മനുഷ്യനെ മനുഷ്യനായി കണ്ടപ്പോള്‍
എഡ്വിന്‍

'ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍, നിങ്ങള്‍ക്ക് പരസ്പരം സ്‌നേഹം ഉണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിക്ഷ്യന്‍മാരാണെന്ന് അതുമൂലം എല്ലാവരും അറിയും'(യോഹ 13:35). അതിനാല്‍ മറ്റുള്ളവരെ സ്‌നേഹിക്കുകയും അവരോട് കരുണ കാണിക്കുകയും ചെയ്യുക എന്നുള്ളത് ഒരു ക്രിസ്തു ശിഷ്യന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. പാവപ്പെട്ടവരുടേയും, അവഗണിക്കപ്പെടുന്നവരുടേയും, തകര്‍ന്നവരുടേയും ജീവിതത്തിലേക്ക് ക്രിസ്തുവിന്റെ സ്‌നേഹവും ആശ്വാസവുമായി ഇറങ്ങിചെല്ലുവാന്‍ കുറച്ചു കാലങ്ങളായി, ദൈവകൃപയാല്‍ എനിക്ക് സാധിക്കുന്നുണ്ട്.

ജീവിതത്തിലെ ചില പ്രതിസന്ധികളാണ് എന്നെ യേശുവിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതും പൂര്‍ണ്ണമായും അവനില്‍ ആശ്രയിക്കാന്‍ ഇടയാക്കുന്നതും. അക്കാലത്ത് പങ്കെടുത്ത ഒരു ധ്യാനത്തിലെ ദിവ്യകാരുണ്യ ആരാധനയിലൂടെ ലഭിച്ച പ്രത്യേക അനുഭവത്തില്‍നിന്നുമാണ് യേശു ഇന്നും ജീവിക്കുന്ന ദൈവമാണെന്ന ബോധ്യം എനിക്ക് ലഭിക്കുന്നത്. അവിടുന്ന് എന്നെ പൂര്‍ണമായും മനസ്സിലാക്കുന്നവനാണെന്നും, അളവുകളില്ലാതെ സ്‌നേഹിക്കുന്നവനാണെന്നും, എന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ മതിയായവനാണെന്നും ഉറച്ചുവിശ്വസിക്കുവാന്‍ എനിക്ക് കൃപ ലഭിച്ചു. അതിലൂടെ എനിക്കുണ്ടായിരുന്ന ദുഖങ്ങളും അരക്ഷിതാവസ്ഥയും വലിയ ഒരളവുവരെ മാറ്റപ്പെട്ട്, വളരെ പ്രത്യാശയോടും ആത്മവിശ്വാസത്തോടും കൂടി ജീവിതത്തെ നേരിടുവാന്‍ എനിക്ക് ശക്തി ലഭിച്ചു.

അങ്ങനെയിരിക്കെ യേശുവിലൂടെ എനിക്ക് ലഭിച്ച സ്‌നേഹവും കരുതലും മറ്റുള്ളവരുടെ ജീവിതത്തിലേക്കും പകര്‍ന്നുകൊടുക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന ബോധ്യം എന്നില്‍ നിറഞ്ഞുവരാന്‍ തുടങ്ങി. അതാണ് പാവപ്പെട്ടവരിലേക്കും അവഗണിക്കപ്പെട്ടവരിലേക്കും തകര്‍ന്നവരിലേക്കും ഇറങ്ങിച്ചെന്ന് അവരുടെ ആവശ്യങ്ങളില്‍ സഹായവുമായി കൂടെ നില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ച ഒന്നാമത്തെ ഘടകം. നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്ന യേശുവിന്റെ കല്‍പ്പന പാലിക്കുന്നതിനായി, സാധിക്കുന്ന വ്യക്തികളോടെല്ലാം അവന്റെ സ്‌നേഹത്തിന്റെ സുവിശേഷത്തെ പറ്റി എന്റെ വാക്കിലൂടെയും പ്രവര്‍ത്തികളിലൂടെയും പ്രഘോഷിക്കേണ്ടത് എന്റെ ദൗത്യമാണെന്ന തിരിച്ചറിവായിരുന്നു ഈ പ്രവര്‍ത്തനങ്ങളിലേക്ക് എന്നെ ആകര്‍ഷിച്ച മറ്റൊരു ഘടകം.

കൂടാതെ ഫ്രാന്‍സീസ് അസ്സീസ്സിയെപറ്റി വായിച്ചപ്പോള്‍, അദ്ദേഹം പാവങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് യേശുവിന്റെ സ്‌നേഹം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ വിധം എന്നെ വളരെയധികം സ്വാധീനിച്ചു. ജീവിതാന്തസിനോട് നീതി പുലര്‍ത്തിക്കൊണ്ട് എനിക്കും കഴിയുംവിധത്തില്‍ അദ്ദേഹത്തെപ്പോലെ പ്രവര്‍ത്തിക്കണമെന്ന ആഗ്രഹമാണ് എന്നും ഈ വഴിയില്‍ എന്റെ പ്രചോദനം.

ഈ ചെറിയ പ്രവര്‍ത്തനമേഖലയിലൂടെ കടന്നുപോകുവാന്‍ ജീസസ് യൂത്ത് പ്രോലൈഫ്, ഔട്ട്‌റീച്ച് മിനിസ്ട്രികളാണ് എനിക്കെന്നും സഹായവും പ്രചോദനവും. കര്‍ത്താവ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച ധാരാളം അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.

ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സഹോദരനുമായി സംസാരിക്കാറുണ്ടായിരുന്നു. ഒരു ദിവസം വളരെ ദുഖത്തിലായിരുന്ന ആ അക്രൈസ്തവസഹോദരനോട് ക്രിസ്തുവിന്റെ സ്‌നേഹത്തെപ്പറ്റിയും കരുതലിനെപ്പറ്റിയും എന്റെ ജീവിതത്തില്‍ ഞാനത് എങ്ങനെയാണ് അനുഭവിച്ചതെന്നും പറഞ്ഞുകൊടുത്തു. തുടര്‍ന്ന് യേശു ചേട്ടനേയും സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ കൊച്ചുകുട്ടിയെ പോലെ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞ സംഭവം ഇന്നും മറക്കാനാവാത്തതാണ്.

ജീസസ് യൂത്ത് പ്രോലൈഫ് മിനിസ്ട്രിയില്‍ പ്രവര്‍ത്തിച്ചകാലത്ത് ഇരുപതോളം കുട്ടികളെ അബോര്‍ഷനില്‍നിന്നും രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. ആ സമയമുണ്ടായ പല സംഭവങ്ങളും ഇന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നു. ഞാന്‍ തരണം ചെയ്ത പ്രശ്‌നങ്ങളോടു സമാനമായതുമായി മല്ലിട്ടുകൊണ്ടിരിക്കുന്ന നിരവധി വ്യക്തികളെ കണ്ടുമുട്ടാന്‍ ഇടയായതും അവരുടെ ജീവിതത്തില്‍ വളരെ ഫലവത്തായ രീതിയില്‍ ഇടപെടാനും സഹായിക്കാനും സാധിച്ചതും മറ്റൊരു അത്ഭുതമായി ഞാന്‍ കണക്കാക്കുന്നു. ഈ പ്രവര്‍ത്തനങ്ങളിലൂടെ എനിക്ക് വളരെയധികം കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചതിനോടൊപ്പം വ്യക്തിജീവിതത്തിലും കുടുംബത്തിലും വളരെയധികം അനുഗ്രഹങ്ങള്‍ ലഭിക്കുന്നതിനുമിടയായി.

മറ്റുള്ളവരേയും ദൈവത്തേയും സ്‌നേഹിക്കുന്നതിലുള്ള എന്നിലെ പോരായ്മകളെ കണ്ടെത്തി അവയെ പരിഹരിക്കാന്‍ ശ്രമിക്കാനുള്ള ഒരു ഉത്തേജനം ലഭിക്കാറുണ്ട്. സഹായം അഭ്യര്‍ഥിക്കുന്നവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുമ്പോള്‍ അതിനായി ചുറ്റുമുള്ളവരില്‍ നിന്നും നിര്‍ലോഭമായ പിന്തുണയും സഹായവും ലഭിക്കും എന്ന തിരിച്ചറിവാണ് ഞാന്‍ പഠിച്ച മറ്റൊരു കാര്യം. ജീവിതത്തിലെ ചില നിസ്സഹായതയുടെ അവസരങ്ങളില്‍, അപരിചിതരില്‍ നിന്നുപോലും വളരെ അത്ഭുതകരമായ സഹായങ്ങള്‍ എനിക്കു ലഭിച്ചത് ഈ പ്രവര്‍ത്തനങ്ങളുടെ അനുഗ്രഹഫലമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജോലിയുടെ മേഖലയിലും വിദ്യാഭ്യാസത്തിന്റെ മേഖലയിലും അത്ഭുതകരമായ ഉയര്‍ച്ച ഉണ്ടായിക്കൊണ്ടിരിക്കുന്നത് ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായ അനുഗ്രഹങ്ങളില്‍ ഒന്നാണ്. 

ആവശ്യക്കാരെ സഹായിക്കുമ്പോള്‍ യേശു വളരെയധികം ആഗ്രഹിക്കുന്ന ഒരു പ്രവൃത്തിയാണ് ഞാന്‍ ചെയ്യുന്നതെന്ന ബോധ്യത്തില്‍നിന്നും ലഭിക്കുന്ന ആനന്ദമാണ് മറ്റൊരനുഗ്രഹമായി ഞാന്‍ കണക്കാക്കുന്നത്. ദാനമായി ലഭിച്ച അനുഗ്രഹങ്ങളെയും കഴിവുകളെയും ദാനമായി നല്‍കാന്‍ നമുക്കുള്ള ഉത്തരവാദിത്വത്തെപ്പറ്റി നമുക്ക് ചിന്തിക്കാം. നമുക്ക് ഓരോരുത്തര്‍ക്കും അതിനു കൃപ ലഭിക്കുന്നതിനായി ഈശോ നമ്മെ അനുഗ്രഹിക്കട്ടെ...

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109837