നാളെ... നാളെ... നീളെ... നീളെ...
എബി ഫ്രാന്‍സീസ്

ഒരിക്കല്‍ നരകത്തില്‍ വലിയൊരു സമ്മേളനം നടക്കുകയായിരുന്നു. പിശാചുക്കളെല്ലാം വളരെയേറെ അസ്വസ്ഥരാണ്. വലിയൊരു പ്രതിസന്ധിയിലേക്ക് നരകം കടന്നുപോവുകയാണ്. നരകത്തിലെ മുറികളെല്ലാം ഒഴിഞ്ഞു കിടക്കുന്നു. ആരും ഇപ്പോള്‍ നരകത്തിലേക്ക് വരുന്നില്ല. എങ്ങനെ ആളുകളെ ഇവിടേയ്ക്ക് എത്തിക്കാം എന്നതാണ് ചര്‍ച്ചയിലെ പ്രധാന വിഷയം. പലരും പല അഭിപ്രായങ്ങള്‍ പറഞ്ഞു. പക്ഷേ ഒന്നും ശരിയാവുന്നില്ല. മനുഷ്യരിപ്പോള്‍ പാപം ചെയ്യുന്നില്ല. എല്ലാവരും പള്ളിയില്‍ പോകുന്നു, പ്രാര്‍ത്ഥിക്കുന്നു, ലോകത്തെങ്ങും സമാധാനം, ആര്‍ക്കും പരാതിയില്ല. എല്ലാവരും പരസ്പരസ്‌നേഹത്തില്‍ വസിക്കുന്നു. പിശാചുക്കള്‍ പല മാര്‍ഗ്ഗങ്ങളും നോക്കി. എല്ലാം പരാജയപ്പെട്ടു. അപ്പോള്‍ ആ കൂട്ടത്തിലെ പ്രായം കുറഞ്ഞ പിശാച് പറഞ്ഞു, 'എനിക്ക് ഒരവസരം തരണം.' കൂടെ ഉണ്ടായിരുന്ന മുതിര്‍ന്ന പിശാചുക്കള്‍ അവനെ പരിഹസിച്ചു. ഒടുവില്‍ എല്ലാവരും അവനു സമ്മതം കൊടുത്തു. കുറേ നാളുകള്‍ക്കു ശേഷം നരകത്തിലേക്കു പതുക്കെ ആളുകള്‍ എത്തിത്തുടങ്ങി. എല്ലാവരും അത്ഭുതപ്പെട്ടു. അവരെല്ലാം അവനോടു ചോദിച്ചു,'നിനക്കിതെങ്ങനെ സാധിച്ചു?' അവന്‍ പുഞ്ചിരിച്ചുകൊണ്ടു മറുപടി കൊടുത്തു,'ഞാന്‍ ഒന്നും ചെയ്തില്ലാ...എല്ലാവരേയും നന്മ ചെയ്യാന്‍ പ്രേരിപ്പിച്ചു. പക്ഷേ ഒരു കാര്യം കൂട്ടത്തില്‍ പറഞ്ഞു, ഇന്നു വേണ്ടാ.. നാളെ ചെയ്യാം..' അങ്ങനെ ഓരോ കാര്യങ്ങളും മാറ്റിവയ്ക്കപ്പെട്ടു. ഒടുവില്‍ ഭൂമിയിലേക്ക് തിന്മകള്‍ കടന്നുവന്നു.

പ്രിയ സഹോദരരേ, നാം നിസ്സാരമായി മാറ്റിവച്ച പലതും നമ്മുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന തരത്തിലേക്കു എത്തിയില്ലേ? Whatsappഉം Facebookഉം  നോക്കി നാം സമയം കളയുന്നു. ആ സമയത്തില്‍ കുറച്ച് ദൈവത്തിനായ് മാറ്റി വച്ചുകൂടെ... കര്‍ത്താവിന്റെ അടുത്തേയ്ക്കു പോകുവാന്‍ നമുക്കെല്ലാവര്‍ക്കും മടിയാണ്. അനുഗ്രഹങ്ങള്‍ നമ്മുടെ അടുത്തേക്കു വരുവാനാണ് നാം ആഗ്രഹിക്കുന്നത്. എന്നാല്‍ തന്നെ തേടിയെത്തുന്നവരിലേക്കാണ് കര്‍ത്താവിന്റെ കാരുണ്യം ഒഴുകിയെത്തുക.

കര്‍ത്താവിന്റെ കാര്യത്തില്‍ നാം ഒരിക്കലും ഉപേക്ഷ വയ്ക്കരുത്. ഈ ഭൗതിക അവസ്ഥകളിലേക്കു നാം ഇറങ്ങി ചെല്ലുമ്പോള്‍ വളരെയേറെ പാപാവസ്ഥകളെ നമുക്ക് തരണം ചെയ്യേണ്ടതായിട്ടുണ്ട്, അവയെല്ലാം കര്‍ത്താവിനോട് ചേര്‍ന്നുനിന്നേ നമുക്ക് നേരിടാന്‍ സാധിക്കുകയുള്ളൂ. അസ്വസ്ഥതയുടേയും മടിയുടേയും അവസ്ഥകളെ മാറ്റി നിര്‍ത്തിക്കൊണ്ട് സ്വര്‍ഗ്ഗീയപിതാവിന്റെ മഹത്വം നമുക്ക് ഈ ലോകത്തിലേക്കു എത്തിക്കാം. പാപകരമായ എല്ലാ അവസ്ഥകളെയും മാറ്റിവച്ച് ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളായി മാറാം...

 

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 70592