നിന്റെ ബലമുള്ള കോട്ടയെ എന്റെ ഭവനത്തിന്‍മേല്‍ നീ ഉറപ്പിക്കണമേ
പ്രിന്‍സി ജോജി

ജീവിതത്തിലെ ഒട്ടു മിക്ക കാര്യങ്ങളും ഭയത്തോടെയാണ് ഞാന്‍ വീക്ഷിച്ചിരുന്നത്. എന്തെങ്കിലും അനര്‍ത്ഥം സംഭവിക്കുമോ? അങ്ങനെയെങ്കില്‍ മറ്റുള്ളവര്‍ പരിഹസിക്കുമല്ലോ! അങ്ങനെയങ്ങനെ ഒത്തിരി ആശങ്കകള്‍. കുഞ്ഞുമക്കളുമായി വീട്ടില്‍ കഴിയുമ്പോള്‍ എന്തെങ്കിലും ശബ്ദം പുറത്തുനിന്നു കേട്ടാല്‍ പിന്നെ ഞാന്‍ പേടിച്ചു മിണ്ടാതെയിരിക്കും. മക്കളുടെ മുന്‍പില്‍ ഞാന്‍ ധൈര്യശാലിയായി അഭിനയിക്കുകയും ചെയ്യും. ആ സമയത്തൊക്കെ എന്റെ മനസ്സില്‍ പ്രാര്‍ത്ഥനകളുണ്ടെങ്കിലും എന്റെ ഭയം ദിനംതോറും ഇരട്ടിക്കുവാന്‍ തുടങ്ങി.

മനസ്സിന്റെ ആകുലതകളേറിയതിനാല്‍ ദുഃസ്വപ്നങ്ങളും കാണുവാന്‍ തുടങ്ങി. അങ്ങനെയെനിക്ക് ഞാനിരിക്കുന്ന മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങുവാനുള്ള ധൈര്യം പോലും ഇല്ലാതായി. എന്റെ ഈ അവസ്ഥ ഭര്‍ത്താവുമായി പങ്കുവച്ചു; അതേത്തുടര്‍ന്ന് ഞങ്ങള്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുവാനാരംഭിച്ചു. സങ്കീര്‍ത്തനങ്ങള്‍ ഉരുവിട്ടുകൊണ്ട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു വചനം എന്നെ കൂടുതല്‍ സ്പര്‍ശിക്കുന്നതായി എനിക്കനുഭവപ്പെട്ടു. 'നിന്റെ കാല്‍ വഴുതാന്‍ അവിടുന്നു സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല. ഇസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയില്ല; ഉറങ്ങുകയുമില്ല' (സങ്കീ. 121:3-4).

എന്റെ മനസ്സിലേക്ക് ഒരു കോട്ടയുടെ ചിത്രം ഓടിയെത്തി. മോള്‍ക്ക് സ്‌കൂളില്‍ കൊണ്ടുപോകുവാനായി ഒരു കോട്ടയുടെ മോഡല്‍ ഉണ്ടാക്കിയിരുന്നു. ആ സമയത്ത് ഒരു കോട്ടയുടെ പ്രത്യേകതകള്‍ ഞാന്‍ മനസ്സില്‍ കാണുകയും ചെയ്തിരുന്നു. ചുറ്റും വളരെ ശക്തമായ മതിലും ഒരു ഉയര്‍ന്ന ഗോപുരവും അതിനുള്ളില്‍ ഉറങ്ങാതെ കാവല്‍ നില്‍ക്കുന്ന കാവല്‍ക്കാരും. വീണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ചെറുപ്പകാലത്ത് ഞാന്‍ കേട്ടിട്ടുള്ള ഒരു പ്രാര്‍ത്ഥന എന്റെ ഓര്‍മ്മയിലെത്തി 'നിന്റെ ബലമുള്ള കോട്ടയെ എന്റെ ഭവനത്തിന്മേല്‍ നീ ഉറപ്പിക്കണമേ'

ഈ സമയത്താണ് ആ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം എനിക്ക് മനസ്സിലായിക്കിട്ടിയത്. എന്റെ ഭവനത്തില്‍ ദൈവത്തിന്റെ ബലമുള്ള കോട്ടയെ ഉറപ്പിച്ചിരിക്കുന്നതും, ഉറങ്ങാതെ കാവലായി നില്‍ക്കുന്ന ദൈവത്തെയും വിശ്വാസക്കണ്ണുകൊണ്ട് ഞാന്‍ കണ്ടു.

ഓഫീസിലേക്കും, സ്‌കൂളിലേക്കും വീട്ടില്‍നിന്നു പുറപ്പെടുന്നവരുടെമേല്‍ ഈ കോട്ട സ്ഥാപിക്കപ്പെടുവാന്‍ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി; അങ്ങനെ അവരെക്കുറിച്ചുള്ള ആശങ്കയും നീങ്ങി. 'തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് അവിടുന്ന് സമീപസ്ഥനാണ്' (സങ്കീ. 145:18). തന്റെ സംരക്ഷണത്തെക്കുറിച്ചും സാന്നിധ്യത്തെക്കുറിച്ചും ബോധ്യം നല്‍കി എന്നെ ധൈര്യവതിയാക്കിയ ദൈവം എന്നുമെന്നേയ്ക്കും വാഴ്ത്തപ്പെട്ടവനാകട്ടെ.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137115