പുഞ്ചിരിയുടെ മധുരം
റിയ ജോഫ്രിന്‍

ചിരിക്കാന്‍ മറന്നുപോയ ഒരു കാലത്തിന്റെ വഴിയേ നടന്നു കൊണ്ടിരിക്കുകയാണു നാമടക്കമുള്ളവരുടെ ഈ തലമുറ. ലൗകീക സുഖങ്ങളുടെയും ലൗകീകവ്യഗ്രതകളുടെയും ഇടയിലൂടെ കുതിച്ചുകൊണ്ടിരിക്കുന്ന ഈ സമൂഹത്തിന്റെ ഓട്ടം എവിടേയ്ക്കാണ് നീങ്ങുന്നത്?. ഈ ലോകം തരുന്ന സന്തോഷങ്ങള്‍ ഈ ലോകത്തില്‍ തന്നെ തീര്‍ന്നു പോകുന്നതാണെന്ന് അറിഞ്ഞിട്ടും ഓട്ടം തുടര്‍ന്നു കൊണ്ടിരിക്കുകയാണ് നാമേറെപ്പേരും.

സന്തോഷത്തെ ഭേദിച്ച് തീരെ ചെറിയ ഒരു ദുഃഖം വരുമ്പോള്‍ അതിനെ താങ്ങുവാന്‍ പറ്റാത്ത ഒരു തലമുറയായി നാം മാറിയിരിക്കുന്നു. സഹനങ്ങളില്‍ എന്തേ നമ്മുടെ ചുണ്ടുകളില്‍ ഒരു പുഞ്ചിരി പോലും വിരിയാത്തത്? ദുഃഖം വരുമ്പോള്‍ നാം പലപ്പോഴും നിയന്ത്രണം വിട്ട് നമ്മെത്തന്നെയും ദൈവത്തെ യും പഴിക്കാനും തുടങ്ങുന്നു. ചിലര്‍ അത്മഹത്യയിലേക്കു വരെ നീങ്ങാനും ശ്രമിക്കുന്നു. വിഷമങ്ങളില്‍ എന്റെ കര്‍ത്താവേ എന്നെ സഹായിക്കണമേയെന്ന് അപേക്ഷിച്ച് വിശ്വാസത്തോ ടെ അവിടുത്തെ അശ്രയിക്കുവാനും, വീഴ്ച്ചകളില്‍ തെറ്റുപറ്റി മാപ്പാക്കണേയെന്ന് നിലവിളിക്കാനും നാം പരിശീലിച്ചാല്‍ അവന്റെ സാന്നിധ്യത്തിന്റെ നിറവില്‍ നമ്മുടെ ജീവിതങ്ങള്‍ വീണ്ടും പുഞ്ചിരിപൊഴിക്കും.

നമ്മുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്കിടയിലും നമ്മള്‍ സന്തോഷമുള്ളവരെപ്പോലെ കാണപ്പെടുന്നതു തന്നെ കഷ്ടപ്പാടുകള്‍ക്കിടയിലൂടെയുള്ള ജീവിതങ്ങള്‍ക്കു വലിയ ആശ്വാസമായി അനുഭവപ്പെടും. നാം ദുഃഖത്തില്‍ മുഴുകിയിരിക്കുന്ന സമയത്ത് നമ്മെ കേള്‍ ക്കാന്‍ തയ്യാറുള്ള പല വ്യക്തികളിലൂടെയാണ് ദൈവസ്‌നേഹത്തില്‍ അവിടുന്നു നമ്മെ ഉറപ്പിക്കുന്നത്. അത് നമ്മെ പഠിപ്പിക്കുന്നത് നമുക്കു കിട്ടിയ അത്മീയ സന്തോഷം ഒരു ചെറിയ പുഞ്ചിരിയായിട്ടെങ്കിലും നാം മറ്റുള്ളവരിലേക്ക് അനുനിമിഷം പങ്കുവെയ്ക്കണമെന്നാണ്. അങ്ങനെ ചെയ്യുന്തോറും നാം അത്മാവില്‍ സന്തോഷിക്കുന്നവരും ലൗകീകതയെ വെടിയുന്നവരും, നിത്യപ്രകാശത്തിലേക്കുള്ള വഴിയേ നിരന്തരം നടക്കുന്നവരുമായി മാറും.

''നിങ്ങള്‍ ലോകത്തെ നോക്കി പുഞ്ചിരിക്കുക അപ്പോള്‍, ലോകം നിങ്ങളെ നോക്കി പുഞ്ചിരിക്കും''ചിരിക്കാം നമുക്ക് യേശുവിനെപ്പോലെ …കാരണം അത് നമ്മുടെ തന്നെ രക്ഷയുടെ അടയാളമത്രേ …

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82591