കല്ലറയില്‍ നിന്നും...
ആല്‍ഫി ജോബി

എന്റെ ശവപ്പെട്ടിയില്‍വച്ച ഓര്‍ക്കിഡിന്റെ വിലയും ഗുണവും പറഞ്ഞ് വീമ്പിളക്കുന്ന പ്രിയമകനെ, എനിയ്ക്കറിയാം നീയിപ്പോള്‍ എന്റെ 7-ാം ചരമദിനം ഏറ്റവും ആഘോഷമായി എങ്ങനെ നടത്താമെന്നുള്ള ചിന്തയിലാണെന്ന്. ഇന്നുവരെ നമ്മുടെ ഇടവകയില്‍ ആര്‍ക്കും കിട്ടാത്ത വിലകൂടിയ പൂക്കള്‍വച്ച് അന്നും നീയെന്റെ കുഴി അലങ്കരിക്കും. വെറും കുഴിയല്ല; ഒന്നാന്തരം മാര്‍ബിളിട്ട കുടുംബക്കല്ലറ!!!

തണുത്ത് വിറച്ച് കിടന്ന എനിയ്ക്ക് നീ തന്ന അന്ത്യചുംബനമുണ്ടല്ലോ?? ഹൊ!!! നാലഞ്ചാളുകള്‍ ചേര്‍ന്നാണ് നിന്നെ എന്റെ മുഖത്തുനിന്നും പിടിച്ചു മാറ്റിയത്. നീയെന്നെ അള്ളിപിടിച്ചിരിക്കുകയായിരുന്നു. നമ്മുടെ വീട്ടില്‍ നിന്നും എന്നെ പെട്ടിയോടുകൂടി പുറത്തേക്കെടുത്തപ്പോള്‍ എന്ത് കരച്ചിലായിരുന്നു നീ!!! ചെറുപ്പത്തില്‍ കളഞ്ഞുപോയ കളിപ്പാട്ടത്തിനുവേണ്ടി കരഞ്ഞ നിന്നെ എനിക്കപ്പോള്‍ ഓര്‍മ്മ വന്നു. എനിയ്ക്കിനി ആരുമില്ലേയെന്നും പറഞ്ഞ് അലറിക്കരഞ്ഞ നിന്നോട് ഞാന്‍ ചില കാര്യങ്ങള്‍ പറയട്ടെ...

ജീവിതത്തില്‍ പലപ്പോഴും ഞാനും തനിച്ചായിരുന്നു. നിനക്ക് വേണ്ടിയാണ് ഞാന്‍ ജീവിച്ചത്. നിന്നെ വളര്‍ത്തി വലുതാക്കാനാണ് ഞാനെന്റെ ഇഷ്ടങ്ങള്‍ മാറ്റി വച്ചത്. നിന്റെ ഓരോ വളര്‍ച്ചയിലും ഞാന്‍ സന്തോഷപൂര്‍വ്വം അഭിമാനിച്ചിരുന്നു. പക്ഷേ നിന്റെ തിരക്കുകള്‍ ഞാന്‍ എന്ന വ്യക്തിയെ മറക്കുന്ന അവസ്ഥയിലേയ്ക്കു നിന്നെ എത്തിച്ചപ്പോള്‍ ഞാന്‍ തീര്‍ത്തും ഒറ്റയ്ക്കായി. ഓര്‍ത്തിരിയ്‌ക്കേണ്ട പലതും നീ മറന്നു. നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളുമായി ആ വലിയവീട്ടില്‍ ഞാന്‍ ദിവസങ്ങള്‍ തള്ളിനീക്കി. അവസാനം രോഗിയായി. ഇപ്പോള്‍ ഓര്‍മ്മയായി മാറി.

വിറങ്ങലിച്ച എന്നെ നീ കെട്ടിപിടിച്ചതുപോലെ ജീവിച്ചിരുന്നപ്പോഴും ഇടയ്‌ക്കൊക്കെ നിനക്കാകാമായിരുന്നില്ലേ?? ഏതു പൂക്കളാണെന്നോ അതിന്റെ സുഗന്ധമോ തിരിച്ചറിയാനാവാത്ത ഈ മൃതശരീരത്തിനെന്തിനാ പൂക്കള്‍??? കയറുകട്ടിലില്‍ കിടന്നുറങ്ങിയ എനിക്കെന്തിനാ മോനേ മാര്‍ബിളിട്ട കല്ലറ!!! എനിയ്ക്കാകെ വേണ്ടിയിരുന്നത് നിന്നെയായിരുന്നു. നീ തരാന്‍ മടിച്ച നിന്റെ സമയമായിരുന്നു. ആരോടു പറയാന്‍?!! ഈ കല്ലറയില്‍ ഇതാരു കേള്‍ക്കാന്‍!!!

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141468