തോല്‍വികള്‍ ആഘോഷമാകുമ്പോള്‍......
സുധി പൗലോസ്

ഇന്നെല്ലായിടത്തും മത്സരമാണ്. അറിഞ്ഞോ അറിയാതെയോ നാമെല്ലാവരും അതിന്റെ ഭാഗമായും മാറുന്നു. മത്സരങ്ങള്‍ എന്നും ചില തല ഉയര്‍ത്തിപ്പിടിക്കലുകളുടേയും, ചില തല താഴ്ത്തിപ്പിടിക്കലുകളുടേയും, പൊട്ടിച്ചിരികളുടേയും, അമര്‍ത്തിയ അല്ലെങ്കില്‍ പൊട്ടിച്ചിതറിയ ഗദ്ഗദങ്ങളുടേയും കഥകളാണ് പറഞ്ഞിട്ടുള്ളത്.

ബൈബിളില്‍ പഴയനിയമം അധികം തന്നെ ഈ മാത്സര്യത്തിന്റെ ചിത്രങ്ങള്‍ കോറിയിടുന്നു. ആബേലിലും കായേനിലും തുടങ്ങി ജോസഫിലും സഹോദരങ്ങളിലും എത്തുമ്പോളോ അതിന്റെ മൂര്‍ദ്ദന്യത്തില്‍, ദൈവത്തോട് വരെ മത്സരിക്കുന്ന മനുഷ്യന്‍... തോല്‍ക്കാന്‍ മനസ്സില്ലാത്തവന്‍....

എന്നാല്‍ പുതിയനിയമത്തില്‍ ക്യാന്‍വാസും ചിത്രങ്ങളും മാറുന്നു; തോറ്റുകൊടുക്കലിന്റെ അല്ലെങ്കില്‍ ചെറുതാകലിന്റെ കഥാപാത്രങ്ങള്‍ തെളിഞ്ഞുവരുന്നു. തന്റെ ജനനം മുതല്‍ മരണം വരെ; അല്ലെങ്കില്‍ ഉത്ഥാനശേഷവും യേശു നമുക്ക് മുമ്പില്‍ വരച്ചിട്ട ചെറുതാകലിന്റെ തോറ്റുകൊടുക്കലിന്റെ ചിത്രങ്ങളുണ്ട്. അങ്ങനെ ആര്‍ക്കും അനായാസം സ്വായത്വമാക്കാന്‍ പറ്റാത്ത ചെറുതാകലില്‍ക്കൂടി മനുഷ്യഹൃദയങ്ങളില്‍ ഇടിച്ചുകയറി വലുതാകലിന്റെ സുന്ദരരൂപം നിര്‍മ്മിച്ചെടുത്തവന്‍.

നമ്മളില്‍ പലരും എപ്പോഴൊക്കെയോ ചോദിച്ചു കേട്ട ഒരു ചോദ്യമുണ്ട്. 'സ്വന്തം ജീവന്‍ രക്ഷിക്കാന്‍ പറ്റാത്ത ഒരു ദൈവത്തിന് എങ്ങനെ നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും?' എവിടെയും ജയിച്ച് വിജയശ്രീലാളിതരായ് മാത്രം വരുന്ന ദൈവങ്ങളെ കുറിച്ച് കേട്ട് വളര്‍ന്നവര്‍ നിശ്ചയമായും ചോദിക്കാവുന്ന ചോദ്യം. എന്നാല്‍ അവര്‍ക്കറിയാത്ത ഒരു നഗ്നസത്യമുണ്ട്; മനുഷ്യദൃഷ്ടിയില്‍ ഒരു നാണംകെട്ട, തോല്‍പ്പിക്കപ്പെട്ട മരണത്തില്‍ കൂടി അവന്‍ അന്നുവരെ മനുഷ്യന്റെ ശത്രുക്കളായിരുന്ന, മരണത്തേയും പാപത്തേയും തോല്‍പ്പിച്ച് ജയിച്ചാണ് കടന്നുപ്പോയതെന്ന്. എന്നിട്ടും നമ്മളോ? ഇവ രണ്ടിനേയും തോല്‍പ്പിക്കാന്‍ ഇന്നും പെടാപ്പാടുപ്പെടുന്നു.

മാത്സര്യ ചിന്തകള്‍ നമ്മുടെ ഹൃദയങ്ങളെ വല്ലാതെ ഇടുങ്ങിയതാക്കും; ചുറ്റുമുള്ളവര്‍ നമുക്കന്യരാകും; ഒരു വേള ശത്രുക്കള്‍ !. ഒന്നോര്‍ത്താല്‍ നശ്വരകിരീടത്തിനായല്ലേ നമ്മുടെ ഭൗമീക മാത്സര്യങ്ങള്‍? ഇതിനുമപ്പുറം നമ്മെ കാത്തിരിക്കുന്ന അനശ്വര കിരീടത്തിനായല്ലേ നമ്മുടെ യാത്ര? അതിനിവിടെ തോല്‍വികളും, തോറ്റുകൊടുക്കലുകളും, ചെറുതാകലുകളും നാം ശീലിക്കേണ്ടിയിരിക്കുന്നു. ആര്‍ക്കെല്ലാമോ വേണ്ടി നാം തോറ്റുകൊടുക്കുമ്പോള്‍, തലതാഴ്ത്തിക്കൊടുക്കുമ്പോള്‍ പുറകില്‍ കൂക്കുവിളികള്‍ ഉയര്‍ന്നു കേള്‍ക്കാം....സാരമാക്കേണ്ട; അപ്പോഴെല്ലാം നാം കാണാതെ അദൃശ്യരായ ചിലര്‍ നമുക്കുവേണ്ടി കയ്യടിക്കുന്നുണ്ടാകും.. 

പണ്ടെങ്ങോ അകാരണമായ് തോറ്റു കൊടുത്തവര്‍, സ്വയം ചെറുതായവര്‍. ചെറുതാകലില്‍ കൂടി വലിയവനായവന്റെ നെഞ്ചിന്‍ ചില്ലകളില്‍ കൂടു കൂട്ടിയവര്‍....  'കര്‍ത്താവായ യേശുവേ മറ്റുള്ളവര്‍ക്കു വേണ്ടി തോല്‍വികള്‍ ആഘോഷമാക്കാന്‍ എന്നെ പഠിപ്പിക്കണമേ...'

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82589