ആത്മാവിന്റെ ദാരിദ്ര്യം
ബിജു ബെര്‍ണാഡ്

ബാല്യകാലങ്ങളിലുണ്ടായ ചില തിക്താനുഭവങ്ങള്‍ കുടുംബ ബന്ധങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും  പതിയെ പതിയെ മാറിനില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ആഘോഷങ്ങളും ആര്‍ഭാടങ്ങളും എന്നെ സന്തോഷിപ്പിച്ചില്ല. പാപകരമായ ജീവിതവും കൂട്ടുകെട്ടും ലഹരിയുടെ മറവിലേക്ക് മയങ്ങാന്‍ മനസ്സിനെ പഠിപ്പിച്ചു. ഏകാന്തതയും ഒഴിഞ്ഞ കോണുകളും ഞാന്‍ ഇഷ്ടപ്പെട്ടു. തീര്‍ത്തും അനാഥത്വം നിറഞ്ഞ വ്യക്തിത്വത്തിന്റെ ആള്‍രൂപമായി ഞാന്‍ മാറിത്തുടങ്ങിയിരുന്നു.

പാവങ്ങളോടുള്ള പരിഗണന എന്ന ചിന്താധാര എന്നെ എഴുതാന്‍ പ്രേരിപ്പിക്കുന്നത് ഒന്നുമാത്രം. ഒരുവന്റെ യഥാര്‍ത്ഥ പാവത്വം അവന്റെ ആത്മീയ ദാരിദ്ര്യമാണ്. സ്‌നേഹക്കുറവിന്റെയും ഒറ്റപ്പെടുത്തലിന്റെയും മാറ്റിനിര്‍ത്തലിന്റെയും വരള്‍ച്ചാനുഭവമാണ് യഥാര്‍ത്ഥ പാവങ്ങളുടെ അവസ്ഥ. സമൂഹം ശ്രദ്ധിക്കാത്തവരെ തേടാനും അവരെ തലോടാനും നെഞ്ചോടു ചേര്‍ത്ത് സ്‌നേഹിക്കാനും വേണ്ട ഉള്‍ക്കാഴ്ച ലഭിക്കാന്‍ വേണ്ടിയാവണം ജീവിതവഴികളില്‍ ദൈവം സമാനസാഹചര്യങ്ങളിലൂടെ എന്നെ വഴി നടത്തിയത്.

വചനത്തിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം ദൈവമായ യേശുവിനെ സ്വീകരിച്ചപ്പോഴാണ്, യഥാര്‍ഥ സ്‌നേഹത്തിന്റെ അഭാവത്താല്‍ എന്നില്‍ രൂപമെടുത്ത വരള്‍ച്ച മാറി മാംസളമായ പുതിയ ഹൃദയം രൂപമെടുത്തത്. വചനം യഥാര്‍ത്ഥത്തില്‍ എന്നില്‍ രൂപമെടുത്തത് അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും വചനത്തിലൂടെയും പരിശുദ്ധാത്മാവിലൂടെയും ഒഴുകിയെത്തിയ സ്‌നേഹം അതിലും എത്രയോ അവാച്യമായ അനുഭൂതിയുടെ ലയം എനിക്കു തരുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയപ്പോഴാണ്. ഇപ്പോള്‍ ബാല്യകാലങ്ങളിലെ എന്റെ ഒറ്റപ്പെടലുകളും ഏകാന്തതയും ലാഭമായി ഞാന്‍ കണക്കാക്കുന്നു. ഇതിലൂടെ അപരന്റെ അടക്കിപ്പിടിച്ച വേദന അതേപടി എനിക്ക് മനസ്സിലാക്കി തന്നു. അവരെ ആശ്വസിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതും ദുബായിലെ ബെഡ് സ്‌പേസുകളില്‍ വേദനിക്കുന്നവര്‍ക്ക് ആശ്വാസവാക്കായി സാന്നിദ്ധ്യമായി കുറച്ചെങ്കിലും മാറാന്‍ സാധിച്ചതും ഇതുകൊണ്ടാണ്. വ്യക്തിപരമായ പ്രാര്‍ത്ഥനയും കൗദാശിക ജീവിതവും വിശുദ്ധ കുര്‍ബാനയും സമര്‍പ്പിച്ചു പ്രാര്‍ഥിച്ചതും സ്വപ്നം കണ്ടതുമായ ഒരു ശുശ്രൂഷാ ജീവിതത്തിലേക്ക് എന്നെ  നയിച്ചു. 2014-ലെ മിഷനറീസ് ട്രെയിനിംഗ് പ്രോഗ്രാമിലൂടെ ഞാനും ബഹുമാനപ്പെട്ട പോള്‍ ഹിന്റര്‍ പിതാവില്‍ നിന്ന് ഒരു മിഷനറിയുടെ ദൗത്യത്തിലേക്ക് കൈവെയ്പ് സ്വീകരിച്ചു. എന്റെ ജീവിതത്തിലെ പൊന്‍തൂവലും സുവര്‍ണ്ണ കാലത്തിലേക്കുള്ള ആദ്യപടിയുമായി ഞാന്‍ ഇതിനെ കണക്കാക്കുന്നു. കൂടാതെ ആജീവനാന്ത കാലത്തിലേക്കുള്ള സുവിശേഷ ദൗത്യത്തിന്റെ മുദ്രണമായി സ്വീകരിക്കുകയും ചെയ്തു.

മിഷനറി ദൗത്യത്തിനായി ഞാന്‍ അയയ്ക്കപ്പെട്ടത് ഫുജൈറയിലുള്ള കോര്‍ഫക്കാന്‍ എന്ന സ്ഥലത്തേക്കാണ്. അവിടെ അങ്ങുമിങ്ങുമുള്ള മത്സ്യത്തൊഴിലാളികളുടെ അടുത്തേക്കാണ് ഞാന്‍ ചെന്നത്. മദ്യപാനവും പുകവലിയും ആസ്വദിച്ച് മയങ്ങിക്കിടക്കാന്‍ ആഗ്രഹിക്കുന്നവരാണ് കൂടുതല്‍പേരും. ഇതിനിടയിലും ദൈവമേ എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്ന കുറെ മനുഷ്യരും. മരുപ്പച്ച തേടുന്ന മാന്‍പേടയെപ്പോലെ അവരുടെ ആത്മാവും ദൈവത്തിന് വേണ്ടിയാണ് ദാഹിക്കുന്നത് എന്നു മനസ്സിലാക്കി. നമ്മള്‍ പങ്കുവയ്ക്കുന്ന സ്‌നേഹാനുഭവവും ദൈവവചനവും അവരുടെ ഇരുളടഞ്ഞ ഹൃദയങ്ങളിലേക്ക് പ്രകാശത്തിന്റെ പൊന്‍കിരണങ്ങള്‍ കത്തിച്ചു. പലരിലും ഉണര്‍വുണ്ടായി. അവധിയുടെ ആലസ്യത്തില്‍ നിന്ന് വെള്ളിയാഴ്ചകളില്‍ പലരും നേരത്തേ ഉണരാന്‍ തുടങ്ങി. മീന്‍പിടിക്കാന്‍ പോകാന്‍ ഏതുസമയത്തും റെഡി ആയിരിക്കണം എന്നതിനാല്‍ പലര്‍ക്കും പള്ളിയും കൂദാശാജീവിതവും എളുപ്പമായിരുന്നില്ല. അപ്പോഴാണ് ദൈവം ഞങ്ങളിലൂടെ ഒരു ജപമാലക്കൂട്ടായ്മ തുടങ്ങുകയും അവരുടെ ആത്മീയ ദാഹത്തിന് അല്പം ശമനമാകാന്‍ ഇടയാക്കിയതും. ദുബായിലെ ആശുപത്രിയുടെ ഏകാന്തതയുടെ ബെഡില്‍ അനാഥത്വം പേറി പ്രകാശം മങ്ങിപ്പോയ പലരെയും സന്ദര്‍ശിച്ച് സ്‌നേഹം പങ്കുവച്ചപ്പോള്‍ അവരുടെ ഹൃദയം സന്തോഷിക്കുന്നതും കണ്ണുകളില്‍ പ്രത്യാശയുടെ തിരികള്‍ തെളിയുന്നതും ഞങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. 

സത്യത്തില്‍ മനുഷ്യജീവിതത്തില്‍ വേദനയുടെയും ഒറ്റപ്പെടലിന്റെയും അനാഥത്വത്തിന്റെയും പരിഹാരവും ഉത്തരവും ആയി യേശു ഒരാളുടെ ജീവിതത്തിലേക്ക് വരുന്നതിലൂടെയാണ് അവന്റെ എല്ലാ ആത്മീയദാഹങ്ങളും ശമിക്കുന്നത്. അവന്റെ ജീവിതം മഹത്വപൂര്‍ണ്ണവും തേജസ്സും നിറഞ്ഞ നിത്യപൂര്‍ണ്ണതയിലേക്ക് നയിക്കപ്പെടുന്നത്.

നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിന്‍ എന്ന ആഹ്വാനം സ്വീകരിച്ച് നമ്മിലുള്ള ആത്മീയ സമ്പത്തായ ദൈവസ്‌നേഹം പങ്കുവച്ച് നമുക്ക് ദൈവരാജ്യത്തിലെ ഭാഗ്യവാന്മാരാകാം. ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗ്ഗരാജ്യം അവരുടേതാണ് എന്ന കൃപയുടെ ഈ വചനം സ്വീകരിച്ച് ധന്യരാകാം. ആമേന്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82589