ഓട്ടക്കലത്തിന്റെ കഥ
സന്തോഷ് കെ ജോസഫ്

ആധുനിക ജലവിതരണ പദ്ധതികളൊന്നും ഇല്ലാത്ത ഒരു ഗ്രാമപ്രദേശം. സമീപത്തുള്ള കുളത്തില്‍ നിന്നാണ് ഗ്രാമീണര്‍ വെള്ളം കൊണ്ടു പോകുന്നത്. ആ ഗ്രാമത്തിലെ ഗ്രാമത്തലവന്റെ വീട്ടിലേക്ക് ഒരു ഭൃത്യന്‍ നിത്യവും മുളങ്കമ്പിന്റെ രണ്ടറ്റത്തും രണ്ട് കലങ്ങള്‍ തൂക്കി അതില്‍ വെള്ളം കൊണ്ടു പോകും. മുളങ്കമ്പു തോളില്‍ വിലങ്ങനെവച്ചാണ് യാത്ര.

ഇതില്‍ ഒരുകലത്തിന് ചെറിയ ഓട്ടയുണ്ടായിരുന്നു. വെള്ളവുമായി ഭൃത്യന്‍ യജമാനന്റെ വീട്ടിലെത്തുമ്പോഴേക്കും ഓട്ടക്കലത്തില്‍ വെള്ളം പകുതിയാകും. മുഴുവന്‍ വെള്ളവും വീട്ടിലെത്തിക്കാന്‍ കഴിഞ്ഞ കലത്തിന് അഭിമാനവും, തന്റെ കഴിവില്‍ പ്രശംസയും, ആത്മസംതൃപ്തി യും, അഹന്തയും തോന്നി. അപ്പോള്‍ ഓട്ടക്കലത്തിന് ലജ്ജയും അതിലേറെ സങ്കടവും തോന്നി. തന്നെപ്പറ്റി പ്രതീക്ഷിച്ചതിന്റെ പകുതി മാത്രമേ തനിക്ക് നിറവേറ്റാന്‍ കഴിഞ്ഞുള്ളല്ലോ എന്ന സങ്കടവും, തന്റെ കൂട്ടുകാരന്റെ മുമ്പില്‍ സ്വയം ചെറുതാകുന്നതുപോലെയുള്ള തോന്നലും.

ഒരു ദിവസം സങ്കടത്തോടെ ഓട്ടക്കലം തന്നെ ചുമക്കുന്ന ഭൃത്യനോട് പറഞ്ഞു; എനിക്ക് വിഷമം തോന്നുന്നു. ഞാന്‍ താങ്കളോട് ക്ഷമ ചോദിക്കുന്നു. കാരണം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്റെ ഒരു വശത്തുള്ള ഓട്ടയില്‍ക്കൂടി വെള്ളം ചോര്‍ന്നു പോവുകയാണ്. താങ്കളുടെ അദ്ധ്വാനത്തിനും, ക്ലേശത്തിനും കുറവൊന്നുമില്ലെങ്കിലും പകുതി വെള്ളം മാത്രമേ എനിക്ക് താങ്കളുടെ യജമാനന്റെ വീട്ടിലെത്തിക്കാന്‍ സാധിക്കുകയുള്ളൂ.

നിരാശനായ ഓട്ടക്കലത്തിനോട് ഭൃത്യന്‍ പറഞ്ഞു; ഇന്ന് നമ്മള്‍ യജമാനന്റെ ഗൃഹത്തിലേക്ക് പോകുമ്പോള്‍ വഴിയോരത്ത് വിടര്‍ന്ന് നില്‍ക്കുന്ന പൂക്കള്‍ നീ കാണണം. യജമാനഗൃഹത്തിലേക്ക് പോകുമ്പോള്‍ വഴിയുടെ ഒരു വശത്ത് മാത്രമായി സൂര്യപ്രകാശത്തില്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന പൂക്കള്‍ ഭൃത്യന്‍ ഓട്ടക്കലത്തിന് കാണിച്ചു കൊടുത്തു. ഭൃത്യന്‍ പറഞ്ഞു; എനിക്ക് നിന്റെ വൈകല്യം അറിയാവുന്നതുകൊണ്ട് നിന്റെ വശത്തു മാത്രം പൂച്ചെടിയുടെ വിത്തുകള്‍ ഞാന്‍ പാകിയിരുന്നു. ഓരോ ദിവസവും നീ അതിനെ നനച്ചിരുന്നു. ഈ പൂക്കള്‍ ആണ് ഞാന്‍ നിത്യവും ശേഖരിച്ച് യജമാനന്റെ മേശയെ അലങ്കരിക്കുവാന്‍ ഉപയോഗിച്ചത്. നിനക്ക് നിന്റെ വൈകല്യം ഇല്ലായിരുന്നു വെങ്കില്‍ യജമാനന്റെ ഭവനം പുഷ്പങ്ങളാല്‍ അലങ്കരിക്കുവാന്‍ എനിക്ക് കഴിയില്ലായിരുന്നു. ഓട്ടക്കലത്തിന് ആശ്വാസവും, ആനന്ദ വും തോന്നി.

ഈ കഥ ചില ആത്മീയസത്യങ്ങള്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു,

ഓരോരുത്തര്‍ക്കും കഴിവുകള്‍ വ്യത്യസ്ത ങ്ങളായിരിക്കും. എല്ലാവരെയും ഒരേ വിധത്തിലല്ല ദൈവം സൃഷ്ടിച്ചിരിക്കുന്നത്. നമുക്കുള്ള കഴിവുകളെപ്പറ്റി അഹങ്കരിക്കാതെയും, മറ്റുള്ളവരുടെ കുറവുകളെ പുച്ഛിക്കാതെയും കഴിയുക.

നമുക്ക് ചില വൈകല്യങ്ങള്‍ ഉണ്ടായേക്കാം, അവ നമ്മുടെ കുറ്റം കൊണ്ടാവണമെന്നില്ല, അതിനെയോര്‍ത്ത് നിരാശരാകാതെയിരിക്കുക. അടിയുറച്ച ദൈവവിശ്വാസം കൊണ്ടും, നിരന്തരമായ പ്രാര്‍ത്ഥനകൊണ്ടും തീര്‍ച്ചയായും അതെല്ലാം പരിഹരിക്കപ്പെടും.

നാമറിയാതെ പ്രതീക്ഷിക്കാത്ത പലവിധത്തിലും ദൈവം നമ്മെ പ്രയോജനപ്പെടുത്തുന്നുണ്ടാവും. അതിനായി പ്രാര്‍ത്ഥനയോടെ മനസ്സും ശരീരവും സമര്‍പ്പിക്കുകയാണ് വേണ്ടത്; യേശുക്രിസ്തു പറഞ്ഞതുപോലെ 'തള്ളിക്കളഞ്ഞ കല്ല് ് ഭവനത്തിന്റെ മൂലക്കല്ലാകും'(മത്താ. 21:42).

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109957