്‍ ഒന്നുപോലും നശിച്ചുപോകരുതെന്ന് അതിയായ് ആഗ്രഹിക്കുന്ന സ്വര്‍ഗ്ഗീയ പിതാവ് ഭൂമിയെന്ന ഇടത്താവളത്തിനും സ്വര്‍ഗ്ഗമെന്ന സ്ഥിരതാവളത്തിനുമിടയില്‍ മറ്റൊരത്ഭുതം തന്റെ മക്കള്‍ക്കായ് ഒരുക്കിയിരിക്കുന്നു, 'ശുദ്ധീകരണസ്ഥലം', ഒരുങ്ങലില്‍ ചില ആലസ്യങ്ങള്‍കാട്ടി യാത്രപുറപ്പെട്ടവര്‍ക്കായ് തങ്ങി ശുദ്ധിവരുത്താനൊരിടം...സത്യത്തില്‍ ആ ഇടത്തില്‍ വസിക്കുന്നവരെയാണ് ഈ മാസം നാം സ്മരിക്കുന്നത്. നമ്മുടെ പ്രാര്‍ത്ഥനകളും, ചെറുതും വലുതുമായ സഹനങ്ങളും, തിരുബലികളും അവര്‍ക്കായ് നിത്യപിതാവിനു നാം കാഴ്ചയര്‍പ്പിക്കുമ്പോള്‍ അവരുടെ ശുദ്ധീകരണദിനങ്ങളുടെ എണ്ണം കുറയ്ക്കപ്പെടുകയാണ്, അവരെ വലയം ചെയ്തിരിക്കുന്ന ശുദ്ധീകരണാഗ്നിയെ തെല്ലൊന്നു അണച്ച് വലിയൊരു ആശ്വാസമായ് മാറുകയാണ്. ഒടുവില്‍ സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍ ലഭിച്ച് അവര്‍ സ്വര്‍ഗ്ഗത്തിലേക്ക് പറന്നുയരുമ്പോള്‍ നന്ദിയുടെ നറുമലരുകള്‍ നമുക്കു നേരെ അവര്‍ വാരി വിതറും...പിന്നീടു നമ്മുടേയും ഒത്തുചേരലിനായ് പ്രാര്‍ത്ഥനയോടെ യാചനയോടെ അവര്‍ കാത്തിരിക്കും. അവരുടെ ഓര്‍മ്മപുതുക്കലുകളേക്കാള്‍ നമ്മോടു തന്നെയുള്ള ചില ഓര്‍മ്മപ്പെടുത്തലുകളായി ഈ മാസവും വരും ദിനങ്ങളും മാറട്ടേയെന്ന് അവര്‍ക്കൊപ്പം നമുക്കും ആഗ്രഹിക്കാം...പ്രാര്‍ത്ഥിക്കാം...

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 88957