ചതിക്കുഴികള്‍ തിരിച്ചറിയാം... നല്ല സ്വപ്നങ്ങള്‍ കാണാം....
ജോബിന്‍

ഘോരവനത്തിനടുത്തുള്ള ചെറുഗ്രാമത്തിലെ അലക്കുകാരനു ഒരു കഴുതയുണ്ടായിരുന്നു. താനൊരു കേമനാണെന്നു എങ്ങനെ തെളിയിക്കുമെന്ന് പകല്‍ക്കിനാവു കാണുകയായിരുന്നു കഴുതയുടെ പ്രധാന വിനോദം. ഈ ചിന്തയുമായി ഒരു ദിവസം മയങ്ങുമ്പോഴാണ് ഒരു കുറുക്കന്‍ ആ വഴി വന്നത്. എന്തോ തന്റെ അടുത്ത് എത്തിയിട്ടുണ്ടല്ലോ എന്ന് തോന്നി, മയങ്ങുകയായിരുന്ന കഴുത പെട്ടെന്ന് ചാടിയെഴുന്നേറ്റു. അപ്രതീക്ഷിതമായ ചാട്ടം കണ്ട് കുറുക്കന്‍ പേടിച്ചോടി. തന്റെ വലുപ്പം കണ്ട് കുറുക്കന്‍ പേടിച്ചോടിയതാണെന്ന് കഴുത വിശ്വസിച്ചു. ആകെ നാണക്കേടിലായ കുറുക്കന്‍ കഴുതയെ ഒരു പാഠം പഠിപ്പിക്കണമെന്ന് തീരുമാനിച്ചു. അവന്‍ സൂത്രത്തില്‍ സിംഹരാജനെ സമീപിച്ചു ഇപ്രകാരം പറഞ്ഞു. 'ഈ കാട്ടിലെ ഏറ്റവും ശക്തനും സുന്ദരനും ധീരനുമായ അങ്ങേയ്ക്ക് ഞാനൊരു ഇരയെ കാട്ടിത്തരാം. ശക്തിമാനാണെന്നു സ്വയം വിശ്വസിക്കുന്ന മണ്ടനാണവന്‍. അവനെ കാണുമ്പോള്‍ പേടിച്ചമട്ടില്‍ തിരിച്ചോടിയാല്‍ മതി. അവന്‍ പുറകെ വന്നുകൊള്ളും'. തന്റെ വാക്ചാതുരിയില്‍ മയങ്ങിയ സിംഹത്തിന് കുറുക്കന്‍ കഴുതയെ കാണിച്ചുകൊടുത്തു. കഴുതയെ സമീപിച്ച സിംഹം പേടിച്ചതുപോലെ തിരിഞ്ഞോടി. കഴുത പുറകേ ഓടിച്ചെന്നു, സിംഹത്തെ വിരട്ടാന്‍ ശ്രമിച്ചു. സിംഹം വീണ്ടും വനത്തിനുള്ളിലേക്ക് അല്പദൂരം ഓടി. തന്നെ ഭയന്നാണ് സിംഹം ഓടുന്നത് എന്ന് വിചാരിച്ച് കഴുത പുറകേ ഓടിക്കൊണ്ടിരുന്നു. കുറേ ഓടിത്തളര്‍ന്ന കഴുത ഒരു ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടു. ചുറ്റും നോക്കിയപ്പോഴാണ് തനിക്കിനി തിരിച്ചുപോകാനാകില്ലെന്ന് അതിനു മനസ്സിലായത്. തക്കം പാര്‍ത്തിരുന്ന സിംഹം ഒട്ടും ദയയില്ലാതെ അതിന്റെ കഥ കഴിക്കുകയും ചെയ്തു.

പ്രിയപ്പെട്ടവരെ, ചിലപ്പോഴൊക്കെ നാം ഈ കഴുതയുടെ സ്വഭാവം ജീവിതത്തില്‍ കൊണ്ടുവരാറുണ്ട്. തനിക്കെന്തൊക്കെയോ കഴിവുകളുണ്ടെന്നുള്ള അമിതമായ ആത്മവിശ്വാസത്തില്‍, തന്നെ എല്ലാവരും ഭയപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്ന മിഥ്യാധാരണയില്‍ മുന്നോട്ടു നീങ്ങും. തന്നേക്കാളും ഉയര്‍ന്നപദവിയിലുള്ളവരെ പുച്ഛിക്കാനും കീഴെയുള്ളവരെ നിന്ദിക്കാനും തുടങ്ങും. അപ്രകാരം ജീവിതത്തെ നാശത്തിലേക്കു നയിക്കും. മറ്റു ചിലരാകട്ടെ കുറുക്കനെപ്പോലെ കെണിയൊരുക്കികൊണ്ടിരിക്കും. മറ്റുള്ളവരുടെ പ്രീതി പിടിച്ചു പറ്റി അവരുടെ പ്രിയങ്കരനും വിശ്വസ്തനുമായി വളരും. പക മനസ്സില്‍ സൂക്ഷിച്ച്  തരംകിട്ടുമ്പോള്‍ ദുര്‍ബലനെ കെണിയിലകപ്പെടുത്തുകയും ചെയ്യും. വേറെ ചിലര്‍ സിംഹത്തേപ്പോലെ ഏതു കൗശലവും പ്രയോഗിച്ച് സഹജീവികളെ നശിപ്പിച്ച് സ്വന്തം ഇഷ്ടങ്ങള്‍ നടപ്പിലാക്കും.

നമുക്കെല്ലാവര്‍ക്കും വിവേകവും ബുദ്ധിയും അറിവും ജ്ഞാനവും ശക്തിയുമെല്ലാം ദൈവം നല്‍കിയിട്ടുണ്ട്. അറിവേറെയുള്ളവരാണു നാം ഓരോരുത്തരും. നമുക്ക് നഷ്ടമായിരിക്കുന്നത് തിരിച്ചറിവുകളാണ്. പണവും പ്രശസ്തിയും ലോകസുഖങ്ങളും സ്വന്തമാക്കാനും മക്കള്‍ക്കുവേണ്ടി കൂട്ടിവയ്ക്കാനും നെട്ടോട്ടമോടുമ്പോള്‍ ദൈവത്തെയും ബന്ധങ്ങളെയും മൂല്യങ്ങളേയും മുറുകെപിടിക്കാനും പകര്‍ന്നുകൊടുക്കാനും നാം മറന്നുപോകുന്നു. സ്വന്തം കഴിവില്‍ അഹങ്കരിച്ച് ആകാശംമുട്ടുന്ന ഗോപുരമുയര്‍ത്താന്‍ തുനിഞ്ഞിറങ്ങിയ പൂര്‍വ്വികര്‍ അവസാനം പരസ്പരം മല്ലടിച്ച് ചിതറിപ്പോയതുപോലെ കുടുംബങ്ങള്‍ ശിഥിലമാക്കപ്പെടുന്നു. അതിനാല്‍ നാം ആരായിരുന്നാലും നമ്മുടെ വ്യക്തിത്വം ദൈവഹിതത്തിനു യോജിച്ചതാകട്ടെ. തലമുറകള്‍ അതുകണ്ടുവളരട്ടെ. അഹംഭാവവും ചതിയും ക്രൂരതയും നമ്മിലും സമൂഹത്തിലും വളരാതിരിക്കട്ടെ. അതിനായി നമുക്ക് പരിശ്രമിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യാം. സുന്ദരമായ ഈ ഭൂമിയില്‍ സമാധാനവും ശാന്തിയും നിറഞ്ഞ വഞ്ചനയും ചതിയും ഇല്ലാത്ത ഒരു നല്ല നാളെ നമുക്ക് സ്വപ്നം കാണാം. സമാധാനപ്രിയരായി നമുക്കു മാറാം. ലോകസമാധാനസന്ദേശവാഹകരാകാം....

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109831