നാളെയാകാം പക്ഷേ....
റോബിന്‍

ഒരിക്കല്‍ ഒരു യുവാവ് ദൈവത്തെ കാണുവാനുള്ള ആഗ്രഹവുമായി ഒരു സന്യാസിയുടെ അടുത്തെത്തി. തെല്ലുനേരത്തെ ആലോചനയ്ക്കുശേഷം സന്യാസി അവനെ ആശ്രമത്തിനടുത്തുള്ള ഒരു സ്ഥലത്തേയ്ക്കു പറഞ്ഞയച്ചു. യുവാവു പോയി അല്പസമയം കഴിഞ്ഞപ്പോള്‍ സന്യാസി ഒരു യാചകനെ അവന്റെ അടുത്തേയ്ക്കു പറഞ്ഞു വിട്ടു. ആ സാധുമനുഷ്യന്‍ സഹായാഭ്യര്‍ത്ഥനയുമായി യുവാവിനെ സമീപിച്ചു. 'നാളെ വരൂ, നിങ്ങളുടെ ആവശ്യം എന്തായാലും സാധിച്ചുതരുന്നതാണ്' യുവാവ് മറുപടി പറഞ്ഞു. ഏറെത്താമസിക്കാതെ സന്യാസി യുവാവിനെ സമീപിച്ചു ചോദിച്ചു. താങ്കള്‍ ദൈവത്തെ കണ്ടുവോ? ഇല്ല, എന്നുപറഞ്ഞയുവാവിനോട് സന്യാസി ഇപ്രകാരം പറഞ്ഞു. ഇപ്പോള്‍ നിങ്ങളുടെ അടുത്തുനിന്ന് ദൈവം പോകുന്നത് ഞാന്‍ കണ്ടുവല്ലോ. യുവാവ് പ്രത്യുത്തരിച്ചു. ആ യാചകനോടുനാളെവരാന്‍ ഞാന്‍ പറഞ്ഞു. സന്യാസി പറഞ്ഞു. നാളെയാകാം ...പക്ഷേ....

സന്യാസി തുടര്‍ന്നു. നാളെ നിങ്ങള്‍ ജീവനോടെ ഉണ്ടാകുമെന്നതിനു എന്താണ് ഉറപ്പ്?. നാളെ അയാള്‍ നിങ്ങളുടെ അടുത്തുവരുമെന്നതിന് എന്താണ് തെളിവ്?. നാളെ നിങ്ങള്‍ക്ക് അയാളെ സഹായിക്കാന്‍ കഴിയുമെന്ന് എങ്ങനെ അറിയാം?. ഈ മൂന്നു ചോദ്യങ്ങള്‍ അയാളുടെ കണ്ണു തുറപ്പിച്ചു. പ്രിയ സഹോദരാ, സഹോദരീ ഇതുവായിച്ചുകൊണ്ടിരിക്കുന്ന ഈ നിമിഷം ഇനി ഒരിക്കലും നിങ്ങളുടെ മുന്‍പിലെത്തുകയില്ല. ഒരുനിമിഷം മതി ദൈവത്തെ നഷ്ടമാകാനും,ദൈവത്തെ നേടാനും. നന്മചെയ്യാന്‍ കിട്ടുന്ന ഒരവസരവും 'പിന്നെ' എന്നുപറഞ്ഞു മാറ്റിവയ്ക്കാതിരിക്കുക.വചനം പറയുന്നു.' നിനക്കുചെയ്യാന്‍ കഴിവുള്ള നന്മ, അതുലഭിക്കാന്‍ അവകാശമുള്ളവര്‍ക്ക് നിഷേധിക്കരുത്'.

വീണുകിട്ടുന്ന ഇഷ്ടികകൊണ്ടു വീടുപണിയുന്നവരാണ് വിവേകികള്‍ എന്നാണല്ലോ മഹത് വചനം. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക. സമയവും തിരമാലയും ആരെയും കാത്തുനില്‍ക്കില്ല. അനുനിമിഷം വ്യക്തികളിലൂടെ, സംഭവങ്ങളിലൂടെ,സാഹചര്യങ്ങളിലൂടെ നമ്മോടു ബന്ധപ്പെടുന്ന ദൈവത്തെ നാം തിരിച്ചറിയണം. എങ്കില്‍മാത്രമെ ദൈവം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരംകൊടുക്കാന്‍ നമുക്കു കഴിയുകയുള്ളൂ. എന്തൊക്കെയായിരിക്കാം ദൈവം നമ്മോടുചോദിക്കുന്ന കാര്യങ്ങള്‍.

-നീ സഞ്ചരിക്കുന്നത്  ഏതു കാറിലാണെന്ന് ദൈവം ചോദിക്കില്ല. യാത്രാസൗകര്യമില്ലാത്ത എത്രപേരെ യാത്രചെയ്യാന്‍ നീ സഹായിച്ചു എന്ന് അവിടുന്നുചോദിക്കും.

-നിന്റെ അലമാരിയില്‍ എത്രവസ്ത്രങ്ങളുണ്ടെന്ന് ദൈവം ചോദിക്കില്ല. എത്രപേരെ നീ ഉടുപ്പിച്ചുവെന്ന് അവിടുന്നുചോദിക്കും.

-നിനക്ക് കിട്ടിയ ഏറ്റവും ഉയര്‍ന്ന ശമ്പളം എത്രയെന്ന് അവിടുന്നു ചോദിക്കില്ല. അതു നേടാന്‍ നിന്റെ വ്യക്തിത്വം പണയപ്പെടുത്തിയോ എന്നവിടുന്നു ചോദിക്കും.

-നീ എന്തുതരം ജോലിയാണ്‌ചെയ്യുന്നതെന്ന് അവിടുന്ന് ചോദിക്കില്ല. എത്ര ആത്മാര്‍ഥതയോടെ അതുചെയ്യുന്നു എന്ന് ദൈവം ചോദിക്കും.

-നിനക്ക് എത്ര സുഹൃത്തുക്കളുണ്ടെന്ന് ദൈവം ചോദിക്കില്ല. നീ എത്ര പേര്‍ക്ക് സുഹൃത്തായിരുന്നു എന്നവിടുന്നുചോദിക്കും.

ആകയാല്‍ നമുക്ക് ഓരോനിമിഷവും ബോധപൂര്‍വ്വം ജീവിച്ച് ജീവിതം ധന്യമാക്കാം.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109969