വിടപറഞ്ഞൊഴിഞ്ഞ് 2016
സുധി പൗലോസ്

രണ്ടായിരത്തി പതിനാറാം ആണ്ടും പടിയിറങ്ങുകയാണ്, മുന്നൂറ്റി അറുപത്തിയാറ് ദിവസങ്ങള്‍ നമുക്ക് സമ്മാനിച്ച്. കടന്നുവരുന്ന രണ്ടായിരത്തി പതിനേഴിനായി രണ്ടായിരത്തി പതിനാറ് വഴിമാറിക്കഴിഞ്ഞു. ചിരിച്ചും ചിരിപ്പിച്ചും, കരഞ്ഞും കരയിച്ചും, ആടിയും പാടിയും, കൊടുത്തും വാങ്ങിയും സ്‌നേഹിച്ചും പ്രണയിച്ചും ഒരു വര്‍ഷം കൂടി നമ്മില്‍ നിന്നും അകന്നു പോയി ഒരിക്കലും മടങ്ങി വരാതെ... പകുതി വായിച്ചു വച്ച പുസ്തകങ്ങളും, ആടുവാന്‍ കരുതിവച്ച നൃത്തച്ചുവടുകളും, പറയാതെ നെഞ്ചിലൊളിപ്പിച്ച പരിഭവങ്ങളും പറയാന്‍ മറന്ന പ്രണയവും രണ്ടായിരത്തി പതിനാറിന്റെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു... 

ഒത്തിരി പ്രതീക്ഷകളോടെ ആയിരിക്കാം രണ്ടായിരത്തിപതിനാറിന്റെ പടികള്‍ നാം ചവിട്ടി കയറിയത്. ഒരുവേള പ്രതീക്ഷകള്‍ പൂവണിഞ്ഞിരിക്കാം. മറുവേള പ്രതീക്ഷകള്‍ പൂവണിയാതെ കൊഴിഞ്ഞു പോയെന്നുമിരിക്കാം. വര്‍ഷങ്ങളും ദിനങ്ങളും നിയന്ത്രിക്കുന്നവന്‍ തന്നെ നമ്മളെയും നിയന്ത്രിക്കുമ്പോള്‍ ഇവയൊന്നും നമ്മുടെ കയ്യിലല്ല എന്ന ചിന്തയായിരിക്കട്ടെ നമ്മെ ഭരിക്കേണ്ടത്. അനുഗ്രഹമാരിയില്‍ നനഞ്ഞവര്‍ നന്ദിയുടെ കൂപ്പുകരങ്ങളുമായ് നില്‍ക്കട്ടെ, ജീവിത വ്യഥകള്‍ ഒന്നിനുപുറകെ ഒന്നായി അലട്ടുന്നവര്‍ ' എന്നില്‍ വിശ്വസിക്കൂ, എന്നിക്കസാദ്ധ്യമായ് ഒന്നുമില്ല എന്ന അവന്റെ വലിയ പ്രതീക്ഷാവചനത്തില്‍ തങ്ങളുടെ മടക്കിയ കാല്‍മുട്ടുകള്‍ ഉറപ്പിക്കട്ടെ..... 

കടന്നുപോകുന്ന വര്‍ഷങ്ങളും ദിനങ്ങളും നമ്മോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ക്രിസ്തുവിനോട് നീ എത്രമാത്രം അനുരൂപനായ് മാറി എന്നത്. മാറ്റങ്ങള്‍ നടന്നില്ല എങ്കില്‍ ഓരോ ദിനങ്ങളും അന്ത്യദിനത്തില്‍ നിനക്ക് എതിര്‍ സാക്ഷിയായ് മാറും. രണ്ടായിരത്തി പതിനേഴിന്റെ ഏറ്റവും വലിയ വെല്ലുവിളി മറ്റൊരു ക്രിസ്തുവായി മാറുക എന്നതായിരിക്കട്ടെ. 

പുത്തന്‍ വര്‍ഷത്തില്‍ പരിശുദ്ധ അമ്മയുടെ കരം പിടിച്ച് യാത്ര തുടങ്ങാം. ക്രിസ്തുവിനെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത് അമ്മയാണ്. അമ്മ നമ്മെയും സഹായിക്കും. പ്രകാശമായ്, അന്നമായ്, വസ്ത്രമായ്, ആശ്വാസമായ്, തലോടലായ് നമുക്ക് മാറാം. പോയ ദിനങ്ങള്‍ ഓര്‍ത്ത് ആവലാതിപ്പെടാതെ വരും ദിനങ്ങള്‍ നമ്മുടെ പൂമണം പരത്തുന്ന ദിനങ്ങളാക്കി മാറ്റാം. നല്ല വായനകള്‍, നല്ല കൂട്ടുകാര്‍ നമ്മുടെ വഴികളില്‍ പ്രകാശം പരത്തട്ടെ.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109960