സ്‌നേഹത്തിന്റെ ചൂട്
ബെന്നി സോനാപൂര്‍

ഈ കഴിഞ്ഞ റമദാന്‍ പെരുന്നാളിന്റെ രണ്ടാമത്തെ അവധി ദിവസം, ദേവാലയത്തില്‍ പോയി ദിവ്യബലിയിലും തുടര്‍ന്ന് മാതാവിന്റെ ഗ്രോട്ടോയുടെ മുമ്പില്‍ ഒരു ജപമാലയും സമര്‍പ്പിക്കണമെന്ന് തീരുമാനമെടുത്തു. ഒന്നാമത്തെ അവധി ദിവസം സോനാപൂരില്‍ ദൈവം ഒരുക്കിയ 'തിരിച്ചുവരവ്' പ്രോഗ്രാമിലൂടെ ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്കും പ്രോഗ്രാമിന്റെ വിജയത്തിനും കൃതഞ്ജതാബലി അര്‍പ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. രാവിലെ തന്നെ ദേവാലയത്തില്‍ എത്തിച്ചേര്‍ന്നു. വൈകീട്ട് 6.30 നാണ് മാതാവിന്റെ ഗ്രോട്ടോയുടെ മുമ്പില്‍ ജപമാല അര്‍പ്പിക്കുവാന്‍ സമയം തിരഞ്ഞെടുത്തത്. രാവിലെ ഒരു ദിവ്യബലിയിലും, ആരാധനാ ചാപ്പലിലും, പള്ളിയുടെ പരിസരത്തുമായി സമയം ചിലവഴിച്ചു. പുറത്തിറങ്ങുമ്പോള്‍ ആളിക്കത്തുന്ന സൂര്യതാപം എല്ലാവരെയും ഒരുപോലെ വേവിച്ചുകൊണ്ടിരിക്കുന്നു. ഓരോരുത്തരും ദേവാലയത്തില്‍ കടന്നുവരുന്നത് വ്യത്യസ്ത രീതിയിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാണ്- ഈ ചുട്ടുപഴുപ്പിക്കുന്ന ചൂടില്‍ നിന്ന് ഒരല്‍പ്പം ശമനം ലഭിക്കാന്‍. അവധി ദിവസത്തെ ചൂട് മറ്റ് സാധാരണ ദിവസത്തെ ചൂടിനെക്കാള്‍ കൂടുതലുള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്.

സമയം 6.30 നോട് അടുത്തു. ഞാന്‍ പതിയെ ഗ്രോട്ടോയുടെ അടുത്തേക്ക് പോകുമ്പോള്‍ ഈ ജപമാല മുഴുവന്‍ മുട്ടിന്‍മേല്‍ നിന്ന് കൈകള്‍ വിരിച്ചു പിടിച്ച് ചൊല്ലണമെന്ന് മനസ്സിലുറപ്പിച്ചു. ഒത്തിരിയേറെ വ്യക്തികള്‍ മാതാവിന്റെ മുമ്പില്‍ പ്രാര്‍ത്ഥിച്ച് കടന്നുപൊയ്‌ക്കൊണ്ടേയിരുന്നു. ഞാനും ചെന്ന് മാതാവിന്റെ മുമ്പില്‍ മുട്ടുകള്‍ മടക്കി ജപമാല പ്രാര്‍ത്ഥന ആരംഭിച്ചു. രണ്ടാമത്തെ രഹസ്യം ആയപ്പോഴേക്കും എന്റെ കാല്‍മുട്ടുകള്‍ പൊള്ളുവാന്‍ തുടങ്ങി. വേറൊന്നുമല്ല ദേവാലയത്തിന്റെ മുറ്റത്ത് വിരിച്ചിരിക്കുന്ന ഇഷ്ടികകള്‍ പകലിലെ ചൂട് മുഴുവന്‍ ആവാഹിച്ചു വച്ചിരിക്കുന്നു. രണ്ടാമത്തെ രഹസ്യത്തിന്റെ പ്രാര്‍ത്ഥന കഴിയുന്നതു വരെ മുട്ടിന്‍മേല്‍ നിന്നു. അതിനുശേഷം ഞാന്‍ എഴുന്നേറ്റു നിന്നു. ബാക്കിയുള്ള സമയം രഹസ്യ വിചിന്തന പ്രാര്‍ത്ഥനക്ക് നിന്നുകൊണ്ടും നന്‍മനിറഞ്ഞ പ്രാര്‍ത്ഥനകള്‍ക്ക് മുട്ടിന്‍മേല്‍ നിന്നും ജപമാല പൂര്‍ത്തിയാക്കി. അതിനുശേഷം ദിവ്യബലിയിലും പങ്കെടുത്തു.

പിന്നീട് ഞാന്‍ ചിന്തിച്ചു.. ദൈവമേ എന്തുകൊണ്ട് ഒരല്പസമയത്തെ ചൂട് സഹിച്ച് പ്രാര്‍ത്ഥിക്കാന്‍ കഴിയാതെ പോയി. എന്റെ വിശ്വാസം എവിടെ നില്‍ക്കുന്നു. വെറും ഒരു ഇഷ്ടികയുടെ മുമ്പില്‍ എന്തുകൊണ്ട് എനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഒരു നിര്‍ജ്ജീവ വസ്തുവിനുപോലും എന്റെ വിശ്വാസത്തിന്റെ മാറ്റ് ഉരച്ചുനോക്കാന്‍ സാധിക്കുന്നല്ലോ ദൈവമേ!!.. എന്റെ ചിന്ത വി.പത്രോസിലേക്കും മറ്റ് ശിഷ്യന്മാരിലേക്കും പോയി.. യേശുവിനെ ബന്ധിച്ചുകൊണ്ട് പോയ രാത്രി എങ്ങിനെ ശിഷ്യന്മാര്‍ക്ക് ഭയന്നോടാന്‍ തോന്നി, എങ്ങിനെ പത്രോസിന് ഗുരുവിനെ നിഷേധിക്കാന്‍ തോന്നി, എന്നാല്‍ ഒരു ശിഷ്യന്‍ മാത്രം അവനെ അനുഗമിച്ചതായി കാണുന്നു. തന്റെ ഗുരുവിന്റെ മരണം, പീഡാസഹന യാത്ര ഇവിടെയെല്ലാം അവന്‍ യേശുവിനെ അനുഗമിച്ചു.                            ആ ശിഷ്യന് ഇതെങ്ങിനെ സാധിച്ചു. യേശുവിനെ സ്‌നേഹിച്ചിരുന്ന ആ ശിഷ്യന്‍ അവന്റെ വക്ഷസ്സിലാണന്നു ചാരിക്കിടന്നത്. ഗുരുവിന്റെ സ്‌നേഹത്തിന്റെ ചൂട് അവന്‍ അറിഞ്ഞിരുന്നു. ലോകത്തെ രക്ഷിക്കുവാനുള്ള ഗുരുവിന്റെ സ്‌നേഹത്തിന്റെ ആഴം അവന്‍ തിരിച്ചറിഞ്ഞു. എന്നാല്‍ നാം കാണുന്നുണ്ട് ക്രിസ്തുവിന്റെ ഉത്ഥാനത്തിനു ശേഷം, പരിശുദ്ധാത്മനിറവില്‍ ലോകം മുഴുവനും ഗുരുവിന്റെ സ്‌നേഹ സുവിശേഷത്തിന്റെ വാക്താക്കളായി മാറാനും ഏതു വാളിനുമുമ്പിലും തല നീട്ടിക്കൊടുക്കുവാനും ശിഷ്യന്‍മാര്‍ക്ക് ശക്തി  ലഭിച്ചു. എന്നാല്‍ യേശു സ്‌നേഹിച്ചിരുന്ന ശിഷ്യന്‍(യോഹന്നാന്‍)നെ തിളച്ച എണ്ണയില്‍ കൊല്ലാനായി ഇട്ടുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടുവെന്ന് ചരിത്രം പറയുന്നു. തിളച്ച എണ്ണക്കു പോലും അവന്റെ ശരീരത്തെ നശിപ്പിക്കാന്‍ സാധിച്ചില്ല.

നമുക്ക് ഈശോയോട് പ്രാര്‍ത്ഥിക്കാം......

ആണിപ്പാടുള്ള കരത്താലെന്നെ

മാറോടു ചേര്‍ത്തൊരു സ്‌നേഹനാഥാ

എരിയുന്ന സ്‌നേഹത്തിന്‍

         ചൂടിന്നെന്നില്‍

അഗ്നിയായ് ആളിപ്പടര്‍ന്നിടട്ടെ.......

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 94197