ദേഹവും ദേഹിയും - ചില ചിന്തകള്‍
സുധി പൗലോസ്

ദൈവം തന്റെ സൃഷ്ടികളില്‍ ഉത്തമനായി മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ആദ്യം അവന്റെ ശരീരമാണ് രൂപപ്പെടുത്തിയത്. അതിനുശേഷമാണ് തന്റെ തന്നെ പ്രാണവായുവിനെ (ആത്മാവ്) അവന്റെ നാസാരന്ത്രങ്ങളിലേക്ക് ഊതി പകര്‍ന്ന് അവന് ജീവന്‍ നല്‍കിയത്. അങ്ങനെ ദൈവത്തിന്റെ ആദ്യ സൃഷ്ടികളില്‍ ഒന്നായ ഭൂമിയിലുള്ള പൂഴികൊണ്ടുതന്നെ അവന് ജന്മം നല്‍കി. അത് കൊണ്ട് യാത്രക്കൊടുവില്‍ ഭൂമിയില്‍ നിന്ന് രൂപം കൊണ്ട ശരീരം ഭൂമിയ്ക്ക് തന്നെ വിട്ടുകൊടുത്ത് മനുഷ്യന്റെ ആത്മാവ് മാത്രം യാത്ര തുടരുന്നു.

ഇവിടെ ചിന്താവിഷയം തനിക്കാദ്യം കിട്ടിയ ശരീരത്തെ മനുഷ്യന്‍ വല്ലാതെ സ്‌നേഹിക്കുന്നു, പരിഗണിക്കുന്നു; എന്നാല്‍ അതിന്റെ നിലനില്‍പ്പിനെ തന്നെ നിയന്ത്രിക്കുന്ന ആത്മാവിനെ അവന്‍ പരിഗണിക്കുന്നില്ല; സ്‌നേഹിക്കുന്നുമില്ല. പ്രായം നമ്മുടെ ശരീരത്തിലേല്‍പ്പിക്കുന്ന ചെറിയ ആഘാതങ്ങള്‍ പോലും നമ്മെ ദുഖിപ്പിക്കുന്നു. ചുളിവുകള്‍, നരകള്‍ നമ്മെ തളര്‍ത്തുന്നു. ശ്രവ്യ, ദൃശ്യ, അച്ചടി മാധ്യമങ്ങളും വന്‍കിട കോസ്‌മെറ്റിക് കമ്പനികളും  നമ്മുടെ ഈ ആവലാതികളെ മുതലെടുത്ത് പണം വാരുന്നു. തന്റെ ജരാനരകളില്‍ ദുഖിച്ചിരുന്ന അച്ഛന് തന്റെ യൗവ്വനം നല്‍കി അച്ഛന്റെ ജരാനരകള്‍ സ്വീകരിക്കുന്ന മകന്റെ പുരാണകഥ നമുക്ക് പരിചിതമാണ്. 'ചത്തു കിടന്നാലും ചമഞ്ഞ് കിടക്കണം' എന്ന മലയാളി  പഴമൊഴിയും ഇതിനോട് ചേര്‍ത്ത് വായിക്കാം.

വി.പൗലോസിന്റെ വാക്കുകളില്‍ നാം ദൈവത്തിന്റെ ആലയവും ഈ ആലയത്തില്‍ ദൈവത്തിന്റെ ആത്മാവ് വസിക്കുകയും ചെയ്യുന്നു, ഒറ്റവാക്കില്‍ നാം ഒരു ദേവാലയം. ആലയത്തേക്കാള്‍ അതിനുള്ളിലെ ദൈവസാന്നിധ്യം പ്രാധാന്യമര്‍ഹിക്കും പോലെ ശരീരത്തിനേക്കാള്‍ അതിനുള്ളിലെ ആത്മാവ് പ്രാധാന്യമര്‍ഹിക്കുന്നു. തീര്‍ച്ചയായും ആലയമാകുന്ന ശരീരം സംരക്ഷിക്കുകയും ഭംഗിയാക്കുകയും വേണം; പക്ഷേ അതൊരിക്കലും വെള്ളയടിച്ച കുഴിമാടമായ് മാറരുത്.

നിശ്ചയിക്കപ്പെട്ട കാലത്തേക്ക് മാത്രം നിലനില്‍ക്കുന്ന ശരീരം അതില്‍ വസിക്കുന്ന ആത്മാവിന്റെ വേര്‍പാടോടെ നിശ്ചലമാകുന്നു,  പിന്നീട്  ആത്മാവ് അതിന്റെ ദാതാവിലേക്ക് യാത്ര തുടരുന്നു. വന്നപോലെയല്ല തിരിച്ചുപോക്കെങ്കില്‍ തന്നവന്‍ അത് തിരിച്ചെടുക്കില്ല. ഒത്തിരി സംരക്ഷിക്കേണ്ടിയിരുന്നതിനെ സംരക്ഷിക്കാതിരുന്നതിനാല്‍ വന്നുചേര്‍ന്ന ദുരവസ്ഥ!!!

ശരീരത്തിനെന്നപോലെ ആത്മാവിനും പോഷണം ആവശ്യം തന്നെ. ദൈവവചനം, പ്രാര്‍ത്ഥന, കൗദാശികജീവിതം, ഉപവാസം, ത്യാഗപ്രവര്‍ത്തികള്‍ എന്നിവ ആത്മാവിനെ പരിപോഷിപ്പിക്കും ഒപ്പം നമ്മുടെ ശരീരത്തെയും. തന്റെ നൂറ്റിയിരുപതുവര്‍ഷത്തെ ജീവിതയാത്രക്കൊടുവിലും മോശയ്ക്ക് തന്റെ കാഴ്ചശക്തി നഷ്ടപ്പെടുകയോ ശരീരത്തില്‍ ബലക്ഷയം സംഭവിക്കുകയോ ചെയ്തിരുന്നില്ല. ആത്മാവിന് ഒരുപാട് പോഷണം നല്‍കിയ വിശുദ്ധരുടെ ശരീരം, ഇന്നും നൂറ്റാണ്ടുകളായി നശിക്കാതെ നമുക്ക് മുമ്പില്‍ മാതൃകകളായി നില്‍ക്കുന്നു. തന്റെ ആത്മാവിനെ നല്‍കിയപോലെതന്നെ, ഒരു പോറലുപോലുമേല്‍ക്കാതെ തിരിച്ചുനല്‍കിയവരുടെ ശരീരം പോലും  നശിപ്പിക്കാന്‍ ദൈവത്തിനും മനസ്സുവരുന്നില്ല....ഒരു പ്രാര്‍ത്ഥനയോടെ ഈ ചിന്തകളെ അവസാനിപ്പിക്കാം. 'ദൈവമേ നീ എനിക്കു തന്ന ശരീരത്തെ വിശുദ്ധമായും അതിലുപരി അതില്‍ വസിക്കുന്ന നിന്റെ തന്നെ ആത്മാവിനെ അതിവിശുദ്ധമായും സൂക്ഷിക്കാനും പരിപാലിക്കാനും എന്നെ പഠിപ്പിക്കണമേ'...

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82589