ഉപ്പ് ആയിത്തീരുക
ബോബിനാ ബേബി

നിത്യോപയോഗ വസ്തുക്കളില്‍ ഏറ്റവും നിസ്സാരമെന്നു തോന്നുന്നതും, എന്നാല്‍ അത്യാവശ്യം വേണ്ടതുമായ ഒന്നാണല്ലോ ഉപ്പ്. 'ഉപ്പുതൊട്ട് കര്‍പ്പൂരം വരെ', 'ഉപ്പോളം വരുമോ ഉപ്പിലിട്ടത്', 'ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും' തുട ങ്ങി പഴഞ്ചൊല്ലുകളും സുലഭം. ആഹാരത്തില്‍ ഉപ്പ് കൂടിയതിനും കുറഞ്ഞതിനും അമ്മയോടും ഭാര്യയോടും കയര്‍ക്കാത്തവരും വിരളം.

വി.മത്തായിയുടെ സുവിശേഷം 5:13-ല്‍ തന്റെ ഗിരിപ്രഭാഷണവേളയില്‍ യേശു തമ്പുരാന്‍ ഇപ്രകാരം ആഹ്വാനം ചെയ്യുന്നു. 'നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്. ഉറ കെട്ടുപോയാല്‍ ഉപ്പിന് എങ്ങനെ ഉറ കൂട്ടും, പുറത്തേക്ക് വലിച്ചെറിഞ്ഞ് മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതു കൊള്ളുകയില്ല.'എന്തൊക്കെയാണ് ഉപ്പിന്റെ പ്രയോജനങ്ങളെന്നു ചിന്തിക്കാം.

1.സ്വയം അലിയുക
ഉപ്പ് സ്വയമേ അലിഞ്ഞു മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടുന്നതുപോലെ ഒരു ക്രിസ്ത്യാനി തന്റെ സഹജീവികള്‍ക്കു വേണ്ടി ത്യാഗങ്ങളും, സഹനങ്ങളും ഏറ്റെടുക്കുന്നവരാകണം. സ്‌നാപകയോഹന്നാന്‍ പറഞ്ഞതുപോലെ, 'ഞാനോ കുറയേ ണം, അവനോ വളരേണം' എന്ന മനോഭാവം വളര്‍ത്തിയെടുക്കാന്‍ നാം പരിശ്രമിക്കണം. കുടുംബത്തിന്റേയും, സമൂഹത്തിന്റേയും പുരോഗതിക്കായി കൊച്ചു കൊച്ചു സഹനങ്ങള്‍ ഏറ്റെടുക്കുമ്പോഴാണ് ഉപ്പിന്റെ അനുഭവത്തിലേക്ക് കടന്നുവരുവാന്‍ നമുക്ക് സാധിക്കുക. 'സ്‌നേഹിതനുവേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല' (യോഹ. 15:13) എന്ന് അരുളിച്ചെയ്യുക യും സ്വയം മാതൃകയാവുകയും ചെയ്ത ക്രിസ്തുവിന്റെ കുരിശെടുക്കുമ്പോഴാണ്  ഉപ്പായിത്തീരുന്നത് എന്നത് നാം വിസ്മരിച്ചുകൂടാ.

2.രുചി പകരുക
ആഹാരത്തിനു രുചി കൂട്ടുവാന്‍ ഉപ്പ് ഉപയോഗിക്കുന്നതുപോലെ ചുറ്റുമുള്ളവരിലേക്ക് സന്തോഷത്തിന്റേയും സംതൃപ്തിയുടേയും രുചി പകരാന്‍ നമുക്ക് സാധിക്കണം.

3.കേടുവരാതെ സൂക്ഷിക്കുക
മാങ്ങയും നാരങ്ങയുമെല്ലാം ഉപ്പിലിട്ട് കേടുവരാതെ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍. ഇതുപോലെ നമ്മോടു ചേര്‍ന്നു നില്‍ക്കുന്നവരെ പൊതി ഞ്ഞു സൂക്ഷിക്കുകയും പാപത്തിന്റെ പൂപ്പല്‍ ബാധയേല്‍ക്കാതെ സംരക്ഷിക്കുകയും ചെ യ്യേണ്ടത് ഓരോ ക്രൈസ്തവന്റെയും കടമയാണ്. പ്രത്യേകിച്ചും നവമാധ്യമങ്ങളുടെയും മൂല്യച്യുതിയുടെയും സമകാലീന സമൂഹത്തില്‍ പുതിയ തലമുറയെ ക്രിസ്തുവിനായി ഒരുക്കി ഭാവിയിലേക്ക് കരുതിവയ്‌ക്കേണ്ടത് നാമോരുരുത്തരും ഉപ്പായിത്തീരേണ്ടതിന്റെ ആവശ്യം അധികരിപ്പിക്കുന്നു.

4.മുറിവ് ഉണക്കുക
പണ്ട് കാലങ്ങളില്‍ മുറിവുകളില്‍ അണുബാധ ഒഴിവാക്കാനും പെട്ടെന്നു ഉണങ്ങാനും ഉപ്പ് പുരട്ടാറുണ്ടായിരുന്നു. അതുപോലെ ബന്ധങ്ങളിലും സൗഹൃദങ്ങളിലും ഉണ്ടാകുന്ന മുറിവുകളെ പഴുപ്പിച്ച് വഷളാക്കാതെ സൗഖ്യത്തിന്റെ, ആശ്വാസത്തിന്റെ ഉപ്പു പുരട്ടുന്നവരായി മാറാന്‍ നമുക്കു കഴിയണം. നല്ല സമരിയാക്കാരനായി മാറാന്‍, നമ്മുടെ വാക്കുകള്‍ തകര്‍ന്ന മനസ്സിനു തലോടലായും,  നമ്മുടെ പ്രവൃത്തികള്‍ തളര്‍ന്ന ആത്മാവിനു സ്വാന്ത്വനമായും മാറാന്‍ സാധിക്കണം.'അദ്ധ്വാനിക്കുന്നോര്‍ക്കും ഭാരം ചുമപ്പോര്‍ ക്കും, ആശ്വാസം നല്‍കിയ ഈശോയുടെ പാത നാമും പിന്തുടരേണ്ടതുണ്ട്.

5.വിഷവിമുക്തരാകുക
പാപക്കറ പുരണ്ടവരെ അകറ്റിനിര്‍ത്താതെ നാമാകുന്ന ഉപ്പിന്റെ പ്രാര്‍ത്ഥനയാലും, പ്രേരണയാലും അനുതാപത്തിന്റെ അനുഭവത്തിലേക്ക് അവരേയും കൊണ്ടുവരാന്‍ നമുക്ക് സാധിക്കണം.

6.മിതമാവുക
ഉപ്പ് കൂടിയാലും കുറഞ്ഞാലും കുഴപ്പമാകുന്നതുപോലെ സംസാരത്തിലും, ആഹാരത്തിലും, സമ്പത്തിന്റെ ഉപയോഗത്തിലും മിതവ്യയം ശീലമാക്കുക. ഊഷ്മളമായ സംഭാഷണങ്ങളും, ലാളിത്യമാര്‍ന്ന പെരുമാറ്റവും, ഉയര്‍ന്ന ചിന്തകളും ഉപ്പിന്റെ അനുഭവത്തിലേക്ക് നമ്മെ എത്തിക്കും.

7.ശുദ്ധീകരണം പ്രാപിക്കുക
കടല്‍വെള്ളം വറ്റിച്ച് അനവധി ശുദ്ധീകരണപ്രക്രിയയിലൂടെ  ഉപ്പ് ആയി മാറുന്നതുപോലെ, പ്രതികൂല സാഹചര്യങ്ങളുടെ കൊടുംചൂടില്‍  വറ്റിച്ചു ഉലയില്‍ ഏഴുപ്രാവശ്യം ഉരുക്കി മേല്‍ത്തരം തങ്കക്കട്ടിയാക്കാനുള്ള തമ്പുരാന്റെ പരിശ്രമങ്ങള്‍ക്ക് സ്വയം ഏല്‍പ്പിച്ചുകൊടുക്കുക.

മറ്റുള്ളവര്‍ ചവിട്ടിക്കളയാത്ത ഉറകെട്ടുപോകാത്ത ഉപ്പ് ആയി മാറുക.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109834