തെറ്റായ വിശ്വാസങ്ങള്‍, ഒരു തിരിഞ്ഞുനോട്ടം.
ജെന്‍സി ജോബി

ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തിന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ ഭവന രഹിതരായ അഗതികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ദൈവത്തിന്റെ മക്കളെ എല്ലാവരേയും ഒരുപോലെ കാണുകയും സ്‌നേഹിക്കുകയും ചെയ്ത് അദ്ദേഹം ലോകത്തിന് മാതൃക പകരുന്നു. അങ്ങനെ അനേകം വ്യക്തിത്വങ്ങളെ നമുക്ക് ചുറ്റും കാണാന്‍ സാധിക്കും.

വ്യാഴാഴ്ച ദിവസത്തെ ഒരു കല്യാണചടങ്ങ്  അരമണിക്കൂര്‍ കൊണ്ട് എല്ലാവരും ഭക്ഷണം കഴിച്ചു. എന്നാല്‍ വരന്റെ വീട്ടിലേക്ക് പോകാന്‍ ഒന്നര മണിക്കൂര്‍ പാരീഷ് ഹാളില്‍ തങ്ങേണ്ടിവന്നു. കാരണം അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് ഇന്ന് വ്യഴാഴ്ച്ച അല്ലെ, മൂന്നു മണിക്ക് ശേഷമേ വീട്ടില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ.

അതുപോലെ ഭര്‍ത്താവ് മരിച്ച സ്ത്രീകളെ സ്വന്തം ബന്ധുവായിരുന്നിട്ടു പോലും വിവാഹത്തിനു ക്ഷണിക്കാത്തവര്‍, മലയാള മാസത്തിലെ ആദ്യ ദിവസം ആരെങ്കിലും ഭവനത്തില്‍ കയറിയാല്‍ ആ മാസം പട്ടിണി കിടക്കേണ്ടിവരും എന്ന് ചിന്തിക്കുന്ന മറ്റു ചിലര്‍, മകളുടെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞപ്പോള്‍, അതിനും മറ്റുള്ളവരെ പഴിക്കുന്ന ചില വ്യക്തിത്വങ്ങള്‍, അങ്ങനെ പോകുന്നു ആ നിര. 

പ്രിയമിള്ളവരെ അടിയുറച്ച വിശ്വാസത്തില്‍ വിത്ത്പാകി മൊട്ടിട്ട നമ്മുടെയൊക്കെ ക്രൈസ്തവ ജീവിതങ്ങള്‍ ഇന്ന് എവിടെ നില്‍ക്കുന്നു എന്ന് നമുക്കൊന്ന് സ്വയം വിലയിരുത്താം. പരിശുദ്ധമായ അള്‍ത്താരയുടെ മുമ്പില്‍ നിന്ന് നാം ഈശോയുടെ നാമത്തില്‍ സ്വീകരിക്കുന്ന വിശുദ്ധമായ കൂദാശകള്‍, ഈശോയെ പോലെ ഒരു നാഥനുള്ളപ്പോള്‍ നാം നടത്തുന്ന ഈ ആചാരങ്ങള്‍ക്ക് എന്ത് വിലയാണുള്ളത്. ഈ അന്ധമായ വിശ്വാസങ്ങളെ നമ്മുടെ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും വേരോടെ പിഴുതെറിഞ്ഞ്, മറ്റുള്ളവര്‍ക്കും നമ്മുടെ മക്കള്‍ക്കും വരും തലമുറയ്ക്കു തന്നെയും മാതൃകയുള്ള വ്യക്തിത്വങ്ങളായി മാറാം.

ദൈവത്തിന്റെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നാം, ഈശോയെ മുന്നില്‍ കണ്ട് നമ്മുടെ പ്രവര്‍ത്തികളെ നീതി ബോധത്തോടും സത്യസന്ധതയോടും ക്രമീകരിച്ചാല്‍ യാതൊരു അനര്‍ത്ഥവും നമ്മുടെ ജീവിതത്തെ വേട്ടയാടില്ല. ഏത് പ്രവര്‍ത്തി ചെയ്യുമ്പോഴും ദൈവത്തോട് അഭിപ്രായം ആരാഞ്ഞ്, വിശുദ്ധിയോടും പ്രാര്‍ത്ഥനയോടും തുടങ്ങുന്ന ജീവിതത്തില്‍ നാം ആരെ ഭയപ്പെടണം?

തെറ്റായ ധാരണകളെ മാറ്റി നിര്‍ത്തി നമ്മുടെയൊക്കെ ജീവിതം ഫലദായകവും ഉല്ലാസഭരിതവുമായി തീരാന്‍ നമുക്ക് യത്‌നിക്കുകയും അതുവഴി അനേക മക്കളെ തെറ്റായ ചിന്തകളില്‍ നിന്നും, പ്രബോധനങ്ങളില്‍ നിന്നും മാറ്റി നല്ലൊരു തലമുറയെ വാര്‍ത്തെടുക്കുന്നതിനുമായി ഈശോയുടെ മക്കളായ നമുക്കോരോരുത്തര്‍ക്കും സാധിക്കട്ടെ.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109957